സിംഗപ്പൂരില്‍ നിന്ന് ഇനി പാസ്പോര്‍ട്ട് ഇല്ലാതെ പറക്കാം
ചാംഗി വിമാനത്താവളത്തിലാണ് പാസ്പോര്‍ട്ട് രഹിത ക്ലിയറന്‍സ് നടപ്പാക്കുന്നത്
സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തില്‍ 2024 മുതല്‍ ബയോമെട്രിക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സംവിധാനം നടപ്പാക്കുന്നു. 2024ന്റെ ആദ്യ പകുതി മുതല്‍ സിംഗപ്പൂരിൽ നിന്നുള്ള യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ടിന്റെ ആവശ്യമില്ലാതെ തന്നെ ബയോമെട്രിക് ഡേറ്റ ഉപയോഗിച്ച് എയര്‍പോര്‍ട്ടില്‍ ഓട്ടോമേറ്റഡ് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്താനാകും. ഇതുമായി ബന്ധപ്പെട്ട ഇമിഗ്രേഷന്‍ നിയമത്തില്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി.
രേഖകള്‍ ആവര്‍ത്തിച്ച് നല്‍കേണ്ടതില്ല
ബയോമെട്രിക്‌സ് ഉപയോഗിച്ച് ബാഗ് ഡ്രോപ്പ് മുതല്‍ ഇമിഗ്രേഷന്‍, ബോര്‍ഡിംഗ് വരെ വിവിധ ഓട്ടോമേറ്റഡ് ടച്ച് പോയിന്റുകളില്‍ പ്രവര്‍ത്തിക്കുന്ന 'സിംഗിള്‍ ടോക്കണ്‍ ഓഫ് ഒതന്റിക്കേഷന്‍' സൃഷ്ടിക്കും. ഇതോടെ ഈ ടച്ച് പോയിന്റുകളില്‍ യാത്രക്കാര്‍ക്ക് അവരുടെ രേഖകള്‍ ആവര്‍ത്തിച്ച് നല്‍കേണ്ടി വരില്ല. ഇത് കൂടുതല്‍ തടസ്സങ്ങളില്ലാത്തതും സൗകര്യപ്രദവുമായ പ്രോസസ്സിംഗ് അനുവദിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ജോസഫൈന്‍ ടിയോ പറഞ്ഞു.
ഈ സംവിധാനം വരുന്നതോടെ ചാംഗി വിമാനത്താവളത്തിലെ ബോര്‍ഡിംഗ് പ്രക്രിയയില്‍ യാത്രക്കാര്‍ക്ക് അവരുടെ പാസ്പോര്‍ട്ട്, ബോര്‍ഡിംഗ് പാസ് എന്നിവ ഒന്നിലധികം തവണ ഹാജരാക്കേണ്ടതില്ല. പകര്‍ച്ചവ്യാധികള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും അതിര്‍ത്തി നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിദേശികള്‍ക്കും സ്ഥിര താമസക്കാര്‍ക്കുമുള്ള പാസുകളുടെയും പെര്‍മിറ്റുകളുടെയും (പി.ആര്‍) സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും സിംഗപ്പൂരിനെ സഹായിക്കുന്ന മാറ്റങ്ങളും ബില്ലിലെ ഭേദഗതികളിലുണ്ട്.