Markets

എല്‍ഐസി ഐപിഒ നിക്ഷേപകര്‍ക്ക് ഗുണകരമാകുമോ? സാധ്യതകള്‍ ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഓഹരി വിപണിയില്‍ എത്തുമ്പോള്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് എന്ത്?

Ibrahim Badsha

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും (Insurance Company) കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ളതുമായ എല്‍ഐസി (LIC) പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്നത്. നേരത്തെ, 54000-90000 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നിലവില്‍ 22,000 കോടി രൂപയുടെ ഐപിഒയാണ് എല്‍ഐസി തുറന്നിരിക്കുന്നത്. എല്‍ഐസി ഐപിഒയില്‍ പങ്കെടുക്കുന്ന പോളിസി ഉടമകള്‍ക്കും റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കുമായി ഡിസ്‌കൗണ്ടും ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഐപിഒയില്‍ ലഭ്യമാണ്. എന്നിരുന്നാലും എല്‍ഐസി ഐപിഒ നിക്ഷേപകര്‍ക്ക് ഗുണകരമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സാധ്യതകള്‍ ഇങ്ങനെ

1) ഏതൊരു ഇന്‍ഷുറന്‍സ് കമ്പനിയും ഓഹരി വിപണിയിലേക്ക് വരുമ്പോള്‍ അതിന്റെ എംബഡഡ് വാല്യു നിര്‍ണയിക്കാറുണ്ട്. ആ കമ്പനിയുടെ ഭാവിയിലുണ്ടാകുന്ന ലാഭത്തിന്റെ നിലവിലെ വാല്യു എത്രയെന്നതാണ് എംബഡഡ് വാല്യു നിര്‍ണയത്തിലൂടെ ഉദ്ദേശിക്കുന്നത്. എല്‍ഐസിയെ സംബന്ധിച്ചിടത്തോളം 5.4 ലക്ഷം കോടി രൂപയാണിത്. അതിന്റെ 1.1 മടങ്ങ് മാത്രമാണ് ഇപ്പോള്‍ എല്‍ഐസിയുടെ മൂല്യമായി കണക്കാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഇതിന് മുമ്പ് നിരവധി ഇന്‍ഷുറന്‍സ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഐസിഐസിഐ എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. ഇവയെല്ലാം ഓഹരി വിപണിയില്‍ അതിന്റെ എംബഡഡ് വാല്യുവിന്റെ 3.41 മടങ്ങ് അധികം മൂല്യത്തിലാണ് ലിസ്റ്റ് ചെയ്തത്. അതിനാല്‍ തന്നെ നിലവിലെ പ്രൈസ് ബാന്‍ഡായ 902-949 രൂപ എന്നതിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ എല്‍ഐസി ലിസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2) നിലവില്‍ നിശ്ചയിച്ചിരിക്കുന്ന പ്രൈസ് ബാന്‍ഡായ 902-949 രൂപയുടെ പി/ഇ അനുപാതം (ഒരു ഓഹരിയില്‍നിന്നുള്ള വരുമാന അനുപാതം) 191-201 ആണ്. ഇത് ഇന്‍ഡസ്ട്രി പി/ഇ അനുപാതമായ 79.77 നേക്കാള്‍ കൂടുതലാണ്. അതിനാല്‍ തന്നെ പി/ഇ അനുപാതം അനുസരിച്ചാണ് എല്‍ഐസിയുടെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതെങ്കില്‍ 400 രൂപയ്ക്കടുത്തായിരിക്കും ഓഹരി വിലയുണ്ടാവുക. എന്നാല്‍, കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ പി/ഇ അനുപാതം ലിസ്റ്റിംഗ് വിലയെ സ്വാധീനിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

3) ഏറെ പ്രതീക്ഷകളോടെയാണ് കേന്ദ്രസര്‍ക്കാര്‍ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്നത്. നേരത്തെ, 54000-90000 കോടി രൂപയുടെ ഐപിഒ നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കില്‍ ആഗോളപ്രതിസന്ധികള്‍ കാരണം വിപണി അനിശ്ചിതത്വത്തിലായതോടെ ഐപിഒ തുക കുറയ്ക്കുകയായിരുന്നു. കൂടുതല്‍ കമ്പനികളെ വിപണിയില്‍ എത്തിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതിനാല്‍ തന്നെ എല്‍ഐസി ഐപിഒ വിജയകരമാക്കുക എന്നത് കേന്ദ്രത്തിന്റെ അഭിമാനപ്രശ്‌നങ്ങളാണ്. പ്രത്യേകിച്ച്, എല്‍ഐസി ഐപിഒയ്‌ക്കെതിരേ പ്രതിപക്ഷം രംഗത്തുവന്ന സാഹചര്യത്തില്‍. അതിനാല്‍ എല്‍ഐസി ഐപിഒ ഏതുവിധേനയും വിജയകരമാക്കാനായിരിക്കും കേന്ദ്രം ശ്രമിക്കുക.

സാധ്യതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദീര്‍ഘകാല നിക്ഷേപം എന്ന നിലയിലാണ് എല്‍ഐസിയെ ഭൂരിഭാഗം ബ്രോക്കറേജുകളും നിര്‍ദേശിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT