ദേശീയ ടൂറിസം ദിനം; മൂന്നാറിലെ തേയില നുള്ളാനും കുട്ടനാട്ടില്‍ ചൂണ്ടയിടാനും കേരളത്തിലേക്കെത്തി വിദേശികള്‍; തണുപ്പ് കാലത്ത് ചൂടുപിടിച്ച് ടൂറിസം മേഖല

ഗ്രാമങ്ങളെ അറിയാന്‍ കേരളത്തിലെ റിസോര്‍ട്ടുകളിലും ഹൗസ്‌ബോട്ടുകളിലും ലക്ഷ്വറി പാക്കേജുകള്‍

Update:2023-01-25 07:30 IST

Photos : CANVA

കേരളത്തിലേക്ക് ടൂറിസത്തിന്റെ വസന്തകാലം തിരിച്ചുവരികയാണോ? ഇവിടുത്തെ മലകളും പുഴകളും കായലുകളും വീണ്ടും സഞ്ചാരികളുടെ പറുദീസയാകുന്നു. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാത്രമല്ല ചെറു കച്ചവടക്കാര്‍ക്കും തിരക്കോട് തിരക്ക്. ചായക്കടകളില്‍ 'മീറ്റര്‍ ചായ'യടിക്കുന്ന രാമുച്ചേട്ടനും റിസോര്‍ട്ട് ആന്‍ഡ് സ്പാ നടത്തുന്നവമ്പന്‍ ബിസിനസുകാര്‍ക്കും ഒരുപോലെ ചൂടുപിടിച്ച ബിസിനസിന്റെ കാലമാണിത്. 

കോവിഡിന് ശേഷം ബിസിനസ് തിരികെ എത്തിയെങ്കിലും മേഖലയിലെ ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് അത്ര ലാഭകരമായ സമയം തിരികെ എത്തിയിരുന്നില്ല. ചില്ലറ കച്ചവടങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈനിലേക്ക് മാറുകയും നെറ്റ്ഫ്‌ളിക്‌സിലും ആമസോണ്‍ പ്രൈമിലും വീഡിയോ ഗെയിമിലുമൊക്കെ ഒതുങ്ങിക്കൂടിയ മനുഷ്യര്‍ അതില്‍ തന്നെ തന്നെയായി മുഴുവന്‍ സമയവും.  

ഉത്തരേന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമൊക്കെ സഞ്ചാരികളെ എതിരേല്‍ക്കാന്‍ കാത്തു നിന്ന റിസോര്‍ട്ടുകളുടെ കാര്യവും മറിച്ചായിരുന്നില്ല. കോവിഡ് പൂര്‍ണമായും വിട്ടുമാറാതെ യാത്രാ നിയന്ത്രണങ്ങള്‍ മാറ്റില്ലെന്ന് പല രാജ്യങ്ങളും പറഞ്ഞു. അതിര്‍ത്തികള്‍ പൂട്ടിയിട്ടു. ഇതോടെ ഇവിടുത്തെ റിസോര്‍ട്ടുകളില്‍ പുറത്തുനിന്ന് ആളുകളെത്താതെയായി. എല്ലാം പ്രാദേശക സഞ്ചാരികള്‍ എന്ന അവസ്ഥയായിരുന്നു കഴിഞ്ഞ ക്രിസ്മസ് വരെ. എന്നാല്‍ ഇപ്പോള്‍ കഥ മാറി, അതിര്‍ത്തികള്‍ തുറന്നിട്ടു. വിശാലമായ യാത്രയ്ക്കായി കോവിഡ് നിയന്ത്രണങ്ങളില്‍ എല്ലാ രാജ്യങ്ങളും അയവു വരുത്തി.
കൊളുന്ത് നുള്ളി...മീന്‍ പിടിച്ച്...
നിയന്ത്രണങ്ങള്‍ 90 ശതമാനവും ഇല്ലാതായപ്പോള്‍ മൂന്നാറിലെ തണുത്ത കാറ്റിനൊപ്പം കുട്ടനാട്ടിലെ കുടംപുളിയിട്ട കരിമീന്‍ കറിയുടെ മണവും അങ്ങ് വിദേശരാജ്യങ്ങളിലേക്കെത്തി.  കേരളത്തിലേക്ക് വീണ്ടും ബുക്കിംഗുകള്‍ നിറയുകയാണ്. കേരളത്തില്‍ മാത്രമല്ല. തെക്കേ ഇന്ത്യയില്‍ പൊങ്കലും ഉത്സവമേളങ്ങളും കൂടാന്‍ ധാരാളം പേരാണ് പറന്നിറങ്ങുന്നത്. ഉത്തരേന്ത്യയില്‍ നിന്നു മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം സഞ്ചാരികളെത്തുന്നു.
ഇതെഴുതുന്നതിനു തൊട്ടുമുമ്പ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ വെച്ച് പരിചയപ്പെട്ട ഇസ്രയേല്‍ സംഘത്തിലെ കെയ്റ്റ് വിന്‍സ്ലി എന്ന വനിത പറഞ്ഞത് ഇങ്ങനെയാണ്, '' ഇപ്പോഴാണ് എനിക്ക് ചിറകുകള്‍ ഉണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ഇന്ത്യയിലേക്ക്, ഇവിടേക്ക് പറന്നിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഈ സുന്ദര കാഴ്ചകള്‍ കാണാതെ മരിച്ചു പോകുമായിരുന്നല്ലോ ഞാന്‍'' നഷ്ടപ്പെട്ട കളിപ്പാട്ടമെന്തോ തിരികെ കിട്ടിയ കുട്ടികളുടെ മുഖമായിരുന്നു അവര്‍ക്ക്. മൂന്നാറിലേക്കാണ് അവരുടെ യാത്രയെന്ന് സംസാരത്തില്‍ നിന്നും വ്യക്തമായി. ചാണ്ടീസ് വിന്‍ഡീ വുഡ്‌സിലാണ് ( Chandys Windy Woods 5 Star Resort Munnar)അവര്‍ ബുക്ക് ചെയ്തിരിക്കുന്നത്.
മൂന്നാറിലെ ബ്ലാക്ക് ബെറി ഹില്‍സ് റിസോര്‍ട്ടിന്റെ(Blackberry Hills Munnar Nature Resort & Spa) ജനറല്‍ മാനേജര്‍ മദൻ കുമാർ വർമ്മ പറയുന്നത് 8000 മുതല്‍ 35,000 രൂപ വരെയുള്ള റൂമുകള്‍ക്ക് ആവശ്യക്കാരേറെയാണെന്നാണ്. വില്ലേജ് ടൂറിസം ആസ്വദിക്കാന്‍ കഴിയുമോ, ഗ്രാമങ്ങളിലും തേയിലത്തോട്ടങ്ങളിലും പോകാന്‍ കഴിയുമോ, ട്രെക്കിംഗിന് സാധ്യതയുണ്ടോ എന്നൊക്കെ അന്വേഷണങ്ങള്‍ വരുമ്പോഴും ലക്ഷ്വറി താമസത്തിനാണ് പലരും മുന്‍ഗണന നല്‍കുന്നത്.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ ചെലവുകുറവില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയിലേക്ക് നിരവധി പേര്‍ എത്തുന്ന സമയമാണിത്. കോവിഡിന് മുന്‍പുള്ള പാക്കേജുകളും തിരികെയെത്തിയിട്ടുണ്ട്.
മൂന്നാര്‍ പോലെ തന്നെ വയനാട്, ആലപ്പുഴ, വര്‍ക്കല എന്നിവിടങ്ങളിലും ധാരാളം ബുക്കിംഗുകള്‍ ലഭിക്കുന്നുണ്ടെന്നാണ് ആലോക് ട്രാവല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ആനന്ദ് വ്യക്തമാക്കുന്നത്. കേരളത്തിന് പുറത്ത് ഏറ്റവുമധികം പാക്കേജ് ബുക്കിംഗ് വരുന്ന ഇടങ്ങളില്‍ ആന്‍ഡമാന്‍, ല്ക്ഷ്വദ്വീപ് എന്നിവിടങ്ങളിലേക്കാണെന്നും അദ്ദേഹം പറയുന്നു.
ഏഴു സുന്ദര രാത്രികള്‍
ആലപ്പുഴയിലും കുമരകത്തും ഹൗസ്‌ബോട്ടുകള്‍ വീണ്ടും മുഖം മിനുക്കിയിട്ടുണ്ട്. അഞ്ചും ആറും എസി മുറികളും സ്വിമ്മിംഗ് പൂളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള ഹൗസ് ബോട്ടുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും അന്വേഷണങ്ങളുടെ പെരുമഴയാണ്. കായലില്‍ തന്നെ ഏഴു ദിവസം താമസിക്കുന്ന പാക്കേജുകള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണെന്ന് ഫാര്‍ ഹൊറൈസണ്‍ ടൂര്‍സിന്റെ രേണുക ദേവി പറയുന്നു. കേരളത്തിന്റെ സംസ്‌കാരം അറിഞ്ഞ് ആയുര്‍വേദത്തെ അറിഞ്ഞ് ഗ്രാമങ്ങളിലൂടെ ഒരു യാത്ര.
ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും കൊച്ചിയിലേക്കും പാക്കേജുകളുണ്ട്. രാത്രിയും പകലും താമസം ഹൗസ്‌ബോട്ടിലാണെങ്കിലും ഇടയ്ക്ക് വില്ലേജ് ടൂര്‍, വള്ള സദ്യ, ആറന്മുള സന്ദര്‍ശനം, കഥകളിയുള്‍പ്പെടുന്ന കലാരൂപങ്ങളുടെ ആസ്വാദനം, മീന്‍ പിടുത്തവും കായലിലൂടെ ചെറു വഞ്ചികളിലൂടെ യാത്ര തുടങ്ങി പലതും ഒരുക്കിയിട്ടുണ്ട് ഈ പാക്കേജില്‍ ഉണ്ട് . 36,000 രൂപ മുതൽ പാക്കേജുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. ലക്ഷ്വറി താമസത്തിനൊപ്പം കേരളത്തിലെ ഗ്രാമങ്ങളിലൂടെ കറങ്ങിനടക്കാനാണ് വിദേശ സഞ്ചാരികള്‍ ഇഷ്ടപ്പെടുന്നതെന്നും രേണുക പറയുന്നു.


Similar News