നെറ്റ്ഫ്‌ളിക്‌സ് ഗെയ്മിംഗിലേക്ക് എപ്പോള്‍ എത്തും?

വീഡിയോ ഗെയ്മിംഗ് തുടക്കത്തില്‍ സൗജന്യമായേക്കും.

Update:2021-09-28 19:38 IST

നെറ്റ്ഫ്ളിക്സും പുതുമകളുമായി വിപണിയിലേക്കിറങ്ങാനൊരുങ്ങുകയാണ്. ഗെയ്മിംഗ് പ്ലാറ്റ്‌ഫോമിലേക്ക് നിരവധിപേരെ ആകര്‍ഷിക്കാനുള്ള പദ്ധതിയിലാണ് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. കോവിഡ് പ്രതിസന്ധിയില്‍ നിരവധി പുതിയ സബ്സ്‌ക്രൈബേഴ്സിനെ നഷ്ടമായ കമ്പനി വീഡിയോ ഗെയ്മിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന പദ്ധതി നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കമ്പനി സിഇഒ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടെഡ് സരാന്‍ഡോസ് ആണ് തങ്ങള്‍ ഏറെ ശ്രമകരമായ പദ്ധതിയുമായി മുന്നോട്ട് പോകുന്നവിവരം അറിയിച്ചത്. അതില്‍ ഏറെ പ്രതീക്ഷയാണ് കമ്പനിക്കുള്ളതെന്നും താന്‍ ഇക്കാര്യത്തില്‍ ഏറെ സന്തുഷ്ടനാണെന്നും സരാന്‍ഡോസ് പറഞ്ഞു. കാലിഫോര്‍ണിയയില്‍ നടന്ന കോഡ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം എന്നാണ് നെറ്റ്ഫ്ളിക്സിലേക്ക് വീഡിയോ ഗെയ്മിംഗ് കൂടെ ചേര്‍ക്കുക എന്നതിനെക്കുറിച്ച് ഉറപ്പു പറഞ്ഞിട്ടില്ലെങ്കിലും ഉടന്‍ തന്നെ സേവനം ലഭ്യമാക്കിയേക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നെറ്റ്ഫ്ളിക്സ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക് വളരെ കുറവെങ്കിലും വീഡിയോ ഗെയ്മിംഗ് മേഖലയിലുണ്ടായിട്ടുള്ള ഉണര്‍വിന്റെ അടിസ്ഥാനത്തിലാണ് കമ്പനി പുതിയ വിപുലീകരണവും ലക്ഷ്യമിട്ടിരിക്കുന്നത്.
തുടക്കത്തില്‍ സൗജന്യ സേവനവുമായിട്ടായിരിക്കും നെറ്റ്ഫ്ളിക്സും രംഗപ്രവേശം ചെയ്യുക. പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ അവസരങ്ങള്‍ കമ്പനിക്ക് ഏറെ പ്രയോജനം ചെയ്‌തേക്കും.


Tags:    

Similar News