"ഞാനിപ്പൊഴും 'ഗാഡ്ജറ്റ് ഫ്രീക്ക്'" : പൊറിഞ്ചു വെളിയത്

Update:2017-12-03 12:24 IST

രാവിലത്തെ സമയം എങ്ങനെ ചെലവഴിക്കും?

സാധാരണ 6.30ന് ഉണരും. അരമണിക്കൂര്‍ നടത്തം അല്ലെങ്കില്‍ യോഗ മുടക്കാറില്ല. ശരിക്കും അതാണ് ഒരു ദിവസത്തേക്ക് ഊര്‍ജം പകരുന്നത്.

ആഹാര ശീലങ്ങള്‍?

രാവിലെ തേനും ഇഞ്ചിനീരും ചേര്‍ത്ത ഒരു ഗ്ലാസ് വെള്ളം കുടിക്കും. പിന്നീട് വിവിധയിനം പഴങ്ങളും ഈന്തപ്പഴവും നട്‌സുമെല്ലാം ചേര്‍ന്ന ഒരു ലഘുഭക്ഷണവും. ഇഡ്ഡലി, ഇടിയപ്പം, പുട്ട് എന്നിങ്ങനെ നാടന്‍ ഭക്ഷണങ്ങളാണ് ബ്രേക്ക് ഫാസ്റ്റിന്. ഡിന്നര്‍ എട്ടുമണിക്ക് മുമ്പായി കഴിച്ച് 10 മണിയോടെ ഉറങ്ങുന്നതാണ് ശീലം.

ഇഷ്ട ഭക്ഷണം?

നാടന്‍ കോഴിമുട്ട പുഴുങ്ങിയതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം. മുമ്പ് ഒറ്റയിരുപ്പില്‍ 12 എണ്ണം വരെയൊക്കെ കഴിക്കുമായിരുന്നു.

ഇഷ്ട ബ്രാന്‍ഡുകള്‍?

ഞാന്‍ കടുത്ത ആപ്പിള്‍ ആരാധകനാണ്. കേരള വിപണിയില്‍ ഇറങ്ങുന്നതിനുമുമ്പ് ആദ്യംതന്നെ അവ കരസ്ഥമാക്കും. ഈയിടെ 'ഐഫോണ്‍ 10' ഇറങ്ങിയപ്പോള്‍ രാത്രി 11 മണിക്ക് വീട്ടിലെത്തിച്ച് തരുകയായിരുന്നു.

ആ ഭ്രമം കുറേശ്ശെ കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇപ്പോഴും ഞാനൊരു 'ഗാഡ്ജറ്റ് ഫ്രീക്ക്' തന്നെയാണ്. പുതിയ ടെക്‌നോളജികളില്‍ വലിയ കമ്പമാണ്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നത്?

ഇക്വിറ്റി ഇന്റലിജന്‍സിനെ ഇന്ത്യന്‍ ഓഹരി നിക്ഷേപമേഖലയിലെ 'ഹോട്ടസ്റ്റ് ബ്രാന്‍ഡ്' ആയി വളര്‍ത്താന്‍ കഴിഞ്ഞത്.

ഏറ്റവും സ്വാധീനിച്ച വ്യക്തികള്‍?

എനിക്ക് പ്രോല്‍സാഹനവും പ്രചോദനവുമായി കൂടെ നില്‍ക്കുന്ന ഭാര്യ ലിറ്റി.

പ്രൊഫഷണല്‍ രംഗത്ത് ഉദയ് കോട്ടക്കും. സി.ജെ ജോര്‍ജും. ഉദയ് കോട്ടക്കിനെപോലുള്ള ഒരു ലീഡറെ ഞാന്‍ കണ്ടിട്ടേയില്ല. എത്ര ദാര്‍ശനികനായ, സമര്‍പ്പണബുദ്ധിയുള്ള സംരംഭകനാണ് സി.ജെ ജോര്‍ജ്!

1990കളില്‍ ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെട്ടിരുന്ന അന്തരിച്ച ചന്ദ്രകാന്ത് സമ്പത്താണ് വാല്യൂ ഇന്‍വെസ്റ്റിംഗില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി.

അടുത്തകാലത്ത് ഏറ്റവും സന്തോഷം തോന്നിയ കാര്യം?

കഴിഞ്ഞ ഡിസംബറില്‍ കുടുംബാംഗങ്ങളെല്ലാമൊത്ത് ലങ്കാവിയില്‍ അവധിക്കാലം ചെലവഴിച്ചത് മധുരതരമായ ഓര്‍മയാണ്. ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷം കഴിഞ്ഞപ്പോഴും സന്തോഷം തോന്നി (ഇപ്പോള്‍ അത് ആറ് ലക്ഷമാണ്).

ഏറ്റവുമൊടുവില്‍ വായിച്ച പുസ്തകം?

'സിവില്‍ പ്രോസീജിയര്‍ ആന്‍ഡ് ലോ ഓഫ് ലിമിറ്റേഷന്‍'. 1990ലാണത്; നിയമബിരുദ പരീക്ഷയ്ക്കുവേണ്ടി പഠിക്കുമ്പോള്‍!

എന്നാല്‍ മാസികകളില്‍ ഇക്കണോമിസ്റ്റ് വായിക്കുവാന്‍ വളരെ താല്‍പ്പര്യമാണ് - വായിക്കുകയല്ല, നടക്കാന്‍ പോകുമ്പോഴും മറ്റും ഓഡിയോ വെര്‍ഷന്‍ കേള്‍ക്കുകയാണ് പതിവ.്

എങ്ങനെയാണ് റിലാക്‌സ് ചെയ്യുന്നത്?

വാരാന്ത്യങ്ങളില്‍ ഫാംഹൗസില്‍ ചെലവിടുന്ന സമയം വളരെ സന്തോഷദായകമാണ് - പുരയിടത്തില്‍ പണിയെടുക്കുന്നത്, അതിനുശേഷം നീന്തല്‍ക്കുളത്തില്‍ ചാടുന്നത്, മകന്‍ ജോഷ്വയോടൊപ്പമുള്ള ബാഡ്മിന്റണ്‍ കളി... അങ്ങനെയെല്ലാം...

സന്തോഷകരമോ ദുഃഖകരമോ ആയ ബാല്യകാല സ്മരണ?

ടീനേജ് കാലത്ത് സ്വന്തം വീട് നഷ്ടപ്പെട്ടവനായി കഴിയേണ്ടിവന്ന അവസ്ഥ. അന്നത്തെ നഷ്ടബോധം പിന്നീടുള്ള നേട്ടങ്ങള്‍ക്ക് വഴിയൊരുക്കി.

സ്വന്തം സ്വഭാവത്തിലെ മറ്റാനാഗ്രഹിക്കുന്ന കാര്യം?

പെട്ടെന്ന് ദേഷ്യം വരുന്നതും പൊട്ടിത്തെറിക്കുന്നതും.

ഏറ്റവും ആഗ്രഹിക്കുന്ന പ്രൊഫഷണല്‍/ബിസിനസ് ലക്ഷ്യം.

ഓഹരികളില്‍ ഒരു ലക്ഷം കോടി അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (അഡങ) ഉള്ള സ്ഥാപനമായി ഇക്വിറ്റി ഇന്റലിജന്‍സിനെ മാറ്റുക എന്നത്.

ഇഷ്ട ഗാനങ്ങള്‍?

പഴയ മെലഡികള്‍ എല്ലാംതന്നെ ഇഷ്ടമാണ്..'ചുരാ ലിയാ തൂ മേരാ മന്‍സില്‍'... എടുത്തു

പറയാനാവുന്ന ഒന്നാണ്.

ഇഷ്ട സിനിമകള്‍?

പ്രേമം, ത്രീ ഇഡിയറ്റ്‌സ്... കോമഡി പടങ്ങള്‍ ഇഷ്ടമാണ്.

താങ്കളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം?

ഞാന്‍ തികച്ചും ഒരു 'ഫാമിലി മാന്‍' ആണെന്നത്. സുഹൃത്തുക്കളേക്കാള്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടം.

താങ്കളുടെ ഏറ്റവും വലിയ വിമര്‍ശകന്‍/വിമര്‍ശക?

എന്റെ മകന്‍ സണ്ണി.

ഇവിടെ ചോദിച്ചിട്ടില്ലാത്ത എന്നാല്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യവും അതിന്റെ ഉത്തരവും

ഇന്ത്യയെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട്?

സാമൂഹ്യ, സമ്പദ്‌മേഖലകളില്‍ ഇന്ത്യ ഒരു 'ടേക്ക് ഓഫിന്' തയാറായിരിക്കുകയാണ് കണ്ണും കാതും തുറന്നുപിടിക്കുക. വലിയ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

Similar News