Tech

പരാഗ് അഗര്‍വാളിന്റെ സ്ഥാനം തെറിച്ചേക്കും; ട്വിറ്ററിന് പുതിയ സിഇഒ

2021 നവംബറിലാണ് പരാഗ് അഗര്‍വാള്‍ ട്വിറ്റര്‍ സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്.

Dhanam News Desk

ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ നേതൃത്വം ഏറ്റെടുക്കുന്നതോടെ സ്ഥാപനത്തിന്റെ ഇന്ത്യന്‍ സിഇഒ പരാഗ് അഗര്‍വാളിന്റെ സ്ഥാനം തെറിച്ചേക്കും. ട്വിറ്ററിന് മസ്‌ക് പുതിയ സിഇഒയെ കണ്ടെത്തിയേക്കുമെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ആയിരുന്ന പരാഗ് അഗര്‍വാള്‍ 2021 നവംബറിലാണ് സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്.

ഗവേഷണ സ്ഥാപനമായ ഇക്വിലാര്‍ പറയുന്നതനുസരിച്ച്, മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ പുറത്താക്കപ്പെട്ടാല്‍ പരാഗ് അഗര്‍വാളിന് 42 മില്യണ്‍ ഡോളറോളം ലഭിക്കും. 2021ല്‍ 30.4 മില്യണ്‍ ഡോളറായിരുന്നു പരാഗ് അഗര്‍വാളിന്റെ ശമ്പളം. ട്വിറ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ശമ്പളം നല്‍കുന്നത് അവസാനിപ്പിച്ചാല്‍ 3 മില്യണ്‍ ഡോളര്‍ ലാഭിക്കാമെന്ന് മസ്‌ക് നേരത്തെ വിലയിരുത്തിയിരുന്നു.

വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ട്വിറ്റര്‍ ജീവനക്കാരുടെ എണ്ണവും മസ്‌ക് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 44 ബില്യണ്‍ ഡോളറിനാണ് ട്വിറ്ററിനെ മസ്‌ക് ഏറ്റെടുക്കുന്നത്. പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ട്വിറ്ററിന്റെയും ടെസ്‌ലയുടെയും ഓഹരികള്‍ വെച്ച് 25.5 ബില്യണ്‍ ഡോളറിന്റെ വായ്പയാണ് മസ്‌ക് നേടിയത്. കൂടാതെ ടെസ്‌ലയുടെ 8.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികിളും മസ്‌ക് വിറ്റിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT