രാജ്യത്ത് ക്രിപ്‌റ്റോകറന്‍സികളെ നിരോധിച്ചേക്കില്ല, ആസ്തിയായി പരിഗണിക്കാന്‍ നീക്കം. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ സാധ്യത ഉള്ളതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ക്രിപ്‌റ്റോകളെ ആസ്തിയായി പരിഗണിച്ചേക്കും.
നിര്‍ദിഷ്ട നിയമപ്രകാരം ക്രിപ്റ്റോകറന്‍സിയെ ക്രിപ്റ്റോ-അസറ്റ്(ആസ്തി)ആയി പുനര്‍നാമകരണം ചെയ്യാനാനാണ് സാധ്യത. ക്രിപ്റ്റോ എക്സ്ചേഞ്ചുകളെല്ലാം ഇതോടെ സെബിയുടെ നിയന്ത്രണത്തില്‍വരും. സെബി രജിസ്‌റ്റേര്‍ഡ് പ്ലാറ്റ്ഫോമിലൂടെയും എക്സ്ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴ നേരിടേണ്ടി വരുമെങ്കിലും നിയമവശങ്ങളെക്കുറിച്ച് ഇനിയും വ്യക്തത കൈവരേണ്ടതുണ്ടെന്നാണ് അറിയുന്നത്.
നിലവില്‍ രാജ്യത്ത് ക്രിപ്‌റ്റോ വിനിമയം നടക്കുന്നുണ്ടെങ്കിലും അവ വിദേശ ഏജന്‍സികളുമായി ലിങ്ക് ചെയ്ത ബ്ലോക്‌ചെയ്ന്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ നിയമങ്ങളുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ തന്നെ നിക്ഷേപകര്‍ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കുന്നില്ല. എന്നാല്‍ സെബിക്ക് കീഴില്‍ വരുന്നതോടുകൂടി സുരക്ഷിതത്വം ഉറപ്പായേക്കും. കൂടുതല്‍ സുതാര്യതയും കൈവന്നേക്കുമെന്ന് മേഖലയിലുള്ളവര്‍ പറയുന്നു.
ആഗോളതലത്തില്‍പ്പോലും ക്രിപ്റ്റോയ്ക്ക് റെഗുലേറ്ററി സംവിധാനമില്ല. എല്ലാ ഇടപാടുകളും എക്സ്ചേഞ്ചുകളിലൂടെ മാത്രമാണ്. അതുകൊണ്ടുതന്നെ എല്ലാ ഇടപാടുകളും ഓരോ വാലറ്റും സൂക്ഷിക്കാന്‍ കേന്ദ്രീകൃത ഡീമാറ്റ് സംവിധാനം ഒരിക്കേണ്ടി വരാനും ഇടയുണ്ട്.
ക്രിപ്റ്റോയെ ആസ്തിയായി പരിഗണിക്കുന്നതോടൊപ്പം റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുമായി സാമ്യമില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി ബില്ലുമായും ബന്ധമുണ്ടാവില്ല.
Read DhanamOnline in English
Subscribe to Dhanam Magazine