പലിശപ്പേടിയില്‍ തളര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും; രൂപ റെക്കോഡ് താഴ്ചയില്‍

കേന്ദ്രബാങ്കുകള്‍ പലിശഭാരം കൂട്ടുമോയെന്ന ഭീതി തിരിച്ചടിയായി; തിരിച്ചുകയറി ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്കും മുന്നോട്ട്

Update:2023-09-18 17:53 IST

ആഗോളതലത്തില്‍ വീണ്ടും പലിശപ്പേടി ശക്തമായതോടെ നഷ്ടത്തിലേക്ക് വീണ് ഇന്ത്യന്‍ ഓഹരി സൂചികകളും. 16 വര്‍ഷത്തിനിടയിലെ ഏറ്റവും നീണ്ട നേട്ടക്കുതിപ്പിന് വിരാമമിട്ടാണ് സെന്‍സെക്‌സിന്റെ ഇന്നത്തെ വീഴ്ച.

തുടര്‍ച്ചയായി 11 ദിവസം നേട്ടത്തില്‍ തുടര്‍ന്ന ശേഷമാണ് ഇന്ന് നഷ്ടം രുചിച്ചത്. ആഗോള ഓഹരി വിപണികളില്‍ നഷ്ടം ദൃശ്യമായപ്പോള്‍ തന്നെ ഇന്ത്യന്‍ സൂചികകളും ഇടിയുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. കണക്കുകൂട്ടലുകള്‍ ശരിവയ്ക്കുംവിധം ഇന്ന് വ്യാപാരത്തുടക്കം മുതല്‍ അവസാനം വരെ നഷ്ടപാതയിലായിരുന്നു സൂചികകളുടെ യാത്ര.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 

 

അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് അടക്കം 5 പ്രമുഖ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ വൈകാതെ പണനയം പ്രഖ്യാപിക്കുന്നുണ്ട്. അമേരിക്കയുടേത് ബുധനാഴ്ച അറിയാം. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ കൂട്ടിക്കഴിഞ്ഞു. പണപ്പെരുപ്പം പിടിച്ചുനിറുത്താന്‍ പലിശഭാരം വീണ്ടും കൂട്ടിയേക്കുമെന്ന വിലയിരുത്തലുകളാണ് ഓഹരികളെ പ്രധാനമായും തളര്‍ത്തുന്നത്.
വിനായക ചതുർത്ഥി പ്രമാണിച്ച് നാളെ (ചൊവ്വ) ഓഹരി വിപണിക്ക് അവധിയാണ്.
വിപണിയുടെ ട്രെന്‍ഡ്
സെന്‍സെക്‌സ് 241.79 പോയിന്റ് (0.36%) താഴ്ന്ന് 67,596.84ലും നിഫ്റ്റി 59.05 പോയിന്റ് ഇടിഞ്ഞ് (0.29%) 20,133.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സില്‍ ഇന്ന് 1,642 ഓഹരികള്‍ നേട്ടത്തിലും 2,143 എണ്ണം നഷ്ടത്തിലുമായിരുന്നു. 162 ഓഹരികളുടെ വില മാറിയില്ല. 234 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 26 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍-സര്‍കീട്ടില്‍ കമ്പനികളൊന്നും ഉണ്ടായില്ല; നാല് കമ്പനികള്‍ ലോവര്‍-സര്‍കീട്ടിലായിരുന്നു.
നഷ്ടത്തിലേക്ക് വീണവര്‍
വാഹനം, ഊര്‍ജം, പൊതുമേഖലാ ബാങ്ക് ഓഹരികളിലെ വാങ്ങല്‍ താത്പര്യം ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഓഹരി സൂചികകളുടെ നഷ്ടം ഇതിലും കനത്തതാകുമായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ വന്‍കിട ഓഹരികളിലെ വില്‍പന സമ്മര്‍ദ്ദമാണ് പ്രധാനമായും സെന്‍സെക്‌സിനെ ഇന്ന് തളര്‍ത്തിയത്. ഭാരതി എര്‍ടെല്‍, അള്‍ട്രടെക് സിമന്റ്, വിപ്രോ എന്നിവയുടെ വീഴ്ചയും തിരിച്ചടിയായി.
ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക് വീണവർ 

 

നിഫ്റ്റി മീഡിയ, മെറ്റല്‍, റിയല്‍റ്റി സൂചികകള്‍ ഇന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഐ.ടി., ഫാര്‍മ, സ്വകാര്യബാങ്ക് ഓഹരി സൂചികകളും ചുവന്നു. 0.54 ശതമാനം താഴ്ന്ന് 45,979.85ലാണ് നിഫ്റ്റി ബാങ്ക്. നിഫ്റ്റി മിഡ്ക്യാപ്പ് 0.42 ശതമാനം, സ്‌മോള്‍ക്യാപ്പ് 0.54 ശതമാനം എന്നിങ്ങനെയും താഴേക്കിറങ്ങി.
വൊഡാഫോണ്‍-ഐഡിയ, സിന്‍ജീന്‍ ഇന്റര്‍നാഷണല്‍, ഐ.ആര്‍.എഫ്.സി., നൈക (എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ്), പൂനാവാല ഫിന്‍കോര്‍പ്പ് എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.
2022ലെ സ്‌പെക്ട്രം വാങ്ങിയ കുടിശികയിനത്തില്‍ കേന്ദ്രത്തിന് നല്‍കാനുള്ള തുകയില്‍ 1,700 കോടി രൂപ അടച്ചിട്ടും വൊഡാഫോണ്‍-ഐഡിയ ഓഹരികള്‍ ഇന്ന് നഷ്ടത്തിലായി. അമേരിക്കന്‍ ടെലികോം കമ്പനിയായ വെരിസോണ്‍, ആമസോണ്‍, സ്റ്റാര്‍ലിങ്ക് എന്നിവ വൊഡാഫോണ്‍-ഐഡിയയില്‍ ഓഹരി പങ്കാളിത്തം ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇത് വൊഡാഫോണ്‍-ഐഡിയ നിഷേധിച്ച പശ്ചാത്തലത്തിലാണ് ഓഹരി വില ഇടിഞ്ഞത്.
നേട്ടത്തിലേറിയവര്‍
നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചിക തുടര്‍ച്ചയായ നാലാം ദിവസമാണ് നേട്ടത്തിലേറുന്നത്. 20 ശതമാനം കുതിപ്പുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് ഇന്നത്തെ നേട്ടത്തിന് നായകത്വം വഹിച്ചത്. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂകോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് തുടങ്ങിയവയും 10 ശതമാനത്തിലധികം നേട്ടത്തോടെ മികച്ച പിന്തുണ നല്‍കി.
3.39 ശതമാനമാണ് നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചികയുടെ കുതിപ്പ്. നിഫ്റ്റി ഓട്ടോ 0.84 ശതമാനം, ഫാര്‍മ 0.58 ശതമാനം എന്നിങ്ങനെയും നേട്ടത്തിലാണ്.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

മികച്ച വായ്പാ ഡിമാന്‍ഡും വായ്പാ വിതരണ വളര്‍ച്ചയും, ഭേദപ്പെട്ട ആസ്തി നിലവാരം തുടങ്ങിയ അനുകൂല ഘടകങ്ങളാണ് പൊതുമേഖലാ ബാങ്ക് ഓഹരികള്‍ക്ക് കരുത്താവുന്നത്.
സെന്‍സെക്‌സില്‍ പവര്‍ഗ്രിഡ്, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍.ടി.പി.സി., ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 3,000 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ കിട്ടിയ ആവേശത്തില്‍ ഭാരത് ഇലക്ട്രോണിക്‌സിന്റെ ഓഹരികള്‍ 3 ശതമാനത്തിലധികം മുന്നേറി.
ബെര്‍ജര്‍ പെയിന്റ്‌സ്, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഭാരത് ഇലക്ട്രോണിക്‌സ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
കേരള ഓഹരികളുടെ പ്രകടനം
വിരലിലെണ്ണാവുന്ന കേരള ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടത്തിലുള്ളത്. 16.46 ശതമാനം ഉയര്‍ന്ന പി.ടി.എല്‍ എന്റര്‍പ്രൈസസാണ് മുന്നില്‍. സ്വതന്ത്ര ഡയറക്ടര്‍ ശ്രീധര്‍ കല്യാണസുന്ദരം ബാങ്ക് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്, രാജിവച്ച് കോളിളക്കം സൃഷ്ടിച്ചത് തുടക്കത്തില്‍
ധനലക്ഷ്മി ബാങ്ക് (Click here to view more)
ഓഹരികളെ തളര്‍ത്തിയെങ്കിലും പിന്നീട് ഓഹരികള്‍ തിരിച്ചുകയറി. വ്യാപാരാന്ത്യം 4.44 ശതമാനം നേട്ടത്തിലാണ് ബാങ്കിന്റെ ഓഹരികള്‍.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ 25 രൂപ കടന്നുവെന്ന പ്രത്യേകതയുണ്ട്. ഇന്ന് 3.46 ശതമാനം വര്‍ദ്ധിച്ച് വില 25.45 രൂപയായി. സി.എസ്.ബി ബാങ്ക് 2.65 ശതമാനം, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ് 2.13 ശതമാനവും നേട്ടമുണ്ടാക്കി.
5.62 ശതമാനം ഇടിഞ്ഞ ബി.പി.എല്ലാണ് നഷ്ടത്തില്‍ മുന്നില്‍. കഴിഞ്ഞ വെള്ളിയാഴ്ച ബി.പി.എല്‍ ഓഹരി 20 ശതമാനം ഉയര്‍ന്നിരുന്നു.
ഈസ്റ്റേണ്‍ ട്രെഡ്‌സ്, കിംഗ്‌സ് ഇന്‍ഫ്ര, ഫാക്ട്, ഇന്‍ഡിട്രേഡ്, മുത്തൂറ്റ് കാപ്പിറ്റല്‍ എന്നിവ 2-4.8 ശതമാനം നഷ്ടത്തിലാണ്.
രൂപയ്ക്ക് വന്‍ വീഴ്ച
ക്രൂഡോയില്‍ വില വര്‍ദ്ധന, ഉയര്‍ന്ന ഡോളര്‍ ഡിമാന്‍ഡ് എന്നിവമൂലം രൂപയുടെ മൂല്യം ഇന്ന് റെക്കോഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി.
83.18ല്‍ നിന്ന് 83.26ലേക്കാണ് ഇന്ന് മൂല്യം ഇടിഞ്ഞത്. ഇത് റെക്കോഡ് ക്ലോസിംഗ് താഴ്ചയാണ്. ഈമാസം ആദ്യം കുറിച്ച 83.21 ആണ് പഴങ്കഥയായത്. അതേസമയം, രൂപയുടെ എക്കാലത്തെയും താഴ്ന്ന മൂല്യം കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വ്യാപാരത്തിനിടെ എത്തിയ 83.29 ആണ്.
ക്രൂഡോയില്‍ വില 90 രൂപയ്ക്ക് മേല്‍ തുടരുകയാണ്. ഡബ്ല്യു.ടി.ഐ ക്രൂഡ് ബാരലിന് 91.30 ഡോളറിലും ബ്രെന്റ് ക്രൂഡ് 94.43 ഡോളറിലുമാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞവാരം ഔണ്‍സിന് 1,910 ഡോളറിന് താഴെയായിരുന്ന രാജ്യാന്തര സ്വര്‍ണവിലയും ഓഹരികളുടെ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഡിമാന്‍ഡ് നേടിക്കുതിക്കുകയാണ്. ഇന്ന് വിലയുള്ളത് 1,926 ഡോളറിലാണ്. ഇതേ ട്രെന്‍ഡ് നിലനിറുത്തിയാല്‍ വില വൈകാതെ 1,980 ഡോളര്‍ കടന്നേക്കും. ഇത്, കേരളത്തില്‍ ഉള്‍പ്പെടെ വിലക്കുതിപ്പിന് വഴിവയ്ക്കും.
Tags:    

Similar News