100% ലാഭം, ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിലിരുന്ന് ജ്യോതി പ്രതിമാസം നേടുന്നത് 80,000 രൂപ!

ഫോണില്‍ വാട്‌സ്ആപ്പുണ്ടെങ്കില്‍ അഞ്ച് പൈസ നിക്ഷേപിക്കാതെ ആര്‍ക്കും ജ്യോതിയെപ്പോലെ വരുമാനമുണ്ടാക്കാം

Update: 2022-06-14 11:47 GMT

ജ്യോതി

ജോയുടെ കുടുംബം

അടുക്കളയിലിരിക്കുമ്പോള്‍, കട്ടിലില്‍ കിടന്ന്, കല്യാണപാര്‍ട്ടിക്കിടയില്‍ ജോയുടെ ബിസിനസ് അപ്പോഴെല്ലാം ജോറായി നടക്കുന്നുണ്ടാവും. ഒരു രൂപ പോലും നിക്ഷേപമിറക്കാതെ, അഞ്ചിന്റെ പൈസ പ്രവര്‍ത്തനച്ചെലവില്ലാതെ, വീട്ടിലിരുന്ന് മൊബൈലില്‍ കുത്തി ജ്യോതി എലിസാ ജെയിംസ് എന്ന വീട്ടമ്മ പ്രതിമാസം നേടുന്നത് 50,000 മുതല്‍ 80,000 രൂപ വരെയാണ്. എങ്ങനെയെന്നല്ലേ, ആ മാര്‍ഗമറിഞ്ഞാല്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈവശമുണ്ടെങ്കില്‍ ആര്‍ക്കും ജോയെപ്പോലെ വരുമാനമുണ്ടാക്കാവുന്നതേയുള്ളൂ.

എംബിഎ പഠനം കഴിഞ്ഞ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന കായംകുളംകാരി 
ജ്യോതി
യ്ക്ക് ബിസിനസ് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് കുടുംബസുഹൃത്തുക്കളായ 15 പേരെ ചേര്‍ത്ത് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അതില്‍ ചില തുണിത്തരങ്ങളുടെ ഫോട്ടോയും വിലയും ചേര്‍ത്തത്. ചിലത് പെട്ടെന്നു തന്നെ വിറ്റുപോയി. ആ ഗ്രൂപ്പിലെ കച്ചവടത്തിലൊതുങ്ങിയില്ല ജ്യോതി. ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി വ്യക്തികളുമായി ആശയവിനിമയം നടത്തിയും, ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചും റീട്ടെയ്ല്‍ മേഖലയെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ മനസിലാക്കി. ചില ഹോള്‍സെയിലേഴ്‌സിനേയും മാനുഫാക്‌ചേഴ്‌സിനേയും കണ്ട് ബിസിനസ് ഉറപ്പിച്ച് വിപുലമാക്കാന്‍ തന്നെ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഒരു ഫെയ്‌സ്ബുക്ക് പേജും തുടങ്ങി. പതിയെപ്പതിയെ കുടുംബത്തിനു പുറത്തുനിന്നും കച്ചവടം വന്നുതുടങ്ങി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ എണ്ണവും കൂട്ടി.

ഇന്നിപ്പോള്‍ പത്ത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ട് ജ്യോതിയുടെ Jo's Magical Threads എന്ന സംരംഭത്തിന്. ഫെയ്‌സ്ബുക്ക് പേജിന് പതിനായിരത്തോളം ലൈക്കുകളുണ്ട്. ഇതൊന്നും വെറും ലൈക്കുകളല്ല, ജ്യോതിയുടെ ബിസിനസിനെ ശക്തിപ്പെടുത്തുന്ന എണ്ണമാണ്. ഓരോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നുമായി പ്രതിദിനം 30 ഓര്‍ഡറെങ്കിലും ലഭിക്കുന്നുണ്ട്.
ജോയുടെ റീസെല്ലിംഗ് മോഡല്‍
ഒരു രൂപ പോലും മുതല്‍മുടക്കില്ലാതെ, പ്രവര്‍ത്തന ചെലവില്ലാതെ ബിസിനസോ? അതിശയിക്കേണ്ട. ഇന്ന് ലോകമെമ്പാടും പലരും ചെയ്യുന്ന റീസെല്ലിംഗ് ബിസിനസ് മോഡലാണ് 
ജ്യോതി
യും ചെയ്യുന്നത്. എവിടെ നിന്നെങ്കിലും ഒരു ഉല്‍പ്പന്നം വാങ്ങുക, അതില്‍ സ്വന്തം മാര്‍ജിന്‍ കൂടി ചേര്‍ത്ത് മറ്റൊരാള്‍ക്ക് വില്‍ക്കുക- ഇതാണ് റീസെല്ലിംഗ്. ജ്യോതിയുടെ ബിസിനസ് മോഡലില്‍ അല്‍പ്പം കൂടി വ്യത്യസ്തതയുണ്ട്. ബിസിനസ് രഹസ്യമാണെങ്കിലും പല വീട്ടമ്മമാര്‍ക്കും വാട്‌സ്ആപ്പ് നോക്കിയിരിക്കുന്ന സമയം കൊണ്ട് ചെയ്യാമെന്നതിനാല്‍, അത് വെളിപ്പെടുത്താന്‍ തയ്യാറാണ് ജ്യോതി. ''നിര്‍മാതാക്കള്‍ അവരുടെ ഉല്‍പ്പന്നങ്ങളും അതിന്റെ വിവരണങ്ങളും വാട്‌സ്ആപ്പിലൂടെ അയച്ചുതരും. ഞാന്‍ എന്റെ ലാഭം കൂടി ചേര്‍ത്ത് വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പികളിലും ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്യും. എനിക്ക് പണം തന്ന് ഓര്‍ഡര്‍ കിട്ടുന്നതിന് അനുസരിച്ച് ഉപഭോക്താവിന്റെ അഡ്രസ് നിര്‍മാതാക്കള്‍ക്ക് അയച്ചുകൊടുക്കും. അവര്‍ നേരിട്ട് ഉപഭോക്താവിന് കൊറിയര്‍ വഴി അയച്ചുകൊടുക്കുന്നതോടെ എന്റെ കച്ചവടം പൂര്‍ത്തിയായി''.
ആദ്യ ഘട്ടത്തിലൊക്കെ ഇങ്ങനെ കൊറിയര്‍ ചെയ്യുമ്പോള്‍ ഡാമേജ് അടക്കമുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ജ്യോതി സമ്മതിക്കുന്നു. നിര്‍മാതാക്കളുമായും കമ്പനിയിലെ ജീവനക്കാരുമായും നേരിട്ട് സംസാരിച്ച് പരിഹരിക്കാനായതിനാല്‍ തന്റെ ഓര്‍ഡര്‍ കിട്ടുമ്പോള്‍ തന്നെ പ്രത്യേകം ക്വാളിറ്റി ചെക്ക് ചെയ്തിട്ടാണ് അവര്‍ ഡെലിവെറി ചെയ്യാറുള്ളതെന്നും ജ്യോതി പറയുന്നു.
ബജറ്റ് ഫ്രണ്ട്‌ലി, മോസ്റ്റ് അപ്‌ഡേറ്റഡ്
ഉപഭോക്താവിനിണങ്ങുന്ന ബജറ്റില്‍ ഉല്‍പ്പന്നം കൊടുക്കാനാവുന്നതാണ് ജ്യോതിയുടെ മറ്റൊരു ബിസിനസ് വിജയമന്ത്രം. ഉദാഹരണത്തിന്, കാഞ്ചീപുരം സാരിയുടെ മുന്തിയ വിലയുടെ ഉല്‍പ്പന്നം തന്നെ, കുറഞ്ഞ വിലയില്‍ ചെയ്തുകൊടുക്കേണ്ടവര്‍ക്ക് മെറ്റീരിയയില്‍ മിക്‌സ് ചെയ്തും നിര്‍മിപ്പിച്ച് കൊടുക്കും. ചുരിദാര്‍ ഒക്കെ തയ്പ്പിച്ച് വേണമെന്നുള്ളവര്‍ക്ക് അളവെടുത്ത് അടുത്തുള്ള ടൈലര്‍മാരെ കൊണ്ട് തയ്പ്പിച്ച് കൊടുക്കും. ഇതൊന്നും തന്നെ 
ജ്യോതി
 നേരിട്ടോ ജീവനക്കാരെ വെച്ചോ ചെയ്യുന്നതല്ല. വാട്‌സ്ആപ്പ് ഗ്രൂപ്പുകളും കാറ്റലോഗും അപ്‌ഡേറ്റ് ചെയ്യുക മാത്രമാണ് ജ്യോതി ചെയ്യുന്നത്. വേണ്ട രീതിയിലുള്ള ഉല്‍പ്പന്നം നിര്‍മാതാക്കളോ നെയ്ത്തുകാരോ ചെയ്തുകൊടുക്കും, അവര്‍ തന്നെ ഡെലിവെറിയും ചെയ്യും. തയ്ച്ചു കൊടുക്കേണ്ടതാണെങ്കില്‍ ടൈലര്‍മാര്‍ തയ്ച്ച ശേഷം അവര്‍ തന്നെ കൊറിയര്‍ ചെയ്യും.
കടകളിലെന്ന പോലെ സ്‌റ്റോക്ക് പോരായ്മയില്ലെന്നതും തനിക്ക് ഏറെ ഗുണകരമാവുന്നുണ്ടെന്ന് പറയുന്നു ജ്യോതി. ഒരു ഉല്‍പ്പന്നത്തിന്റെ തന്നെ നൂറിലധികം ഡിസൈന്‍ ലഭ്യമാണ്. കടകളില്‍ പലപ്പോഴും സ്‌റ്റോക്ക് തീരാതെ പുതിയ സ്റ്റോക്ക് ഇറക്കാറില്ല. തനിക്ക് പക്ഷേ, നിര്‍മാതാക്കളുടെ കൈവശമുള്ള സ്റ്റോക്കായതിനാല്‍ അപ്‌ഡേറ്റഡായ ഉല്‍പ്പന്നം തന്നെ വില്‍ക്കാനാവുന്നു.
രാജ്യാതിര്‍ത്തിയും കടന്ന് വില്‍പ്പന, നിക്ഷേപത്തിനില്ല
കേരളത്തില്‍ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും അങ്ങ് മൗറീഷ്യയില്‍ നിന്ന് വരെ തനിക്ക് ഓര്‍ഡര്‍ ലഭിക്കുന്നുണ്ടെന്ന് പറയുന്നു ജ്യോതി. ലോക്ക്ഡൗണ്‍ കാലത്തും കച്ചവടം കുതിച്ചുകയറി. ലോക്ക്ഡൗണ്‍ കാലത്ത് ചില അടച്ചിട്ട ബൂട്ടീക്കുകള്‍, തങ്ങളുടെ ഉല്‍പ്പന്നം വിറ്റുതരുമോയെന്ന് ചോദിച്ച് ഇങ്ങോട്ട് സമീപിച്ചു. അതിലൂടെയും ലാഭമുണ്ടാക്കാനായി. തന്റെ ഉല്‍പ്പന്നങ്ങള്‍ റീസെല്‍ ചെയ്യുന്ന വീട്ടമ്മമാരുണ്ട്. അവരുടെ മാര്‍ജിന്‍ കൂടി ചേര്‍ത്ത് ഓര്‍ഡര്‍ നല്‍കി വില്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. കെട്ടിട വാടക, വൈദ്യുതി, ജീവനക്കാരുടെ വേതനം തുടങ്ങി ഒരു ചെലവുമില്ലെന്നതും ജ്യോതി എടുത്തുകാട്ടുന്നു.
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് തുടങ്ങാന്‍ പ്ലാനുണ്ടോയെന്ന ചോദ്യത്തിന്, ഒരു തരത്തിലുള്ള നിക്ഷേപവും നടത്താനില്ലെന്ന ഉറച്ച വാക്കുകളാണ് ജ്യോതിയുടേത്. ഒരു രൂപ പോലും ചെലവിടാതെ ഇത്രയും ലാഭം വരുന്നുണ്ടെങ്കില്‍ എന്തിന് നിക്ഷേപിക്കണമെന്നാണ് ജ്യോതിയുടെ ചോദ്യം.


Tags:    

Similar News