ടി.സി.എസിന്റെ ഓഹരി ബൈബാക്ക് തുടങ്ങി, ഓഹരി തിരിച്ച് നല്‍കുന്നത് നേട്ടമോ?

നിലവിലെ വിലയേക്കാള്‍ 18% അധിക വിലയ്ക്കാണ് 4.02 കോടി ഓഹരികള്‍ തിരികെവാങ്ങുന്നത്;

Update:2023-12-02 12:34 IST
ടി.സി.എസിന്റെ ഓഹരി ബൈബാക്ക് തുടങ്ങി, ഓഹരി തിരിച്ച് നല്‍കുന്നത് നേട്ടമോ?
  • whatsapp icon

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (TCS) ഓഹരി തിരിച്ചു വാങ്ങല്‍ (buy back) ആരംഭിച്ചു. ഡിസംബര്‍ ഏഴാണ് അവസാന തീയതി. ഡിസംബര്‍ 14ന് സെറ്റില്‍മെന്റ് നടത്തും. റെക്കോഡ് തീയതി നവംബര്‍ 25 ആയിരുന്നു. 17,000 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചു വാങ്ങുക. 4.02 കോടിയുടെ ഓഹരികള്‍ (1.1%) ഇതുവഴി തിരിച്ചെടുക്കും. 2017 മുതല്‍ ഇത് അഞ്ചാം തവണയാണ് കമ്പനി ഓഹരി തിരിച്ചുവാങ്ങുന്നത്.

തിരിച്ചെടുക്കൽ വില 4,150 രൂപ
ഒരു ഓഹരിക്ക് 4,150 രൂപ നിരക്കിലാണ് തിരിച്ചു വാങ്ങല്‍. നിലവില്‍ 3,511 രൂപയിലാണ് ടി.സി.എസ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അതായത് നിലവിലെ വിലയേക്കാള്‍ 18 ശതമാനത്തിലധികം പ്രീമിയത്തിലാണ് ഓഹരികള്‍ തിരിച്ചുവാങ്ങുന്നത്.
രണ്ട് ലക്ഷം രൂപവരെ നിക്ഷേപമുള്ള ചെറുകിട നിക്ഷേപകരില്‍ നിന്ന് ആറ് ഓഹരികള്‍ക്ക് ഒന്നെന്ന രീതിയിലാണ് തിരിച്ചെടുക്കൽ. ഇത്തരത്തില്‍ മൊത്തം ഓഹരികളുടെ 17 ശതമാനം വരെ തിരികെ നല്‍കാനാകും.  എല്ലാ നിക്ഷേപകരും ബൈബാക്കില്‍ പങ്കെടുത്തേക്കില്ല എന്നതിനാല്‍ ഇത്   (final acceptance ratio) 30-35 ശതമാനം വരെയാകാനും സാധ്യതയുണ്ട്. 2017ലും 2018ലും 2020ലും ബൈബാക്ക് നടത്തിയപ്പോള്‍ ആക്‌സപ്റ്റന്‍സ് റേഷ്യോ 100 ശതമാനമായിരുന്നു. എന്നാല്‍ 2022ല്‍ ഇത് 24 ശതമാനത്തിനടുത്തായിരുന്നു.
ബൈബാക്ക് സെറ്റില്‍മെന്റിനു ശേഷവും നിക്ഷേപകര്‍ക്ക് അത്രയും എണ്ണം തന്നെ ഓഹരികള്‍ അപ്പോഴത്ത വിപണി വിലയില്‍ വാങ്ങാനും ദീര്‍ഘകാല നിക്ഷേപം നടത്താനും സാധിക്കും.

കുതിപ്പില്ലാതെ ഓഹരി

ബൈബാക്ക് പ്രഖ്യാപനത്തിനു ശേഷം ഓഹരി വിലയില്‍ വലിയ കുതിപ്പുണ്ടായിട്ടില്ല. കഴിഞ്ഞ ഒരു മാസത്തെ ഓഹരിയുടെ നേട്ടം 3.92 ശതമാനം മാത്രമാണ്. ഇന്നലെ ഓഹരി തിരിച്ചു വാങ്ങല്‍ ആരംഭിച്ചതും ഓഹരിയിൽ  വലിയ മാറ്റം വിലയിലുണ്ടാക്കിയില്ല. 0.68 ശതമാനത്തിന്റെ നേരിയ വര്‍ധനയോടെ 3,511.65 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. പ്രമോട്ടര്‍മാര്‍ക്ക് നിലവില്‍ 72.30 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. 100 ശതമാനം ബൈബാക്ക് നടന്നാല്‍ പ്രമോട്ടര്‍ ഓഹരി വിഹിതം 72.41 ആയി ഉയരും.

ടാറ്റ ഗ്രൂപ്പ് കമ്പനികളായ ടാറ്റസണ്‍സും ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും ബൈബാക്കില്‍ പങ്കെടുക്കാന്‍ താത്പര്യം കാണിച്ചിട്ടുണ്ട്. പരമാവധി 29.61 ലക്ഷം ഓഹരികള്‍ തിരിച്ചു നല്‍കിയേക്കാം.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

എന്താണ് ഷെയര്‍ ബൈബാക്ക്?

ഓപ്പണ്‍ മാര്‍ക്കറ്റിലുള്ള കമ്പനിയുടെ ഓഹരികള്‍ കുറയ്ക്കുന്നതിനായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടിയാണ് ഓഹരി തിരികെ വാങ്ങല്‍ അഥവാ ഷെയര്‍ ബൈബാക്ക്. മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ നിശ്ചിത ഓഹരികള്‍ തിരിച്ചു വാങ്ങുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് വഴി പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കുറയും. നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും നിശ്ചിത കാലാവധിക്കുള്ളില്‍ നേരിട്ടു വാങ്ങിയുമാണ് കമ്പനികള്‍ ഓഹരി തിരിച്ചെടുക്കുന്നത്. ടി.സി.എസ് ഇതു വരെ ടെണ്ടര്‍ ഓഫര്‍ വഴിയാണ് ബൈബാക്ക് നടത്തിയിട്ടുള്ളത്.
നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ഷെയര്‍ ബൈബാക്കിനായി കമ്പനികള്‍ വാഗ്ദാനം ചെയ്യുക. അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ ഓഹരിയില്‍ നിന്ന് ലഭിച്ചേക്കാവുന്ന നേട്ടം ഇപ്പോള്‍ നേടാന്‍ നിക്ഷേപകര്‍ക്ക് ഇതു വഴി സാധിക്കും.
ഹ്രസ്വകാലത്തില്‍ നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക് ടി.സി.എസ് ബൈബാക്ക് പ്രയോജനപ്പെടുത്തുന്നതു ഗുണമാണെങ്കിലും ഐ.ടി ഇന്‍ഡസ്ട്രിയുടേയും കമ്പനിയുടേയും ഭാവി വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ഓഹരിയില്‍ തുടരുന്നതാണ് നല്ലതെന്നാണ് നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News