ഫാല്‍ഗുനി നയ്യാര്‍: സ്റ്റാര്‍ട്ടപ്പ് സംരംഭകയായത് അമ്പതാം വയസ്സില്‍, ഇന്ന് ഓഹരി വിപണി ഉറ്റുനോക്കുന്നത് ഈ വനിതാ സംരംഭകയെ

ഈയാഴ്ച അവസാനം ഒരു വമ്പന്‍ ഐപിഒ നടക്കുകയാണ്; നൈകയുടെ. 2021ല്‍ ഇതുവരെ വന്ന ഐപിഒകളില്‍ മൂല്യത്തില്‍ മൂന്നാമത്തെ വലിയ ഐപിഒയാണിത്. മറ്റൊന്നു കൂടി, ആദ്യമായി ഒരു വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകയുടെ കമ്പനി ഓഹരി വിപണിയിലേക്ക് എത്തുന്നു

Update:2021-10-26 07:55 IST

വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന നിരവധി സംരംഭങ്ങളുടെ സാരഥികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി, അവരുടെ വിദേശ രാജ്യങ്ങളിലെ റോഡ് ഷോകള്‍ക്ക് നേതൃത്വം നല്‍കി ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് പ്രൊഫഷണല്‍ കൂടെ നിന്നിരുന്നു. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ ഫാല്‍ഗുനി നയ്യാര്‍. അടുത്ത 28 മുതല്‍ നവംബര്‍ ഒന്ന് വരെ ഫാല്‍ഗുനി നയ്യാര്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകും; മറ്റൊരു ഐപിഒയുടെ പേരില്‍. ഇത്തവണ ഒരു വ്യത്യാസം മാത്രം. ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് ഫാല്‍ഗുനി നയ്യാര്‍ കൊണ്ടുവരുന്നത് താന്‍ മാര്‍ഗനിര്‍ദേശം നല്‍കിയ ഒരു കമ്പനിയല്ല. മറിച്ച് സ്വന്തം കമ്പനിയാണ്. നൈക.

പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന കമ്പനിയായ നൈകയുടെ ഉടമസ്ഥരായ എഫ്എസ്എന്‍ ഇ - കോമേഴ്‌സ് വെഞ്ച്വേഴ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) വലിയൊരു ഓളം സൃഷ്ടിക്കുമ്പോള്‍ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നത് മറ്റാരുമല്ല; ഫാല്‍ഗുനി നയ്യാര്‍ തന്നെ.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,085-1125 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. സൊമാറ്റയോയ്ക്കും സോന കോംസ്റ്റാറിനും ശേഷം മൂല്യത്തില്‍ മൂന്നാമത്തെ വലിയ ഐ പി ഒയാണ് നൈകയുടേത്. അപ്പര്‍ ബാന്‍ഡ് അടിസ്ഥാനത്തിലാണെങ്കില്‍ 5,351.92 കോടി രൂപയും ലോവര്‍ ബാന്‍ഡ് അടിസ്ഥാനത്തില്‍ 5,184.03 കോടി രൂപയുമാണ് കമ്പനിയുടെ മൂലധന സമാഹരണ ലക്ഷ്യം.

ഇതാദ്യമായി ഒരു വനിത നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് മൂലധന വിപണിയിലേക്ക് എത്തുന്നുവെന്ന സവിശേഷതയും നൈകയ്ക്ക് സ്വന്തം
50ാം വയസില്‍ തുടക്കം
ഐഐഎം അഹമ്മദാബാദില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി കൊട്ടക് മഹീന്ദ്ര ഗ്രൂപ്പില്‍ ഫണ്ടിംഗ് ബാങ്കറായി ദശാബ്ദങ്ങളോളം ജോലി ചെയ്ത ഫാല്‍ഗുനി നയ്യാര്‍ അമ്പതാം വയസിലാണ് തന്റെ പാഷന്‍ ബിസിനസാക്കി മാറ്റിയത്.

ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ നേരിട്ട് കണ്ടറിഞ്ഞ കാര്യങ്ങളും സ്വന്തം പാഷനും തുല്യമായ അളവില്‍ ചേര്‍ത്ത് ഫാല്‍ഗുനി സ്റ്റാര്‍ട്ടപ്പിന് തുടക്കമിടുകയായിരുന്നു. അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ വനിതകള്‍, പൊതുവേ പുരുഷന്മാര്‍ നടത്തുന്ന കടകൡ പോയി അത്ര ഗുണമേന്മയില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങി കഷ്ടപ്പെട്ട് തൃപ്തിപ്പെടുന്നത് ഫാല്‍ഗുനി ശ്രദ്ധിച്ചിരുന്നു.

ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ ഓരോ സ്ത്രീയുടെയും മനമറിഞ്ഞ് നല്‍കുക എന്നതായിരുന്നു ഫാല്‍ഗുനിയുടെ ലക്ഷ്യം. ഒരു രൂപ പോലും നൈക ഡിസ്‌കൗണ്ട് നല്‍കില്ല. പകരം ഏറ്റവും മികച്ച ഉല്‍പ്പന്നം എന്താണോ വാഗ്ദാനം ചെയ്യുന്നത് അതുപൂര്‍ണ്ണമായി പാലിച്ച് നല്‍കാന്‍ തുടങ്ങി.

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായിരുന്ന ഫാല്‍ഗുനിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഗുജറാത്തിയായ ഫാല്‍ഗുനി, സംസ്‌കൃതത്തിലെ നയാക (വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന നായിക) എന്ന വാക്കില്‍ നിന്ന് വികസിപ്പിച്ചെടുത്ത നൈക എന്ന പേരില്‍ തുടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഇ - കോമേഴ്‌സ് സംരംഭം അതിവേഗം വെള്ളിവെളിച്ചത്തിലായി.

അണിഞ്ഞൊരുങ്ങാനുള്ള സ്വന്തം താല്‍പ്പര്യവും ഏറ്റവും മികച്ചവ അണിനിരത്താനുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും ഫാല്‍ഗുനിയെ വിജയിയായ സംരംഭകയാക്കി.

1434 ലേറെ ബ്രാന്‍ഡുകളിലുള്ള 2.8 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ നൈകയിലൂടെ വില്‍ക്കുന്നുണ്ട്. ഇ-കോമേഴ്‌സിനപ്പുറം ഓഫ്‌ലൈന്‍ സ്റ്റോറുകളും തുറന്നു.

2012ല്‍ തുടങ്ങിയ എഫ്എസ്എന്‍ ഇ -കോമേഴ്‌സിന്റെ കീഴിലെ നൈകയ്ക്ക് ഇന്ത്യയിലെ 40 നഗരങ്ങളിലായി 80 സ്‌റ്റോറുകളുണ്ട്.

2021 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 38.10 ശതമാനം വര്‍ധനയാണ് നൈക നേടിയിരിക്കുന്നത്. ഇതേ കാലയളവില്‍ 61.95 കോടി രൂപ ലാഭവും കമ്പനി കരസ്ഥമാക്കി. തൊട്ടുമുന്‍വര്‍ഷം 16.34 കോടി രൂപ നഷ്ടമായിരുന്നു!
കിടിലന്‍ കുടുംബ സംരംഭം!
ഫാല്‍ഗുനി നയ്യാര്‍, ഭര്‍ത്താവ് സഞ്ജയ് നയ്യാര്‍, ഇരട്ടകളായ മക്കള്‍ അദൈ്വത നയ്യാര്‍, അന്‍ജിത് നയ്യാര്‍ എന്നിവരെല്ലാം കമ്പനിയുടെ സാരഥ്യത്തിലുണ്ട്. സഞ്ജയ് നയ്യാര്‍ കമ്പനിയുടെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റാണ്. ഇദ്ദേഹത്തിന് ബാങ്കിംഗ്, പ്രൈവറ്റ് ഇക്വിറ്റി രംഗത്ത് 35 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്.

ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, ഉല്‍പ്പന്ന ശ്രേണി വികസനം ഇവ മൂന്നിനുമാണ് പ്രധാനമായും നൈക ഇതുവരെ വന്‍തോതില്‍ നിക്ഷേപം നടത്തിയത്. ഇവ മൂന്നും ഇ - കോമേഴ്‌സ് വമ്പന്മാരായ ആമസോണ്‍, വാള്‍മാര്‍ട്ട് എന്നിവയുമായി മത്സരിച്ച് മുന്നില്‍ നില്‍ക്കാനും നൈകയ്ക്ക് കരുത്തായി.

ഈയാഴ്ച അവസാനം നിക്ഷേപകരുടെ കണ്ണും ഈ കമ്പനിയിലാകും, നൈകയില്‍. പാഷനും പ്രൊഫഷണല്‍ വൈദഗ്ധ്യവും സമം ചേര്‍ത്ത് ഫാല്‍ഗുനി നയ്യാര്‍ സൃഷ്ടിച്ചെടുത്ത നൈക ഇനി എന്ത് അത്ഭുതമാകും സൃഷ്ടിക്കുക; കാത്തിരിക്കാം.


Tags:    

Similar News