Tech

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ടിക് ടോക്ക്‌

2000 ഓളം ജീവനക്കാരാണ് ടിക് ടോക്കിന് ഇന്ത്യയിലുള്ളത്

Dhanam News Desk

തുടര്‍ച്ചയായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ ഇന്ത്യയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി ടിക് ടോക്ക്, ഹെലോ ആപ്ലിക്കേഷനുകളുടെ ഉടമയായ ബൈറ്റെഡന്‍സ്. കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറെ ജനപ്രിയമായിരുന്ന ടിക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ക്ക് 2020 ജൂണ്‍ 29 നാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു നടപടി.

ടീം വലുപ്പം കുറയ്ക്കുകയാണെന്നും തീരുമാനം ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും ബാധിക്കുമെന്നും ടിക് ടോക്കിന്റെ ആഗോള മേധാവി വനേസ പപ്പാസും ആഗോള ബിസിനസ് സൊല്യൂഷനുകളുടെ വൈസ് പ്രസിഡന്റുമായ ബ്ലെയ്ക്ക് ചാന്‍ഡ്‌ലിയും ജീവനക്കാരെ ഇ മെയില്‍ വഴി അറിയിച്ചിട്ടുണ്ട്. കമ്പനി ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് അനിശ്ചിതത്വം പ്രകടിപ്പിച്ചെങ്കിലും വരും കാലത്ത് കഴിയുമെന്നുള്ള പ്രത്യാശയിലാണ്.

ഇന്ത്യയില്‍ ഞങ്ങള്‍ എപ്പോള്‍ തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലെങ്കിലും, ഞങ്ങളുടെ ഊര്‍ജ്ജസ്വലതയില്‍ ആത്മവിശ്വാസമുണ്ട്, വരും കാലങ്ങളില്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നു,'' കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലില്‍ വ്യക്തമാക്കി. 2000 ഓളം ജീവനക്കാരാണ് ടിക് ടോക്കിന് ഇന്ത്യയിലുള്ളത്.

നേരത്തെ ചൈനീസ് ആപ്പുകള്‍ക്ക് ഇടക്കാല നിരോധനമേര്‍പ്പെര്‍പ്പെടുത്തിയിരുന്നെങ്കിലും ചര്‍ച്ചകളിലൂടെ തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സ്ഥിരമായി ആപ്പ് നിരോധിക്കാനുള്ള അറിയിപ്പ് വന്നതോടെ പ്രതീക്ഷ മങ്ങി. ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ജീവനക്കാര്‍ക്ക് മറ്റ് ജോലികളും ശമ്പളവും കമ്പനി നല്‍കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT