ഒരു ദിവസം തുടങ്ങുന്നതെങ്ങനെയാണ്?
സാധാരണഗതിയില്‍ 6-6.30 ഓടെ എഴുന്നേല്‍ക്കും. കാലും മുഖവും കഴുകി വിളക്ക് കൊളുത്തും. അതുകഴിഞ്ഞ് കുറേനേരം വീടിനകം തൂത്ത്മിനുക്കി, അടുക്കിപ്പെറുക്കി നടക്കും. ചില ദിവസങ്ങളില്‍ കാലത്ത് 3 മണിക്കൊക്കെ ഉറക്കമുണരും. പിന്നെ കുളിച്ച് കാറുമെടുത്ത് നേരെ ശ്രീ പദ്മനാഭസ്വാമിക്ഷേത്ര ത്തിലേക്ക് തൊഴാന്‍ പോകും.
പ്രാതല്‍ ശീലങ്ങള്‍ എങ്ങനെയാണ്?
ഭക്ഷണക്കാര്യത്തില്‍ ഒട്ടും നിര്‍ബന്ധങ്ങളില്ല. പുട്ടും കറിയുമെങ്കില്‍ അങ്ങനെ. ഇഡ്ഡലിയെങ്കില്‍ അത്. അല്ലെങ്കില്‍ കോണ്‍ഫ്‌ലേക്‌സ്. എന്തായാലും സന്തോഷം. വെജിറ്റേറിയന്‍ ഭക്ഷണമാണ് കൂടുതല്‍ പ്രിയം. വീട്ടില്‍ നിറയെ കൃഷ്ണന്മാരുള്ളതു കൊണ്ട് നോണ്‍ വെജ് ഉണ്ടാക്കാന്‍ എനിക്കും വിഷമമാണ്.
ഈയടുത്ത കാലത്തുണ്ടായ സന്തോഷങ്ങള്‍?
എന്റെ മൂത്ത മകന് മികച്ച ഡോക്യുമെന്ററിക്കുള്ള നാഷണല്‍ അവാര്‍ഡ് കിട്ടിയതും ഇളയ മകന്റെ വിവാഹനിശ്ചയവുമാണ് ഈയിടെ ഉണ്ടായ സന്തോഷങ്ങള്‍.
ജീവിതത്തിലെ നേട്ടങ്ങള്‍?
വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്റെ മക്കളാണ്. എന്നെ ഞാനായി മനസ്സിലാക്കുന്ന, എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളില്‍ പരിധി വിട്ടു കൈ കടത്താത്ത എന്റെ മക്കള്‍. എനിക്ക് വരാന്‍ പോകുന്ന മരുമകളും അങ്ങനെത്തന്നെ യാണെന്നത് എന്റെ സന്തോഷം. സിനിമാരംഗത്തും ലഭിച്ചതെല്ലാം നേട്ടങ്ങള്‍ തന്നെ. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ലഭിച്ചതെല്ലാം നേട്ടങ്ങളാണ്; അംഗീകാരങ്ങളും സൗഹൃദങ്ങളുമെല്ലാം.
ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്താണ്?
ഒരു സന്നിഗ്ധഘട്ടത്തില്‍ പറക്കമുറ്റാത്ത രണ്ടു മക്കളെയുമായി ജീവിതത്തിന്റെ അനിശ്ചിതത്വത്തിലേക്കിറങ്ങേണ്ടിവന്ന അവസ്ഥ. ഭാവിയെക്കുറിച്ച് ഒരു രൂപവുമില്ല. ഒരു ചില്ലിക്കാശ് കൈയിലില്ല. മക്കളെ നല്ല രീതിയില്‍, നല്ല മനുഷ്യരായി വളര്‍ത്തണമെന്ന ഒരമ്മയുടെ സ്വാഭാവിക മോഹം പോലും ആര്‍ഭാടമായിരുന്ന ഒരു അവസ്ഥ. അത്രത്തോളം ഭീതിദമായ മറ്റൊരവസ്ഥ വേറെ ഞാനനുഭവിച്ചിട്ടേയില്ല.
സാധാരണയായി റിലാക്‌സ് ചെയ്യുന്നതെങ്ങനെയാണ്?
എന്റെ കാറെടുത്ത് പാട്ടുംവെച്ച് കൂടെ പാടി ഡ്രൈവ് ചെയ്യും. ചിലപ്പോള്‍ പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെയാവും യാത്ര. അപ്പോള്‍ കാണുന്ന വഴികളിലൂടെ. ഗ്രാമ ക്കാഴ്ചകള്‍ എനിക്കിഷ്ടമാണ്. വൈകുന്നേരം 6-6.30ഓടെ പരിചയമുള്ളയിടങ്ങളില്‍ എത്തുംവിധമേ യാത്രകളുള്ളൂ.
മറ്റുള്ളവരില്‍ ഇഷ്ടമില്ലാത്ത സ്വഭാവം ഏതാണ്?
മറ്റുള്ളവരുടെ കുറ്റം പറയുന്ന ശീലം എനിക്കിഷ്ടമല്ല. നെഗറ്റീവ് ആയ കാര്യങ്ങള്‍ പാടി നടക്കാന്‍ ആള്‍ക്കാര്‍ ഉത്സാഹം കാണിക്കുന്നത് കാണുമ്പോള്‍ ദേഷ്യം വരും.
ദേഷ്യത്തെ നിയന്ത്രിക്കുന്നതെങ്ങനെ?
മുന്‍പൊക്കെ ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കുമായിരുന്നു. ഇമോഷണല്‍ ആവും, ഒച്ചയിട്ടു സംസാരിക്കും. തലയിട്ടടിക്കും, കൈയില്‍ കിട്ടുന്നത് എറിഞ്ഞുപൊട്ടിക്കും. ഇപ്പോള്‍ അതൊക്കെ മാറി. ദേഷ്യം വന്നാല്‍ കതകടച്ചു കുറ്റിയിട്ട് ബെഡ്ഡില്‍ കമിഴ്ന്നുകിടക്കും. സ്വയം ശാന്തയാവും.
ഏറ്റവും ഇഷ്ടപ്പെട്ട പിക്‌നിക് സ്‌പോട്ട് ഏതാണ്?
ഏത് തമിഴ് ഗ്രാമവും എനിക്ക് യാത്രചെയ്യാനും താമസിക്കാനും ഇഷ്ടമുള്ള ഇടങ്ങളാണ്.
സിനിമകള്‍ കാണാറുണ്ടോ?
മലയാളമൊഴികെ ഇതര ഭാഷാസിനിമകളെല്ലാം നെറ്റ്ഫ്‌ളിക്‌സില്‍ കാണും. മലയാളം സിനിമകള്‍ ടിക്കറ്റെടുത്ത് തീയേറ്ററില്‍ കാണുന്നതാണ് ശീലം. ഞാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗമാണ്. അങ്ങനെയും സിനിമകള്‍ കാണാനവസരമുണ്ട്.
ഏറ്റവും വലിയ വിമര്‍ശകന്‍/വിമര്‍ശക ആരാണ്?
എന്റെ മക്കള്‍ തന്നെ.
റിട്ടയര്‍മെന്റ് പ്ലാനുകള്‍?
അങ്ങനെയൊരു പ്ലാനേയില്ല. സ്വയം അധ്വാനിച്ച്, സ്വയം സമ്പാദിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം.
ഈ ഊര്‍ജ്ജസ്വലതയുടെ രഹസ്യം?
ഞാന്‍ സന്തോഷവും വിഷമവുമൊന്നും ഒരു പരിധിക്കപ്പുറം ഉള്ളിലേക്കെടുക്കാറില്ല. വെള്ളത്തിലൊഴിച്ച എണ്ണപോലെയാണ് ഞാനെന്റെ സുഖദു:ഖങ്ങളെ കാണാറ്. കൂടിക്കലരാന്‍ സമ്മതിക്കില്ല. മനസെപ്പോഴും ചില്ലുപോലെ തുടച്ചുമിനുക്കി വെക്കും. ചീത്ത ചിന്തകളെ നിറച്ചുവെക്കാന്‍ എന്റെ മനസൊരു ഡസ്റ്റ്ബിന്‍ അല്ലല്ലോ.
വായന?
നോവലുകളോടാണ് പ്രിയം. മുന്‍പ് തമിഴ്‌നാട്ടിലായിരുന്നപ്പോള്‍ തമിഴ് നോവലുകള്‍ മാത്രമായിരുന്നു വായന. മലയാളം വായിക്കാമെന്നല്ലാതെ അതിന്റെ സാഹിത്യം ഒന്നും മനസിലാകുമായിരുന്നില്ല. ഡബ്ബിംഗും കേരളത്തിലെ താമസവുമൊക്കെയായി മലയാളവുമായി അടുത്ത ബന്ധമായപ്പോള്‍ മലയാളസാഹിത്യവും പ്രിയപ്പെട്ടതായി.
സൗഹൃദങ്ങള്‍?
സാമീപ്യംകൊണ്ടും മാനസികമായും കൂടെനില്‍ക്കുന്ന അസംഖ്യം സുഹൃത്തുക്കളാണെന്റെ ബലം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline