ഇവര്‍ പറയുന്നു; 'കംഫര്‍ട്ട് സോണില്‍ നിന്നും കടക്കൂ പുറത്ത്'

സ്വയം സൃഷ്ടിക്കുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ധൈര്യം കാണിച്ചാല്‍ വനിതകള്‍ക്ക് മുന്നില്‍ അതിര്‍വരമ്പുകള്‍ പുതിയകാലത്ത് എങ്ങുമില്ല. മറ്റൊരു അന്തര്‍ദേശീയ വനിതാ ദിനം കൂടി കടന്നുവരവേ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള ഊര്‍ജ്ജം ആവാഹിക്കാം ഇവരിലൂടെ

Update:2021-03-08 10:20 IST

കോര്‍പ്പറേറ്റ് കമ്പനികളുടെ നടത്തിപ്പില്‍ ഇന്ന് സ്ത്രീകള്‍ക്കും പ്രാതിനിധ്യം നിയമം മൂലം തന്നെ ഉറപ്പാക്കപ്പെട്ടിട്ടുണ്ട്. പ്രൊഫഷണല്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ സംബന്ധിച്ചിടത്തോളം ഇതും അവസരങ്ങളുടെ പുതുലോകമാണ്.

ഒന്നിനൊന്ന് വ്യത്യസ്തമായ മേഖലകളിലുള്ള കമ്പനികളില്‍ തങ്ങളുടെ ധൈഷണിക പ്രഭാവം കൊണ്ട് ശ്രദ്ധേയമാകുന്ന വനിതകള്‍ ഏറെ. പ്രൊഫഷണല്‍ രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവെച്ച ശേഷം, വ്യത്യസ്ത മേഖലകളിലുള്ള വിവിധ കമ്പനികളുടെ ബോര്‍ഡില്‍ സജീവ ഇടപെടല്‍ നടത്തുന്ന രണ്ട് വനിതകളെ പരിചയപ്പെടാം; രാധാ ഉണ്ണി, അഞ്ജലി നായര്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ജനറല്‍ മാനേജരായിരുന്ന രാധാ ഉണ്ണി കേരളത്തിലെ നാല് കമ്പനികളുടെയും തമിഴ്നാട്ടില്‍ ടി വി എസ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ രംഗങ്ങളിലെ മറ്റ് നാല് കമ്പനികളുടെയും ഉള്‍പ്പടെ എട്ട് കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡിലുണ്ട്.
ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ പ്രാരംഭഘട്ടം മുതല്‍ അതിന്റെ ഗ്രോത്ത് സ്റ്റോറിയുടെ ഭാഗമായി രണ്ട് പതിറ്റാണ്ടോളം തുടര്‍ന്ന അഞ്ജലി നായര്‍ വണ്ടര്‍ല ഹോളിഡെയ്സ് ഉള്‍പ്പടെ പത്ത് കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡിലാണ് സേവനമനുഷ്ഠിക്കുന്നത്.
ഇവരുടെ പ്രൊഫഷണല്‍ മേഖലയിലെ സഞ്ചാരങ്ങളും കാഴ്ചപ്പാടുകളും സ്വയം വളര്‍ച്ചയ്ക്കായി സ്വീകരിക്കുന്ന കാര്യങ്ങളും പുതുകാലത്തിലെ വനിതകള്‍ക്കും മാതൃകയാക്കാവുന്നതാണ്. അവര്‍ സ്ത്രീ സമൂഹത്തോട് ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

Always upto Date : രാധാ ഉണ്ണി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ജനറല്‍ മാനേജര്‍ പദവിയില്‍ നിന്ന് വിരമിച്ച ശേഷം 2011ലാണ് രാധാ ഉണ്ണി കാത്തലിക് സിറിയന്‍ ബാങ്കിന്റെ ( ഇപ്പോള്‍ സിഎസ്ബി ബാങ്ക്) ഡയറക്റ്റര്‍ ബോര്‍ഡിലെത്തുന്നത്. ഇപ്പോള്‍ കേരളത്തിലെ പ്രമുഖ കമ്പനികളായ വി ഗാര്‍ഡ് ഇന്‍ഡ്സട്രീസ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ്, നിറ്റ ജലാറ്റിന്‍, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് എന്നിവിടങ്ങളിലും ചെന്നൈയില്‍ ടിവിഎസ് ഗ്രൂപ്പിന് കീഴിലുള്ള നാല് കമ്പനികളുടെ ബോര്‍ഡിലും ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്ററായി സേവനമനുഷ്ഠിക്കുന്നു.
''അങ്ങേയറ്റം പ്രൊഫഷണലായ കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡിലേക്കുള്ള ക്ഷണം മാത്രമേ ഞാന്‍ സ്വീകരിക്കാറുള്ളൂ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ജനറല്‍ മാനേജര്‍ പദവിയിലുണ്ടായ ഒരു വ്യക്തി ഡയറക്റ്റര്‍ ബോര്‍ഡിലുണ്ടാകണമെന്ന പ്രൊഫഷണല്‍ രീതി പിന്തുടരാത്ത കമ്പനികളുടെ ക്ഷണമൊക്കെ നിരസിച്ചിട്ടുണ്ട്. നല്ല കമ്പനികള്‍ക്കൊത്ത് പ്രവര്‍ത്തിക്കുക എന്നതാണ് ശൈലി,'' രാധാ ഉണ്ണി പറയുന്നു.
ഏത് മേഖലയിലെ കമ്പനികളാണെങ്കിലും ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങളില്‍ വിദഗ്ധ മാര്‍ഗനിര്‍ദേശം വേണ്ടിവരും. ആ രംഗത്ത് തനിക്ക് ഇടപെടല്‍ നടത്താനാവുന്നുണ്ടെന്നതാണ് സംതൃപ്തി പകരുന്ന ഘടകമെന്ന് രാധാ ഉണ്ണി ചൂണ്ടിക്കാട്ടുന്നു.
''ഞാനെപ്പോഴും അപ്റ്റുഡേറ്റായിരിക്കാനാണ് ശ്രമിക്കുക. ആഗോളതലത്തിലെ ചലനങ്ങള്‍, ബിസിനസ് മേഖലയിലെ സംഭവവികാസങ്ങള്‍, പുതിയ അവസരങ്ങള്‍, കയറ്റുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കമോഡിറ്റി രംഗത്തെ പ്രവണതകള്‍ തുടങ്ങി എല്ലാം ശ്രദ്ധിക്കും. എന്നും പുതിയ കാര്യങ്ങള്‍ വായിക്കും.
അന്നന്നത്തെ സംഭവവികാസങ്ങള്‍ ശ്രദ്ധിക്കും. ഏത് ബോര്‍ഡിലിരുന്നും ഏത് ചര്‍ച്ച കേള്‍ക്കുമ്പോഴും അതില്‍ നമ്മളുടെ അഭിപ്രായം ആരായുന്ന അവസരത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ ഇതൊക്കെ ഉപകരിക്കും,'' രാധാ ഉണ്ണി പറയുന്നു.

വെല്ലുവിളികളെ ആസ്വദിക്കുക, അലര്‍ട്ടായിരിക്കുക
വെല്ലുവിളികളെ ആസ്വദിക്കുന്നുണ്ടാണ് ഇപ്പോഴും ഇത്രമാത്രം വലിയ കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നതെന്ന് രാധാ ഉണ്ണി പറയുന്നു. ''നമ്മള്‍ നിരന്തരം പുതിയ കാര്യങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നാല്‍ മെന്റലി അലര്‍ട്ടായിരിക്കും. വിവിധ കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡുകള്‍ വിഭിന്നമാണ്. അവയുടെ പ്രവര്‍ത്തന മേഖല വ്യത്യസ്തമാണ്.
ഒരു കമ്പനി വൈവിധ്യവല്‍ക്കരണത്തിനൊരുങ്ങുമ്പോള്‍ അത് അപ്പോള്‍ ചെയ്യാന്‍ പറ്റുന്നതാണോ, ഏത് മേഖലയിലേക്ക് കടക്കണം തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരും. ചിലപ്പോള്‍ ഓഡിറ്റിംഗിലെ തന്നെ ചില കാര്യങ്ങള്‍ വരും. അങ്ങനെ നിരവധി കാര്യങ്ങളില്‍ ഇടപെടലും ചര്‍ച്ചയില്‍ പങ്കാളിയാകലും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ മാനസികമായി നാം അലര്‍ട്ടായി ഇരിക്കുക തന്നെ ചെയ്യും,'' രാധാ ഉണ്ണി പറയുന്നു. അതിരാവിലെ ഉണര്‍ന്ന് വായനയും നോട്ട് തയ്യാറാക്കലുമാണ് രാധാ ഉണ്ണിയുടെ ശീലം.

പുതിയ തലമുറയോട് പറയാനുള്ളത്
സ്ത്രീകള്‍ക്കുള്ള ഏറ്റവും വലിയ പരിമിതി, അടിമുടി പ്രൊഫഷണല്‍ ആകാനുള്ള വിമുഖതയാണെന്ന് പറയുന്നു രാധാ ഉണ്ണി. '' അത് പാടില്ല. വനിതകള്‍ അങ്ങേയറ്റം പ്രൊഫഷണലാകണം,''
$ അറിവുകള്‍ നിരന്തരം തേച്ചുമിനുക്കി ഏത് വിഷയത്തെ കുറിച്ചും ധാരണയുള്ളവരായിരിക്കണം. ഏത് ചര്‍ച്ചാവേദിയിലും ഏത് വിഷയം ഉയര്‍ന്നുവന്നാലും പറയാന്‍ തന്റേതായ അഭിപ്രായം വേണം.
$ സ്വന്തമായി അഭിപ്രായം പറയേണ്ട വേദികളില്‍ അതിന് സജ്ജരായി തന്നെ പോവുക. പഠിച്ച്, നോട്ടെഴുതി, സംശയങ്ങളുണ്ടെങ്കില്‍ അത് കുറിച്ചെടുത്ത് പോവുക. ആ നോട്ട് മുന്നില്‍ വെച്ച് ചര്‍ച്ച ചെയ്യുക. ഞാന്‍ എല്ലാ ബോര്‍ഡ് മീറ്റിലും കൃത്യമായി നോട്ട് തയ്യാറാക്കി മാത്രമേ പോകാറുള്ളൂ
$ അഭിപ്രായങ്ങള്‍ തുറന്നുപറയുക. നല്ല ഭാഷയില്‍, വിനയത്തോടെ തന്നെ അവ അവതരിപ്പിക്കുക. തലകുലുക്കി എല്ലാം സമ്മതിക്കേണ്ടതില്ല.

നിരന്തര പഠനം, നിരന്തര പരിശ്രമം: അഞ്ജലി നായര്‍

ലോകമെമ്പാടുമുള്ള ഒട്ടനവധി എന്റര്‍പ്രൈസുകള്‍ക്ക് ഐറ്റി സേവനം നല്‍കുന്ന യുഎസ്ടി ഗ്ലോബലില്‍, 1999 ല്‍ അഞ്ജലി കരിയര്‍ ആരംഭിക്കുമ്പോള്‍ ലഭിച്ച ടീം നമ്പര്‍ പത്തായിരുന്നു. രാജ്യമെമ്പാടുമായി അന്ന് ടീമിലുണ്ടായത് 14 പേരും. രണ്ടുപതിറ്റാണ്ട് യുഎസ്ടി ഗ്ലോബലിനൊപ്പം സഞ്ചരിച്ച ശേഷമാണ്, അതിന്റെ സ്ഥാപകന്‍ കൂടിയായ സാജന്‍ പിള്ളയുടെ പുതിയ ചുവടുവെപ്പിനൊപ്പം ചേര്‍ന്ന് സംരംഭകത്വ മേഖലയിലേക്ക് അഞ്ജലി കടക്കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ലോകോത്തര നിലവാരമുള്ള വിശ്രമജീവിതമൊരുക്കുന്ന എസ് പി ലൈഫ്കെയര്‍ ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അഞ്ജലി പിന്നീട് വി ഗാര്‍ഡ് ഗ്രൂപ്പില്‍ നിന്നുള്ള എന്‍ര്‍ടെയ്മെന്റ് രംഗത്തെ കമ്പനിയായ വണ്ടര്‍ല ഹോളിഡേയ്സിന്റെ സ്വതന്ത്ര ഡയറക്റ്ററായി.
ടെക്നോളജി കമ്പനി, കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന മേഖലയിലെ കമ്പനി, ഹോം നഴ്സിംഗ്, സീനിയര്‍ ലിവിംഗ്, മെഡിക്കല്‍ വാല്യു ടൂറിസം, വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് കമ്പനികള്‍ക്ക് കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ നല്‍കുന്ന കമ്പനി തുടങ്ങി വിഭിന്ന മേഖലകളിലുള്ള കോര്‍പ്പറേറ്റുകളുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ അഞ്ജലിയുണ്ട്.
''ഐറ്റി വിവിധ രംഗങ്ങളിലെ കമ്പനികളുടെ പ്രവര്‍ത്തനം ശാക്തീകരിക്കുന്ന സംവിധാനമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി എന്റര്‍പ്രണര്‍ഷിപ്പ് അതിന്റെ പൂര്‍ണരൂപത്തില്‍ അറിയാന്‍ വേണ്ടിയാണ് സംരംഭകത്വ മേഖലയിലേക്ക് കടന്നത്. കമ്പനികള്‍ അവയുടെ ഡയറക്റ്റര്‍ ബോര്‍ഡില്‍ വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുടെ സാന്നിധ്യം ഉറപ്പാക്കി പ്രവര്‍ത്തനമികവ് ആര്‍ജ്ജിക്കാനുള്ള ശ്രമമാണ് ഇന്ന് നടത്തുന്നത്.
വണ്ടര്‍ലയുടെ ബോര്‍ഡിലേക്ക് ഡിജിറ്റല്‍, ടെക്നിക്കല്‍ സേവന രംഗത്തെ കേരളത്തില്‍ നിന്നുള്ള ഒരു ഡയറക്റ്ററെ കൊണ്ടുവരാന്‍ നടത്തിയ അന്വേഷണമാണ് അവരെ എന്നിലേക്ക് എത്തിച്ചത്,'' അഞ്ജലി പറയുന്നു.

വിജയത്തിന്റെ രഹസ്യചേരുവ

അഞ്ജലിയുമായി സംസാരിക്കുമ്പോള്‍ കടന്നുവരുന്ന ആശയങ്ങളില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമാണ്. നിരന്തര പ്രയത്നം, നിരന്തര പഠനം. പരിമിതികളെ അതിലംഘിക്കാന്‍ ഇവ രണ്ടും വനിതാ പ്രൊഫഷണലുകളെ ഏറെ സഹായിക്കുമെന്ന് അഞ്ജലി പറയുന്നു.
''ഒരു വനിതയെ ടീമിലെടുക്കുമ്പോള്‍ തന്നെ, ചില കാഴ്ചപ്പാടുകള്‍ അവിടെ നിലനില്‍ക്കുന്നുണ്ടാകും. അത്തരം കാഴ്ചപ്പാടുകള്‍ തിരുത്താനും ആരെക്കാളും പിന്നിലല്ല നമ്മളെന്ന് ബോധ്യപ്പെടുത്താനും ഒരു ടീമില്‍ നമ്മുടെ ശബ്ദം ശ്രദ്ധിക്കപ്പെടാനും നിരന്തര പ്രയത്നവും നിരന്തര പഠനവും അനിവാര്യമാണ്.
ആരും എല്ലാം പഠിച്ച് പെര്‍ഫെക്ടായവരല്ല. എല്ലാവരും പഠിതാക്കളാണ്. നമ്മളും. ഈ കാഴ്ചപ്പാട് എവിടെയും മുന്നോട്ട് പോകാന്‍ ഏറെ സഹായകരമാകും,'' അഞ്്ജലി പറയുന്നു.
ഒരിക്കലും പഠി്ച്ച് തീര്‍ന്നിട്ടില്ല എന്ന ഭാവമാണ് വേണ്ടത്. അത് നമ്മളെ കൂടുതല്‍ വിനയാന്വിതരാക്കും. കൂടുതല്‍ അറിവ് ആര്‍ജ്ജിക്കാന്‍ പ്രാപ്തരാക്കും. അറിയാത്ത കാര്യമെന്ന പേരില്‍ ഒന്നിനെയും മാറ്റി നിര്‍ത്താന്‍ സ്ത്രീകള്‍ തയ്യാറാകരുതെന്നും അഞ്ജലി പറയുന്നു. പ്രൊഫഷണല്‍ രംഗത്തായാലും ബിസിനസിലായാലും പടിപടിയായി വളരാന്‍ എല്ലാ രംഗത്തെ കുറിച്ചും കൃത്യമായ ധാരണയും അറിവും അനിവാര്യമാണ്.
പുതിയ കാര്യങ്ങള്‍ വായിച്ചറിയാന്‍ പ്രയോഗിച്ച് വിജയിച്ച ടെക്നിക്കും അഞ്ജലി വിശദമാക്കുന്നുണ്ട്. ''എനിക്കും വായിക്കാന്‍ താല്‍പ്പര്യമില്ലാത്ത വിഷയങ്ങളുണ്ടായിരുന്നു. താല്‍പ്പര്യമില്ലായ്മ മാറ്റിവെച്ച് പുതിയ കാര്യങ്ങള്‍ വായിക്കാന്‍ ഞാന്‍ അതില്‍ ഒരു കഥയുടെ ത്രെഡ് കണ്ടെത്താന്‍ തുടങ്ങി.
ഇഷ്ടമില്ലാത്ത വിഷയമാണെങ്കില്‍ പോലും അതിനെ ഒരു കഥപോലെ മനസ്സില്‍ വിഷ്വലൈസ് ചെയ്യും. അതോടെ ആ വിഷയത്തിലും വായനയിലും താല്‍പ്പര്യം വരും,'' ഒരു കാര്യം മാത്രം ചെയ്ത് അതില്‍ മാത്രം പ്രഗത്ഭരായിരിക്കുന്നവരേക്കാള്‍ വിവിധ രംഗങ്ങളെ കുറിച്ച് സമഗ്രമായ കാഴ്ചപ്പാടുള്ളവര്‍ക്കാണ് പുതിയ കാലത്ത് സാധ്യതയെന്ന് അഞ്ജലി ചൂണ്ടിക്കാട്ടുന്നു.
സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും മനസ്സും ശരീരവും ഊര്‍ജ്ജസ്വലമായി നിലനിര്‍ത്താനും സ്ത്രീകള്‍ സമയവും വഴിയും കണ്ടെത്തണം. ''യോഗ, മെഡിറ്റേഷന്‍, വര്‍ക്ക് ഔട്ട് ഇവയോടെയാണ് എന്റെ ദിവസം തുടങ്ങുന്നത്. ഗാര്‍ഡനിംഗിനും വായനയ്ക്കുമെല്ലാം എന്നും സമയം നീക്കിവെയ്ക്കുന്നുണ്ട്. എല്ലാ മേഖലയിലുമുള്ള പുസ്തകങ്ങള്‍ വായിക്കും. ഒരു പത്രം പൂര്‍ണമായും വായിക്കും. നമ്മളെ സ്വയം ചാര്‍ജ്ജ് ചെയ്ത് നിര്‍ത്താന്‍ ഇവയൊക്കെ ഉപകരിക്കും,''

പെണ്‍കുട്ടികളോട് പറയാനുള്ളത്

അവസരങ്ങളുടെ വലിയ ലോകമാണ് പെണ്‍കുട്ടികള്‍ക്ക് മുന്നിലുള്ളത്. അത് പ്രയോജനപ്പെടുത്താന്‍ അഞ്ജലിക്ക് പറയാനുള്ളത് ഇതാണ്.
$ പഠനത്തിന് ശാസ്ത്രീയ രീതികള്‍ തന്നെ അവലംബിക്കുക. കാണാതെ പഠിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുക എന്ന പഴഞ്ചന്‍ രീതി വി്ട്ട്, കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പറ്റുന്ന ശാസ്ത്രീയ മാര്‍ഗം സ്വീകരിക്കണം. അതൊരു ശീലമാക്കി മാറ്റുകയും വേണം.
$ പലപ്പോഴും ആണ്‍കുട്ടികള്‍ / പുരുഷന്മാര്‍ പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തുന്നത് കണക്കിലുള്ള അറിവിന്റെ അടിസ്ഥാനത്തിലാകും. കണക്ക് പഠിക്കുക. ഫിനാന്‍സ്/ എക്കൗണ്ടിംഗ് സ്ത്രീകള്‍ക്കും വഴങ്ങും. മനസ്സും ബുദ്ധിയും ഷാര്‍പ്പായി നിലനിര്‍ത്താന്‍ മാത്്സ് പഠനം വേണം.
$ ഏത് വെല്ലുവിളിയും സ്വീകരിക്കുക. ആരും ഒന്നും നമുക്ക് തളികയില്‍ വെച്ച് നീട്ടി തരില്ല. തേടിപ്പിടിക്കുക. ക്ഷണിക്കാത്ത വേദികളില്‍ പോലും ശ്രോതാവായോ കാഴ്ചക്കാരിയായോ കടന്നുചെല്ലുക. പുതിയ കാര്യങ്ങള്‍ പഠിക്കുക. ചിലപ്പോള്‍ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരും. നിരുത്സാഹപ്പെടുത്തലുകളുണ്ടാകും. കാര്യമാക്കണ്ട. ഇന്ന് വിജയികളായി നില്‍ക്കുന്നവരെല്ലാം ഒരുകാലത്ത് ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്.
$ പഠനം ജീവിതത്തിന്റെ ഭാഗമാക്കുക. പരീക്ഷയെഴുതാനോ വിജയിക്കാനോ ഉള്ളതായി പഠനത്തെ ഒതുക്കരുത്. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തരുത്. ഒരു ഗ്രൂപ്പിലിരിക്കുമ്പോള്‍ പല കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യും. കാരണം അവിടെ പലമേഖലയിലെ വിദഗ്ധര്‍ കാണും. അവിടെ വെച്ച് നമ്മുടെ ശബ്ദം ശ്രദ്ധിക്കപ്പെടണമെങ്കില്‍ അറിവോടെ നമ്മളും സംസാരിക്കേണ്ടിയിരിക്കുന്നു. അത്തരം അറിവുകള്‍ നേടാന്‍ പഠനം ശീലമാക്കുക.


Tags:    

Similar News