ഗതാഗത നിയമലംഘനം: പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭയുടെ തീരുമാനം

Update:2019-10-23 13:52 IST

കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക കുറയ്ക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴത്തുക ആയിരമായിരുന്നത് 500 രൂപയാക്കി കുറച്ചു. വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കി.അതേസമയം, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെയുള്ള ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. അമിത വേഗത്തിനുള്ള ആദ്യ നിയമ ലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാകും പിഴ.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളം കൂട്ടിയ നിയമഭേദഗതി വന്നയുടന്‍ തന്നെ കേരളം വിജ്ഞാപനം പുറത്തിറക്കിയിരുന്നു.പക്ഷേ, ഉയര്‍ന്ന പിഴ ഈടാക്കുന്നതില്‍ പ്രതിഷേധം ശക്തമായതോടെ വാഹന പരിശോധന നിര്‍ത്തിവച്ചു. പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഉത്തരവിറക്കിയില്ല.

ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെയും മറുപടി കിട്ടിയിട്ടില്ല.ഏതെല്ലാം വിഭാഗങ്ങളില്‍ എത്രത്തോളം പിഴ കുറയ്ക്കാമെന്നത് സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറിയെ  ചുമതലപ്പെടുത്തിയിരുന്നു.

Similar News