അലങ്കാരമത്സ്യ കൃഷി: മാതൃകയായി തൃപ്തിയും ദീപയും

നാളെ ലോക വനിത ദിനത്തില്‍ സിഎംഎഫ്ആര്‍ഐ ഇവരെ ആദരിക്കും

Update: 2023-03-07 13:30 GMT

തൃപ്തി ഷെട്ടിയും ദീപ മനോജും

മത്സ്യമേഖലയില്‍ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് തൃപ്തി ഷെട്ടിയും ദീപ മനോജും. അലങ്കാരമത്സ്യ കൃഷി-വിപണന രംഗത്ത് സംരംഭകരായി മികവ് തെളിയിച്ചാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. വെല്ലുവിളികള്‍ ഏറെയുള്ള അലങ്കാരമത്സ്യകൃഷി മേഖലയില്‍ കഠിനാധ്വാനം കൊണ്ട് കരുത്ത് തെളിയിച്ച രണ്ടുപേരെയും നാളെ ലോക വനിത ദിനത്തില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ആദരിക്കും. കോവിഡ് പ്രതിസന്ധികളെ മറികടന്നാണ് തൃപ്തിയും ദീപയും അവരുടെ ബിസിനസ് സംരംഭം വിജയകരമാക്കിയത്.

പ്രതിസന്ധിയില്‍ തളരാതെ തൃപ്തി

ട്രാന്‍സ് വനിതയായ ആലുവ സ്വദേശിനി തൃപ്തി ഷെട്ടി സിഎംഎഫ്ആര്‍ഐയുടെ സയന്‍സ് ടെക്‌നോളജി ഇന്നൊവേഷന്‍ ഹബ് പദ്ധതിയുടെ ഗുണഭോക്താവാണ്. കേരളത്തിലെ ആദ്യകാല ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകയായി ശ്രദ്ധനേടിയ തൃപ്തി അലങ്കാരമത്സ്യകൃഷിയിലൂടെയാണ് മത്സ്യമേഖലയില്‍ കരുത്ത് തെളിയിച്ചത്.

ഇതുവഴി കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഭദ്രമാക്കി. കോവിഡ് പ്രതിസന്ധിയില്‍ സിഎംഎഫ്ആര്‍ഐയുടെ സഹായം സംരംഭകത്വം മുന്നോട്ട് കൊണ്ട് പോകാന്‍ ഏറെ ഉപകരിച്ചതായി തൃപ്തി പറയുന്നു. തൃപ്തി അക്വാട്ടിക്‌സ് എന്ന സംരംഭം വഴി 50 ശതമാനത്തോളം അധികവരുമാനം കുടുംബത്തിന് ലഭിക്കുന്നുണ്ട്.

അലങ്കാരമത്സ്യകൃഷിയില്‍ തിളങ്ങി ദീപ

പെരുമ്പാവൂര്‍ കീഴില്ലം സ്വദേശിനിയായ ദീപ മനോജ് അലങ്കാരമത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തുകയും വില്‍ക്കുകയും ചെയ്ത് ഉപജീവനമാരംഭിച്ചു. പിന്നീട് അയല്‍പക്കത്തുള്ള തൊഴില്‍രഹിതരായവരെ കണ്ടെത്തി അവരെക്കൂടി അലങ്കാരമത്സ്യകൃഷിയിലേക്ക് കൊണ്ടുവന്ന് സംരംഭം വിപുലമാക്കി. പ്രതിസന്ധികള്‍ക്കിടയിലും വരുമാനമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രദേശവാസികളെ ദീപ ബോധ്യപ്പെടുത്തി.

വാണിജ്യമൂല്യമുള്ള അലങ്കാരമത്സ്യങ്ങളുടെ കൃഷി അവരെ പരിശീലിപ്പിച്ചു. ഈ മത്സ്യങ്ങളുടെ വിപണന ശൃംഖല വികസിപ്പിച്ചു. അറ്റ്‌ലാന്റ ഫിഷ് ഫാം എന്ന തന്റെ സംരംഭം വഴി ധാരാളം പേര്‍ക്ക് സ്വയംതൊഴിലിനുള്ള അവസരവും ദീപ നല്‍കി. ഇന്ന് വാണിജ്യപ്രാധാന്യമുള്ള വിവിധതരം അലങ്കാരമത്സ്യങ്ങള്‍ അറ്റ്ലാന്റയില്‍ ലഭ്യമാണെന്ന് ദീപ മനോജ് പറയുന്നു.

Tags:    

Similar News