ആര്‍ബിഐയുടെ നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ വായ്പാ പലിശ നിരക്കുയര്‍ത്തി ഈ ബാങ്കുകള്‍

ഭവനവായ്പാ തിരിച്ചടവുള്ളവര്‍ക്ക് ബാധ്യത കൂടും

Update: 2022-10-05 07:00 GMT

നാലാം തവണയും റീപോ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). കേന്ദ്രബാങ്കിന്റെ ഈ നിരക്കുയര്‍ത്തല്‍ ഉണ്ടാകുമ്പോള്‍ തന്നെ ബാങ്കുകളുടെ ഭാഗത്ത് നിന്നും നിരക്കുവര്‍ധന ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്. നിക്ഷേപ പലിശ നിരക്കുകള്‍ മാത്രമല്ല വായ്പാ പലിശയും സ്വാഭാവികമായും ഉയരും. ഇപ്പോളിതാ ആര്‍ബിഐ നിരക്കു വര്‍ധനയ്ക്ക് പിന്നാലെ വിവിധ ബാങ്കുകള്‍ വായ്പാ പലിശ നിരക്കുയര്‍ത്തിയിരിക്കുകയാണ്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ രാജ്യത്തെ പ്രമുഖ വായ്പാ ദാതാക്കളാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്. ഒക്ടോബര്‍ 1 മുതല്‍ പുതുക്കിയ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. നാല് തവണയായി ആര്‍ബിഐ 190 ബേസിസ് പോയിന്റ് പലിശ ഉയര്‍ത്തി. ഏറ്റവുമൊടുവില്‍ ആര്‍ബിഐ 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയപ്പോള്‍ റീപോ നിരക്കുകള്‍ 5.9 ശതമാനത്തില്‍ നില്‍ക്കുകയാണ്. പണപ്പെരുപ്പം അനിയന്ത്രിതമായതോടെ 2022 മെയ് മുതലാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തി തുടങ്ങിയത്..

നവരാത്രിആഘോഷങ്ങളുടെ ഭാഗമായി കടമെടുപ്പ് വര്‍ധിക്കുമെന്ന് അനുമാനമുണ്ടായിരുന്നുവെങ്കിലും ഇത്തവണ പലിശ നിരക്ക് ഉയര്‍ന്നതോടെ കടമെടുപ്പ് കുറയാനാണ് സാധ്യത.

റീപ്പോ നിരക്കും റിവേഴ്‌സ് റീപ്പോയും
രാജ്യത്തെ ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന തുകയുടെ പലിശ നിരക്കാണ് റീപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ നിരക്ക് എന്നത് ബാങ്കുകള്‍ ആര്‍ബിഐയില്‍ നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശ നിരക്കാണ്.


Tags:    

Similar News