രണ്ടാം ദിവസവും കുതിപ്പുമായി കിറ്റെക്‌സ്, ഇന്ന് വര്‍ധിച്ചത് 28 രൂപ

തെലങ്കാനയില്‍ നിക്ഷേപിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഓഹരി വില കുതിച്ചുയര്‍ന്നത്

Update: 2021-07-12 12:34 GMT

ഓഹരി വിപണിയില്‍ രണ്ടാം ദിനവും കുതിപ്പുമായി കിറ്റെക്‌സ്. സംസ്ഥാന സര്‍ക്കാരുമായുള്ള വിവാദങ്ങള്‍ക്കിടെ തെലങ്കാനയില്‍ നിക്ഷേപം നടത്തുമെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരി വില കുതിച്ചുയര്‍ന്നത്. കിറ്റെക്‌സിന്റെ ഓഹരി വില ഇന്ന് 28.10 രൂപ വര്‍ധിച്ച് 168.65 രൂപയിലെത്തി. ഓഹരി വില 19.99 ശതമാനമാണ് കൂടിയത്. കഴിഞ്ഞദിവസം സാബു എം ജേക്കബ് തെലങ്കാന സന്ദര്‍ശിക്കുകയും ആദ്യഘട്ടത്തില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തെലങ്കാനയില്‍ നിക്ഷേപം നടത്താനുള്ള ക്ഷണം സ്വീകരിച്ചത് നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനിടെ 48 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഓഹിവിപണിയിലുണ്ടായിട്ടുള്ളത്. 54.90 രൂപയുടെ വര്‍ധന. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 108 - 117 രൂപയില്‍ ചാഞ്ചാടിയിരുന്ന ഓഹരി വിലയാണ് വിവാദങ്ങള്‍ക്കിടെ 150 ഉം കടന്ന് 168 ലെത്തിയത്. നേരത്തെ 2015 ജൂണ്‍ മൂന്നിനാണ് കിറ്റെക്‌സ് അതിന്റെ ഏറ്റവും ഉയര്‍ന്ന ഓഹരി വിലയായ 749 ലെത്തിയിരുന്നത്.
കുഞ്ഞുങ്ങള്‍ക്കുള്ള ഉടുപ്പ് നിര്‍മാണമേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് നിര്‍മാതാക്കളില്‍ ഒന്നാണ് കിറ്റെക്സ്. Gerber, Carter's, Walmart, Target, Amazon തുടങ്ങിയവരെല്ലാം കിറ്റെക്സിന്റെ പ്രമുഖ ഇടപാടുകാരാണ്. ലിറ്റില്‍ സ്റ്റാര്‍ എന്ന സ്വന്തം ബ്രാന്‍ഡും കമ്പനിക്കുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രതിദിന ഉല്‍പ്പാദന ശേഷി 4,32,000 യൂണിറ്റുകളാണ്.




Tags:    

Similar News