ട്വിറ്ററിന് പുതിയ സി.ഇ.ഒ; ഇലോണ്‍ മസ്‌കിന് ഇനി മറ്റൊരു റോള്‍

പുതിയ സി.ഇ.ഒ ലിന്‍ഡ യാക്കറിനോ എന്ന് സൂചന

Update: 2023-05-12 05:21 GMT

Image:dhanam file

ട്വിറ്ററിന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സി.ഇ.ഒ) കണ്ടെത്തിയതായി ഇലോണ്‍ മസ്‌ക്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ട്വിറ്ററിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ആൻഡ് ചീഫ് ടെക്നോളജി ഓഫീസറുടെ (സി.ടി.ഒ) റോളിലേക്ക് താന്‍ മാറുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിനായി ഒരു പുതിയ സി.ഇ.ഒയെ നിയമിച്ചതായും 6 ആഴ്ചയ്ക്കുള്ളില്‍ ചുമതലയേല്‍ക്കുമെന്നും മസ്‌ക് ട്വീറ്റില്‍ പറഞ്ഞു.

ലിന്‍ഡ യാക്കറിനോയോ?

എന്‍.ബി.സി യൂണിവേഴ്‌സല്‍ മേധാവി ലിന്‍ഡ യാക്കറിനോ ആണ് പുതിയ സി.ഇ.ഒ എന്ന് സൂചനയുണ്ട്. അതേസമയം, വാര്‍ത്തകളോട് യാക്കറിനോ ഇതുവരെ പ്രതികരിച്ചില്ല. ട്വിറ്റര്‍ വോട്ടെടുപ്പില്‍ 57.5 ശതമാനം ഉപയോക്താക്കള്‍ ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനം ഇലോണ്‍ മസ്‌ക് ഒഴിയണമെന്നതിനെ അനുകൂലിച്ചിരുന്നു. ജോലി ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ സി.ഇ.ഒ സ്ഥാനം ഒഴിയുമെന്ന് അന്ന് മസ്‌ക് പറഞ്ഞിരുന്നു.

ട്വിറ്ററിനെ അടിമുടി മാറ്റി

2022 ഒക്ടോബറിലാണ് ഇലോണ്‍ മസ്‌ക് 4,400 കോടി യു.എസ് ഡോളര്‍ (36 ലക്ഷം കോടി രൂപ) മുടക്കി ട്വിറ്റര്‍ വാങ്ങിയത്. ആദ്യ രണ്ടാഴ്ചയ്ക്കകം തന്നെ നിരവധി മാറ്റങ്ങള്‍ നടപ്പാക്കി. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗര്‍വാളിനെ പുറത്താക്കിയ മസ്‌ക്, സി.ഇ.ഒ സ്ഥാനവും ഏറ്റെടുത്തു. പകുതിയോളം ജീവനക്കാരെയും പിരിച്ചുവിട്ടു.

Tags:    

Similar News