ഉല്‍പ്പന്നം വാങ്ങുന്ന ചാറ്റിലൂടെ തന്നെ പണമയക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ്ബാങ്കിംഗ് എന്നിവ ഉപയോഗിച്ചും ബിസിനസ് അക്കൗണ്ടുകള്‍ വഴിയുള്ള സേവനങ്ങള്‍ക്ക് പണമിടപാട് നടത്താം

Update: 2023-09-21 09:15 GMT

Image : @Canva

വാട്സാപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള തുക വാട്സാപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി മെറ്റ. ഇനി മുതല്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് വഴി ഇത്തരം പണമിടപാട് നടത്താനാവും. അതായത് ഇനി ഉല്‍പ്പന്നം വാങ്ങുന്ന ചാറ്റിലൂടെ തന്നെ പണമയക്കാം. ആപ്പില്‍ വ്യക്തിഗത പണമിടപാട് സംവിധാനം നേരത്തെ തന്നെ നടപ്പാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റ ഇപ്പോള്‍ ബിസിനസ് അക്കൗണ്ടുകള്‍ വഴി പണമിടപാട് സംവിധാനം ആരംഭിച്ചത്.

വിവിധ രീതിയില്‍ പണമിടപാട്

പുതിയ അപ്‌ഡേറ്റില്‍ പേയു, റേസര്‍ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ്ബാങ്കിംഗ് എന്നിവ ഉപയോഗിച്ചും ബിസിനസ് അക്കൗണ്ടുകള്‍ വഴിയുള്ള സേവനങ്ങള്‍ക്ക് പണമിടപാട് നടത്താനുള്ള സൗകര്യവും വാട്സാപ്പ് ഒരുക്കിയിട്ടുണ്ട്. പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് വഴി ഇന്ത്യന്‍ വാണിജ്യ സ്ഥാപനങ്ങളുമായി എളുപ്പം പണമിടപാട് നടത്താനാവുമെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

ഇത് വാട്സാപ്പ് ഉപയോഗിച്ച് വില്‍പ്പന നടത്തുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഏറെ ഗുണം  ചെയ്യും. വാട്സാപ്പ് 'ഫ്‌ളോസ്' എന്ന പുതിയ സംവിധാനത്തിലൂടെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ആവശ്യാനുസരണം ചാറ്റുകള്‍ കസ്റ്റമൈസ് ചെയ്യാനാവും.

മെറ്റ വെരിഫൈഡ് അക്കൗണ്ട്

വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനായി വാണിജ്യ സ്ഥാപനങ്ങളുടെ വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് മെറ്റ വെരിഫൈഡ് അക്കൗണ്ട് നല്‍കും. ഇതിന്റെ ഭാഗമായി വാട്ട്സ്ആപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിട ബിസിനസുകളില്‍ മെറ്റാ വെരിഫൈഡ് പൈലറ്റ് അടിസ്ഥാനത്തില്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. യു.എസ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പരീക്ഷിച്ചതിന് ശേഷം ജൂണില്‍ മെറ്റാ വെരിഫൈഡ് പ്രോഗ്രാം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി നടപ്പാക്കിയിരുന്നു.  


Tags:    

Similar News