വെല്ലുവിളികളെ മറികടന്ന് വിജയിച്ച വനിതകളെ ആദരിച്ച് 'മോക്കിംഗ് ജയ്' അവാര്‍ഡ്‌സ് 2023
പരിപാടിയുടെ ഭാഗമായി പാനൽ ചർച്ചകളും
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നീഡ് ഗ്ലോബല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മോക്കിംഗ് ജയ് അവാര്‍ഡ്‌സ് 2023 വിതരണം നടന്നു. കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള 20 അസാധാരണ വനിതകള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
പരിപാടിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി നിര്‍വഹിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഒ.ഒ ടോം തോമസ്, എ 2 ഇസഡ് ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപക രാധാമണി, ബ്രമ്മ സൊല്യൂഷന്‍സ് ചെയര്‍മാന്‍ സജീവ് നായര്‍, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിന്റെ ആവാസ വ്യവസ്ഥയുടെ വൈവിധ്യത്തിന്റെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പാനലുകളും പരിപാടിയുടെ ഭാഗമായി നടന്നു. പര്‍വീണ്‍ ഹഫീസ്, രൂപ ജോര്‍ജ്, പ്രിയ എ.എസ്., ഡോ. പി.എ. മേരി അനിത, അനൂജ ബഷീര്‍, സജീവ് നായര്‍, ആനി സുനില്‍, സബീന എസ്., ജേക്കബ് ജോയ്, ഡോ. നിര്‍മ്മല ലില്ലി, മിട്ടു ടിഗി, അരുണ്‍ നായര്‍, ബിന്‍സി ബേബി, സുമയ്യ തായത്ത്, രാഹുല്‍ ഈശ്വര്‍, ഡോ. സംഗീത ജനചന്ദ്രന്‍, ഡോ. ആര്യ മേനോന്‍, പൂജിത മേനോന്‍, നീതു എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചു.
ഡോ.എം.കെ. മുനീര്‍ എം.എല്‍.എ, ഡോ. കിരണ്‍ ബേദി, ജിയോജിത്ത് ഡയറക്ടര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസകളും പിന്തുണയും അറിയിച്ചു.
മോക്കിംഗ് ജയ് അവാര്‍ഡ്‌സ്
തടസ്സങ്ങളെ മറികടന്ന് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ അസാധാരണ വനിതകള്‍ക്ക് നല്‍കുന്ന ആദരമാണ് മോക്കിംഗ്ജയ് അവാര്‍ഡ്. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന മോക്കിംഗ്ജയ്യുടെ ധീരതയിലും പ്രതിരോധത്തിലും പ്രചോദനം ഉള്‍ക്കൊണ്ട് 'നീഡ്' ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുള്ള ഈ അവാര്‍ഡ് ശാക്തീകരണം, വൈവിധ്യം, വെല്ലുവിളികളെ അതിജീവിക്കാനുള്ള മനോഭാവം എന്നിവയെ പ്രകീർത്തിക്കുന്നതാണ്. ഇത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ വനിതകളുടെ വിജയ കഥകള്‍ കേള്‍ക്കാനും ആഘോഷിക്കാനും പങ്കിടാനുമുള്ള ഒരു വേദിയാണ് മോക്കിംഗ്ജയ് അവാര്‍ഡ് ലക്ഷ്യമിടുന്നത്.
പുസ്തക പ്രകാശനവും
വൈവിധ്യമാര്‍ന്ന മേഖലയെ പരിപോഷിപ്പിക്കുന്നതിനും സമ്പന്നമാക്കുന്നതിനും പ്രാപ്തമാക്കുന്നതിനുമായി പ്രവർത്തിക്കുന്ന നീഡ് ഗ്ലോബല്‍ ഫൗണ്ടേഷനു നേതൃത്വം നൽകുന്നത് സംരംഭകയും സ്റ്റാര്‍ട്ടപ്പ് മെന്ററുമായ അനൂജ ബഷീർ ആണ്. പരിപാടിയില്‍ അനൂജ ബഷീര്‍ രചിച്ച ‘ദി വേള്‍ഡ് ഈസ് എ ബ്രാന്‍ഡ്’(The World is a Brand)എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.