ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്ന ജോലി ഉപേക്ഷിച്ച് സംരംഭകയായി; 'ബ്ലാക്ക്പേള്‍' ബ്രാന്‍ഡ് പിറന്ന കഥ പറഞ്ഞ് പ്രജിത മോഹന്‍
പൂര്‍ണമായും 'ഓര്‍ഗാനിക്' ആയ കറുത്ത കളിമണ്‍ പാത്രങ്ങള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്ന ഇന്ത്യയിലെ തന്നെ ഒരേയൊരു സംരംഭം. പിന്നില്‍ ഈ മലയാളി വീട്ടമ്മ.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിലെ ലക്ഷങ്ങള്‍ ശമ്പളം നേടിയിരുന്ന മലയാളി പ്രൊഫഷണല്‍ പ്രജിത മോഹന്‍ ജോലി ഉപേക്ഷിച്ച് സംരംഭം തുടങ്ങിയത് ലാഭം മാത്രം മുന്നില്‍ കണ്ടല്ല. പ്രകൃതിയോടിണങ്ങിയ ജീവിതം നയിക്കാന്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്‍കുന്ന ഒരു സംരംഭം എന്ന സ്വപ്‌നവുമായിട്ടാണ്. ബ്ലാക്ക് പേള്‍ എന്ന സംരംഭം 100 ശതമാനവും ഓര്‍ഗാനിക് ആയ എന്നാല്‍ ആഡംബരത്തികവോടെ ഏറ്റവും ഭംഗിയായി അണിയിച്ചൊരുക്കിയ കറുത്ത മണ്‍ പാത്രങ്ങള്‍ ആണ് വിപണിയിലെത്തിക്കുന്നത്.
പാത്രങ്ങള്‍ നിര്‍മിക്കുന്നത് നിസാമാബാദിലെ കളിമണ്‍പാത്ര നിര്‍മാണത്തിലെ പിന്നോക്ക വിഭാഗവും. പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കെത്തുന്നത് ലോകോത്തര നിലവാരത്തിലും പ്രീമിയം പാക്കേജിംഗിലുമാണ്. കൂടാതെ നിര്‍മാണ യൂണിറ്റിലെ വനിതാ ജീവനക്കാര്‍ക്ക് ജോലിയോടൊപ്പം പെണ്‍മക്കളെ പഠിപ്പിക്കാനുള്ള സൗകര്യവും. ബ്ലാക്ക് പേള്‍ ഡോട്ട് ഏഷ്യ വേറിട്ട സ്റ്റാര്‍ട്ടപ്പാകുന്നത് ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ്.
'ഓര്‍ഗാനിക്' പാത്രങ്ങള്‍
കഴിക്കുന്ന ഭക്ഷണം മാത്രമല്ല ഉപയോഗിക്കുന്ന പാത്രങ്ങളും വിഷരഹിതമാക്കാന്‍ കഴിയുന്നിടത്താണ് യഥാര്‍ത്ഥ 'ഓര്‍ഗാനിക് ലൈഫ്' എന്ന് ഈ സംരംഭക പറയുന്നു. പ്ലാസ്റ്റിക്/ഗ്ലാസ് പാത്രങ്ങളില്‍ മാത്രമല്ല, ഹാന്‍ഡ് മേയ്ഡ് ടേബിള്‍വെയര്‍/കിച്ചന്‍ വെയര്‍ എന്ന പേരില്‍ വിപണിയില്‍ ലഭ്യമായ പല ഉല്‍പ്പന്നങ്ങള്‍ക്കും ഫിനിഷിംഗ് നല്‍കാന്‍ കാഡ്മിയവും ലെഡും ഒക്കെ ഉണ്ടെന്ന് ഉല്‍പ്പാദകര്‍ പോലും സമ്മതിക്കുന്നുണ്ട്. പ്രകൃതി ദത്തമായ മണ്‍പാത്രങ്ങള്‍ക്കാകട്ടെ പൂര്‍ണതയുമുണ്ടാകണമെന്നുമില്ല. എന്നാല്‍ ഇത്തരം പോരായ്മകളെല്ലാം പരിഹരിച്ച് തനതായ മണ്‍പാത്രങ്ങള്‍ വിപണിയിലെത്തിക്കുക എന്നതായിരുന്നു ആശയം. രണ്ടര വര്‍ഷം മുമ്പാണ് നിസാമാബാദുകാരിയായ സുഹൃത്ത് നിഷി റെയുമായി ചേര്‍ന്ന് പ്രജിത ഈ ആശയത്തിനെക്കുറിച്ച് പഠിച്ചു തുടങ്ങുന്നത്. പിന്നീട് ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ മനസ്സിലാക്കാന്‍ ഒരു വര്‍ഷത്തോളം അവ ഉപയോഗിച്ചു നോക്കി. ഈ കാലഘട്ടത്തില്‍ സംരംഭം സജ്ജമാക്കാനുള്ള കാര്യങ്ങളും നടത്തി.
രാജ്യാന്തര ഡിസൈന്‍
'തെലങ്കാനയിലെ എന്റെ സുഹൃത്ത് നിഷിയാണ് യഥാര്‍ത്ഥ മണ്‍പാത്ര നിര്‍മാതാക്കളെ കണ്ടെത്താന്‍ സഹായിച്ചത്. അങ്ങനെയാണ് അവിടെ നിര്‍മാണ യൂണിറ്റ് ആരംഭിച്ചത്. പിന്നീട് ആ സുഹൃത്ത് തന്നോടൊപ്പം സംരംഭത്തിന്റെ ഭാഗമാകുകയായിരുന്നു. ആലപ്പുഴസ്വദേശിയായ പ്രജിത ബെംഗളുരുവിലാണ് താമസമെങ്കിലും ഇടയ്ക്കൊക്കെ നിസാമാബാദിലെ നിര്‍മാണ യൂണിറ്റിലെത്തും, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ.
ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്കായി തനതായ കളിമണ്‍ പാത്രങ്ങള്‍ എത്തിച്ചു നല്‍കുന്ന സംരംഭമാണ് ബ്ലാക് പേള്‍ ഡോട്ട് ഏഷ്യ. blackkpearl.asia എന്ന വെബ്സൈറ്റിലൂടെ രാജ്യത്തെവിടെയിരുന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. കറുത്ത മണ്ണും ചെടികളുടെ ചാറും കടുകെണ്ണയും ഉള്‍പ്പെടെ പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട് പരമ്പരാഗത രീതീയില്‍ നിര്‍മിച്ച് പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ച് തന്നെ ഫിനിഷിംഗും നല്‍കി പുറത്തിറക്കുന്നവയാണ് ബ്ലാക്ക് പേളിന്റെ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകതയെന്ന് സിഇഓ പ്രജിത മോഹന്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ തനതായ ഉല്‍പ്പന്നമെങ്കിലും രാജ്യാന്തര മികവോടെയുള്ള ഡിസൈനും പാക്കിംഗാണ് ഉറപ്പുനല്‍കുന്നത്. മൈക്രോവേവ് ഓവനില്‍ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങളാണ് ബ്ലാക്ക്പേള്‍ നല്‍കുന്നത്.
ബ്ലാക്ക് പേളിന്റെ കറുത്ത മണ്‍ പാത്രങ്ങളുടെ ശ്രേണിയില്‍ ഇപ്പോള്‍ ആഹാരം വിളമ്പാനുള്ള ഉല്‍പ്പന്നങ്ങളാണ് ഉള്ളതെങ്കിലും പിന്നീട് കുക്ക് വെയറുകളും ഹോം ഡെക്കര്‍ ഉല്‍പ്പന്നങ്ങളും പുറത്തിറക്കാനുള്ള പദ്ധതി ഉണ്ടെന്നും പ്രജിത മോഹന്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിലെ ജോലി ഉപേക്ഷിച്ച് സംരംഭകത്വത്തിലേക്കിറങ്ങിയത് പാഷന്‍ കൊണ്ടാണെന്ന് പ്രജിത വ്യക്തമാക്കുന്നു. പരമാവധി വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും മാറ്റിവയ്ക്കുന്നുണ്ട് ഇവര്‍.