നിങ്ങളുടെ ഹോബിയെ സംരംഭമാക്കൂ, മികച്ച വരുമാനം നേടാമെന്ന് സന്ധ്യ രാധാകൃഷ്ണന്‍

പോര്‍ട്രെയ്റ്റ് എംബ്രോയിഡറിയിലൂടെ 2500 രൂപ മുതല്‍ മുടക്കില്‍ 25000 രൂപയിലേറെ മാസവരുമാനം നേടുന്ന മുന്‍ എച്ച് ആര്‍ പ്രൊഫഷണല്‍ പറയുന്നു, ഹോബിയോടൊപ്പം അല്‍പ്പം കഠിനാധ്വാനം കൂടെ ചേര്‍ക്കാന്‍ കഴിയുമെങ്കില്‍ ആര്‍ക്കും നേടാം മികച്ച വരുമാനം.

Update:2020-12-03 16:32 IST

സന്ധ്യ രാധാകൃഷ്ണന്‍

വിവാഹം കഴിഞ്ഞ് കുട്ടികളാകുന്നതോടെ പ്രൊഫഷന്‍ ഉപേക്ഷിക്കേണ്ടി വരുന്നവര്‍ നിരവധിയാണ്. വിദേശത്തു നിന്നും നാട്ടിലേക്ക് തിരികെ എത്തിയവരും എങ്ങനെയാണ് ഒരു സംരംഭം തുടങ്ങുക എന്ന ആശങ്കകള്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ ആശങ്കകള്‍ മാറ്റി വച്ചു നിങ്ങളുടെ കഴിവുകളിലേക്ക് നോക്കൂ, അവയെ സംരംഭമാക്കുക എളുപ്പമാണെന്ന് പറയുകയാണ് സന്ധ്യ രാധാകൃഷ്ണന്‍ എന്ന വീട്ടമ്മ. പോര്‍ട്രെയ്റ്റ് എംബ്രോയിഡറിയിലാണ് സന്ധ്യ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. വ്യക്തികളുടെയും അവര്‍ ഇഷ്ടപ്പെടുന്ന ചിത്രങ്ങളുടെയും തുന്നല്‍ കൊണ്ട് തീര്‍ത്തൊരു പോര്‍ട്രെയ്റ്റ് - അതാണ് സന്ധ്യയുടെ പ്രധാന ഉല്‍പ്പന്നം. വരുമാനം മാത്രമല്ല ഈ വീട്ടമ്മയെ തേടിയെത്തിയിട്ടുള്ളത് ഏറെ അംഗീകാരങ്ങളുമാണ്. ഡിലൈറ്റ്ഫുള്‍ പോര്‍ട്രെയ്റ്റ് എംബ്രോയിഡറിയിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലുമെല്ലാം ഈ മലയാളിയുടെ പേര് ചേര്‍ക്കപ്പെട്ടുകഴിഞ്ഞു.

ലോക്ഡൗണ്‍ അണ്‍ലോക്ക് ചെയ്തപ്പോള്‍

മകള്‍ ജനിച്ചതിനു ശേഷം എച്ച് ആര്‍ പ്രൊഫഷനില്‍ നിന്നും ഇടവേള എടുത്ത സന്ധ്യ ലോക്ഡൗണ്‍ കാലത്താണ് ഗ്ലാസ് ബോട്ടിലുകളില്‍ ക്ലേ ആര്‍ട്ട് ചെയ്ത് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചത്. അത് നല്ല വില നല്‍കി വാങ്ങാന്‍ ആവശ്യക്കാര്‍ വന്നതോടെ ഇക്കാര്യത്തെ അല്‍പ്പം ഗൗരവമായി സമീപിക്കാന്‍ സന്ധ്യ തീരുമാനിച്ചു. ഹോം ഡെക്കര്‍ മേഖലയില്‍ സംരംഭകനായ അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയ അലങ്കാരപ്പണികളും സംരംഭകത്വ പാഷനും സന്ധ്യയ്ക്ക് സഹായകമായി. ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്ന നിരവധി കലാകാരന്മാരുണ്ടായിരുന്നതിനാല്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമെന്നായി. അങ്ങനെയാണ് എംബ്രോയിഡറിയിലേക്ക് കടക്കുന്നത്. സന്ധ്യയുടെ അമ്മ ഒരു എബ്രോയ്ഡറി ടീച്ചര്‍ കൂടി ആയിരുന്നു. അതിനാല്‍ ചെറുപ്പം മുതല്‍ തുന്നല്‍ ശീലിച്ചിരുന്നു. അങ്ങനെ യൂട്യൂബ് നോക്കി ഈ രംഗത്തെ പുതു സാധ്യതകള്‍ പഠിച്ച് തന്റെ പരീക്ഷണം ആരംഭിച്ചു. ബുദ്ധന്റെ ഒരു എംബ്രോയ്ഡറി ചെയ്തായിരുന്നു ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതിന് നല്ല പ്രതികരണം കിട്ടി. അതോടെ വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ സന്ധ്യ തന്റെ ബുദ്ധനെ ഷെയര്‍ ചെയ്തു. വളരെ മികച്ച പിന്തുണയാണ് സന്ധ്യക്ക് കിട്ടിയത്. പോര്‍ട്രൈറ്റ് എംബ്രോയ്ഡറിക്കായി ഓര്‍ഡറുകള്‍ ലഭിച്ചു തുടങ്ങിയതും അങ്ങനെയാണ്.

100 രൂപ മുതല്‍ മുടക്ക്

മികച്ച ഫിനിഷിംഗിനും എയ്‌തെറ്റിക്‌സിനുമാണ് പോര്‍ട്രൈറ്റ് എംബ്രോയ്ഡറിയില്‍ പ്രധാനം. പെര്‍ഫെക്ഷന്‍ കൂടുന്നതിനനുസരിച്ച് നല്ല ഫീസും ഈടാക്കാം. എന്നാല്‍ പിറന്നാള്‍ സമ്മാനമായും വിവാഹ സമ്മാനമായുമൊക്കെ മറ്റുള്ളവര്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്ന ഒരുമിച്ചെടുത്ത ചിത്രങ്ങള്‍ എംബ്രോയ്ഡറി ചെയ്യാന്‍ എത്തിയവരോട് അന്യായ വില സന്ധ്യ ഈടാക്കിയില്ല. 1200 രൂപയും ഡെലിവറി ഫീസും മുടക്കുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് മികച്ച പായ്ക്കിംഗില്‍ ഗിഫ്റ്റുകള്‍ എത്തിച്ചു നല്‍കുന്നു.

പോര്‍ട്രൈറ്റ് എംബ്രോയ്ഡറി ചെയ്യാനുള്ള ഹൂപ്പിന് 70 രൂപയും തുന്നാന്‍ ഉപയോഗിക്കുന്ന നൂലിന് പരമാവധി ഇരുപത്തഞ്ച് രൂപയുമാണ് വില വരിക. മറ്റ് സാധന സാമഗ്രികളും കൂടി ചേര്‍ത്താല്‍ പല പോര്‍ട്രെയ്റ്റുകള്‍ക്കും 100 രൂപയാണ് മുതല്‍ മുടക്ക്. കസ്റ്റമൈസേഷന്‍സ് കൂടുന്നതോടെ ചെലവും കൂടും. എങ്കിലും മുടക്കുമുതലിന്റെ പത്തിരട്ടി ലാഭം വരെയാണ് തന്റെ കഠിനാധ്വാനത്തിലൂടെ സന്ധ്യക്ക് ലഭിക്കുന്നത്. ''ഇപ്പോള്‍ ഞാനും കുറെ കൂടി പ്രൊഫഷണലായി. ഹൂപ്പുകള്‍ പോര്‍ട്രൈറ്റ് ചെയ്ത ശേഷം ഫ്രെയിം ചെയ്ത് നല്‍കാനും ടാഗ് പിടിപ്പിക്കാനും മികച്ച പായ്ക്കിംഗ് നടത്താനുമെല്ലാം തുടങ്ങി. ഇന്ത്യയിലെവിടെയും സുരക്ഷിതമായി എത്തിച്ചും കൊടുക്കും. ഇതുവരെ 52 ഓളം പോര്‍ട്രെയ്റ്റുകളാണ് ചെയ്തത്. ഇപ്പോഴും ഓര്‍ഡറുകള്‍ ഉണ്ട്.'' സന്ധ്യ പറയുന്നു.





ഇപ്പോള്‍ സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡിന് നിരവധി ഫോളോവേഴ്‌സ് എത്തുന്നുണ്ട്. ഒപ്പം തന്റെ മറ്റു കരകൗശലപ്പണികളും വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മാക്രെയിം ഹാന്‍ഡ് നോട്ടഡ് അലങ്കാര വസ്തുക്കളും സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡിലൂടെ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്കെത്തിക്കുന്നു. അച്ഛന്റെ ഹോം ഡെക്കര്‍ ഷോപ്പിനൊപ്പം സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ് എന്ന പേരില്‍ സ്ഥാപനം തുടങ്ങുവാനും എംബ്രോയിഡറി ക്ലാസ്സുകള്‍ നല്‍കാനുമൊക്കെ പദ്ധതികളുണ്ട്.

നിലവില്‍ പ്രതിമാസം ചുരുങ്ങിയത് 25000 രൂപയുടെ വരുമാനമാണ് പോര്‍ട്രൈറ്റ് എംബ്രോയ്ഡറി വഴി സന്ധ്യ നേടുന്നത്. ഇതിനായി വരുന്ന ചെലവാകട്ടെ 2500 രൂപയോളം മാത്രം. തുന്നല്‍ മാത്രമല്ല, ഏത് ഹോബിയും തേച്ച് മിനുക്കി എടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനാല്‍ വീട്ടിലിരുന്ന് വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സോഷ്യല്‍മീഡിയയുടെ സഹായം തേടാമെന്നും പരീക്ഷിച്ച് വിജയിച്ചാല്‍ സംരംഭകയാകാമെന്നും സന്ധ്യ വ്യക്തമാക്കുന്നു.




 സാന്‍ഡീസ് ടിപ്‌സ് ഫോര്‍ ഹോബി- ബിസിനസ്

ആത്മവിശ്വാസമുള്ള ഒരു ഹോബി തെരഞ്ഞെടുക്കുക. അത് അപ്‌ഡേറ്റ് ചെയ്യുക

യൂട്യൂബിലെ ക്ലാസ്സുകള്‍ പഠിക്കുകയും പരീക്ഷിക്കുകയും ചെയ്യുക.

കസ്റ്റമൈസേഷനുകള്‍ കൊണ്ടുവരിക പ്രധാനമാണ്. അസാധാരണത്വമുണ്ടെങ്കിലേ ശ്രദ്ധിക്കപ്പെടൂ.

കുറഞ്ഞ മുതല്‍ മുടക്കില്‍ ചെയ്യുമ്പോള്‍ ക്വാളിറ്റി ചോര്‍ന്ന് പോകാതെ നോക്കണം.

ഉപഭോക്താക്കളുടെ മനസ്സിലെ ആശയമറിയാന്‍ സൗഹൃദപരമായി അവരുമായി ഇടപെടുക.

സോഷ്യല്‍മീഡിയ പേജുകളില്‍ എപ്പോഴും അപ്‌ഡേഷന്‍ നടത്തുക.



Tags:    

Similar News