ജോലികള്‍ എളുപ്പത്തിലാക്കാം, നിര്‍മിത ബുദ്ധിയിലൂടെ

നിങ്ങളുടെ ജോലികള്‍ കൂടുതല്‍ വേഗത്തിലാക്കാനുള്ള ഫ്രീമിയം വെബ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം

Update:2023-05-19 11:32 IST

Image : Canva

നിര്‍മിത ബുദ്ധിയെ ബിസിനസില്‍ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ഏകദേശം 70% ജോലികളും കൂടുതല്‍ ഫലപ്രദമാക്കി മാറ്റാം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്വന്തം ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉതകുന്ന തരത്തില്‍ ഇവ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.

നിര്‍മിത ബുദ്ധി (എഐ) ഏറെ പുരോഗതി കൈവരിക്കുന്ന ഈ കാലഘട്ടത്തില്‍ ഏതെങ്കിലും ഒരു ടൂള്‍ ലൈഫ് ടൈം സബ്സ്‌ക്രൈബ് ചെയ്യാതെ, ചുരുങ്ങിയ നാളുകളിലേക്കുള്ള പ്ലാനുകള്‍ എടുക്കുന്നതായിരിക്കും നല്ലത്. ഈ ലക്കത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രധാനപ്പെട്ട അഞ്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ കൂടി പരിചയപ്പെടാം.
ChatPDF
പഠന കാര്യത്തിലും ബിസിനസിലും വായനാ ശീലം അത്യാവശ്യമാണ്. ആഗോള തലത്തില്‍ വന്നുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ മനസിലാക്കാന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളും ലേഖനവും അനുഭവ കുറിപ്പുകളും വായിക്കേണ്ടത് അത്യാവശ്യമായി വരും. ചില ഡോക്യുമെന്റ് തന്നെ കൂടുതല്‍ പേജുണ്ടാകും.
അങ്ങനെയുള്ള സാഹചര്യങ്ങളില്‍, മുഴുവന്‍ ഡോക്യുമെന്റുകള്‍ വായിക്കാതെ തന്നെ അതിന്റെ ഉള്ളടക്കം മനസിലാക്കാനും പുസ്തകത്തിനോട് ചോദ്യങ്ങള്‍ ചോദിക്കാനും സഹായിക്കുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വെബ്സൈറ്റാണ് ചാറ്റ് പിഡിഎഫ് (chatPDF). വ്യത്യസ്ത ഡോക്യുമെന്റുകള്‍ കാര്യക്ഷമമായി വിശകലനം ചെയ്യാന്‍ ചാറ്റ് പിഡിഎഫ് നിങ്ങളെ സഹായിക്കും. സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ മുതല്‍ പ്രോജക്റ്റ്, ബിസിനസ് നിര്‍ദേശങ്ങള്‍, നിയമപരമായ കരാറുകള്‍ എന്നിവ വരെ വളരെ എളുപ്പത്തില്‍ മനസിലാക്കി എടുക്കാന്‍ ചാറ്റ് പിഡിഎഫ് നിങ്ങളെ സഹായിക്കും. ചാറ്റ് ജിപിടിയില്‍ നിന്നും വ്യത്യസ്തമായി നമ്മള്‍ അപ്‌ലോഡ് ചെയ്ത ഡാറ്റ ഉപയോഗിച്ച് മറുപടി നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ലിങ്ക് : https://chatpdf.com

ലൈസന്‍സ്: ഫ്രീമിയം
Videohighlight
വീഡിയോകള്‍ സംഗ്രഹിക്കുന്നതിനും അതില്‍ നിന്ന് ആവശ്യമായ കുറിപ്പുകള്‍ എടുക്കുന്നതിനുമുള്ള ഏറ്റവും വേഗതയേറിയ മാര്‍ഗമാണ് വീഡിയോ ഹൈലൈറ്റ്.
വീഡിയോ ഹൈലൈറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ പഠന/ഗവേഷണ സമയത്തില്‍ നിന്ന് മണിക്കൂറുകള്‍ ലാഭിക്കാന്‍ സഹായിക്കും. ഒരു വീഡിയോയുമായി സംവദിക്കുന്ന രീതിയില്‍ അതിന്റെ ഉള്ളടക്കം ട്രാന്‍സ്‌ക്രൈബ് ചെയ്യുന്നതിനും ആവശ്യമുള്ളത് മാത്രം എടുക്കാനും ഈ സോഫ്റ്റ് വെയര്‍ സഹായിക്കുന്നു. ഉപയോക്താവിന് ഏതൊരു വീഡിയോയുടെയും യുആര്‍എല്‍ (URL) ഇന്‍പുട്ട് ചെയ്ത് അതില്‍ നിന്നും പ്രധാന പോയ്ന്റുകള്‍ സംഗ്രഹിച്ചു അതൊരു പ്രസന്റേഷനാക്കി മാറ്റാന്‍ ഏറെ സഹായകരമാണ് വീഡിയോ ഹൈലൈറ്റ്.

ലിങ്ക് : https://videohighlight.com

ലൈസന്‍സ്: ഫ്രീമിയം
2ShortAI
സോഷ്യല്‍ മീഡിയയിലെല്ലാം ഇന്ന് ഷോര്‍ട്സ് ആണ് താരം. ഒരു വലിയ വീഡിയോയില്‍ നിന്നും നമ്മുടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഷോര്‍ട്സ് തയാറാക്കി എടുക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ജോലിയാണ്. ദൈര്‍ഘ്യം കൂടിയ വീഡിയോകളില്‍ നിന്നും നിഷ്പ്രയാസം ഷോര്‍ട്സ് തയാറാക്കാന്‍ നമ്മെ സഹായിക്കുന്ന എ.ഐ (നിര്‍മിത ബുദ്ധി) വെബ് ആപ്ലിക്കേഷനാണ് 2ShortAI. നിങ്ങളുടെ വീഡിയോകളുടെ ഏറ്റവും മികച്ച നിമിഷങ്ങള്‍ മനസിലാക്കി, അത് വളരെ എളുപ്പത്തില്‍ എക്‌സ്ട്രാക്റ്റ് ചെയ്ത് അവ കാഴ്ച്ചക്കാര്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റുന്ന ഈ ഒരു ടൂള്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ കൂടുതല്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
ലിങ്ക് : https://2short.ai
ലൈസന്‍സ്: ഫ്രീമിയം
STORK
ടീമുകള്‍ക്കുള്ള ചാറ്റ് ജിപിടി ഹൈബ്രിഡ്, റിമോട്ട് ടീമുകള്‍ക്കായുള്ള എ.ഐ അസിസ്റ്റഡ് വര്‍ക്ക് പ്ലാറ്റ്‌ഫോമാണ് STORK. റെക്കോര്‍ഡിംഗുകള്‍, കോളുകള്‍, വോയ്‌സ് നോട്ടുകള്‍, വീഡിയോ നോട്ടുകള്‍, സൗജന്യ ഓണ്‍ലൈന്‍ സ്‌ക്രീന്‍ റെക്കോര്‍ഡര്‍, ചാറ്റ് ജിപിടി അധിഷ്ഠിത എ.ഐ ആപ്ലിക്കേഷനുകളായ ചാറ്റ് ജിപിടി ലോയര്‍, ചാറ്റ് ജിപിടി മാര്‍ക്കറ്റര്‍, ചാറ്റ് ജിപിടി ഇമേജ് മേക്കര്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കി ആശയവിനിമയവും ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെടുത്താന്‍ ഇത് ടീമുകളെ സഹായിക്കുന്നു.
ടീം അംഗങ്ങള്‍ക്ക് ട്രാന്‍സ്‌ക്രിപ്ഷന്‍ പിന്നീട് വായിക്കാനും കഴിയും. കൂടാതെ അവര്‍ വ്യക്തിപരമായി പങ്കെടുത്തതും പബ്ലിക്കായതുമായ എല്ലാ മീഡിയ റെക്കോര്‍ഡുകളിലേക്കും ആക്‌സസ് ഉണ്ടായിരിക്കും. ടീം മീറ്റിംഗുകള്‍ തത്സമയം കാണാനും കേള്‍ക്കാനും പിന്നീട് റെക്കോര്‍ഡിംഗ് പ്ലേ ചെയ്യാനും ടീം അംഗങ്ങളെ പ്ലാറ്റ്ഫോം അനുവദിക്കുന്നു.
ലിങ്ക് : https://stork.ai
ലൈസന്‍സ്: ഫ്രീമിയം
ReRoom AI
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് അവരുടെ വീടുകളും ഓഫീസും ഡിസൈന്‍ ചെയ്യാന്‍ അനുവദിക്കുന്ന ഒരു എ.ഐ പവര്‍ ടൂള്‍ ആണ് റീറൂംഎഐ (
ReRoom AI
). ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിലൂടെയും വെബ് ആപ്ലിക്കേഷനില്‍ ലഭ്യമായ ഒരു ഡിസൈന്‍ തീം തിരഞ്ഞെടുക്കുന്നതിലൂടെയും ഉപയോക്താക്കള്‍ക്ക് അവരുടെ റൂം വളരെ എളുപ്പത്തില്‍ പുതിയ ഒരു ഡിസൈനിലേക്കു മാറ്റാന്‍ ഇതുവഴി സാധിക്കും. ഈ എഐ ടൂള്‍ ഇന്റീരിയര്‍ ഡിസൈനില്‍ താല്‍പ്പര്യമുള്ളവര്‍ക്കും വീടുകളും ഓഫീസുകളും റീഡിസൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളരെ ഉപകാരപ്രദമാണ്.
ലിങ്ക് :  https://reroom.ai/
ലൈസൻസ് : ഫ്രീമിയം

(This story was published in the 31st May 2023 issue of Dhanam Magazine)

Tags:    

Similar News