ക്രിപ്‌റ്റോ കൈമാറ്റം; പേയ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ ഫേസ്ബുക്ക് കമ്പനി മെറ്റ

മെറ്റാവേഴ്‌സ് അധിഷ്ടിതമായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം, ഇ-കൊമേഴ്‌സ് സേവനം ഉള്‍പ്പടെയുള്ളവ കമ്പനി അവതരിപ്പിച്ചേക്കും

Update:2022-05-21 11:45 IST

ക്രിപ്‌റ്റോ കൈമാറ്റം ഉള്‍പ്പടെ പിന്തുണയ്ക്കുന്ന പുതിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനം മെറ്റ. ഡിജിറ്റല്‍, ബ്ലോക്ക്‌ചെയിന്‍ ആസ്തികള്‍ കൈമാറാനുള്ള പ്ലാറ്റ്‌ഫോം ആവും മെറ്റ അവതരിപ്പിക്കുക. മെറ്റ പേ എന്ന പേരിനായി യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ കമ്പനി അപേക്ഷ നല്‍കി.

എന്നാല്‍ മെറ്റ പേയെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. അതേ സമയം മെറ്റ പേ ഉള്‍പ്പടെ അഞ്ച് ട്രേഡ്മാര്‍ക്ക് ആപ്ലിക്കേഷനുകള്‍ മെറ്റ ഫയല്‍ ചെയ്തതായി ട്രേഡ്മാര്‍ക്ക് അറ്റോര്‍ണി ജോഷ് ഗെര്‍ബന്‍ ട്വീറ്റ് ചെയ്തു. ഡിജിറ്റല്‍ ടോക്കണ്‍സ്, യൂട്ടിലിറ്റി ടോക്കണ്‍സ്,ഡിജിറ്റല്‍ കറന്‍സി, ക്രിപ്‌റ്റോ കറന്‍സി, ഡിജിറ്റല്‍-ബ്ലോക്ക്‌ചെയിന്‍ ആസ്തികള്‍ തുടങ്ങിയവയുടെ കൈമാറ്റ സേവനങ്ങള്‍ നല്‍കുന്നതാവും മെറ്റ പേ എന്നാണ് ജോഷ് ഗെര്‍ബന്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നത്.

മെറ്റാവേഴ്‌സ് അധിഷ്ടിതമായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം, ഇ-കൊമേഴ്‌സ് സേവനം ഉള്‍പ്പടെയുള്ളവ കമ്പനി അവതരിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. സക്ക്‌സ് ബക്ക്‌സ് എന്ന പേരില്‍ ഒരു ഡിജിറ്റല്‍ കറന്‍സിയും മെറ്റ വികസിപ്പിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ എന്‍എഫ്ടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൊണ്ടുവരുമെന്ന് ഈ മാസം ആദ്യം മെറ്റ അറിയിച്ചിരുന്നു.

Tags:    

Similar News