ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 27, 2022
എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് സ്വന്തമായി. അതിവേഗം ഒരു ലക്ഷം ബുക്കിംഗ് കടന്ന് മഹീന്ദ്ര എക്സ്.യു.വി 700. ലാഭത്തില്‍ 53% കുതിച്ചുചാട്ടം രേഖപ്പെടുത്തി സാംസംഗ്. സ്വര്‍ണവില ഇന്ന് താഴ്ന്നു. വീണ്ടുമിടിഞ്ഞ് സൂചികകള്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് സ്വന്തമായി
കാത്തിരിപ്പിനൊടുവില്‍ എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ സ്വന്തമായി. ടാറ്റ കുടുംബത്തില്‍ പിറന്ന എയര്‍ ഇന്ത്യ 1953 ലായിരുന്നു സര്‍ക്കാര്‍ ഏറ്റെടുത്തത്. പിന്നീട് കടം കൊണ്ട് നിലുറപ്പിക്കാനാകാതെ ദിശയില്ലാതെ പറന്ന എയര്‍ലൈന്‍സിന് തുണയായത് ടാറ്റ തന്നെ. ശരിക്കും പറഞ്ഞാല്‍ തങ്ങളുടെ സ്വന്തം എര്‍ലൈന്‍സിനെ വലിയ വില കൊടുത്ത് ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ തലാസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുകയായിരുന്നു. 'ഔപചാരിക നടപടികള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ അവസാനിച്ചു. എയര്‍ ഇന്ത്യയുടെ പുതിയ ഉടമയായ തലാസ് പ്രൈവറ്റ് ലിമിറ്റഡിന് ഓഹരികള്‍ കൈമാറി,' ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് & പബ്ലിക് അസറ്റ് മാനേജ്മെന്റ് (DIPAM)സെക്രട്ടറി തുഹിന്‍ കാന്ത് പാണ്ഡെ പറഞ്ഞു.
അതിവേഗം ഒരു ലക്ഷം ബുക്കിംഗ് കടന്ന് മഹീന്ദ്ര എക്സ്.യു.വി 700
റെക്കോര്‍ഡ് വേഗത്തില്‍ ഒരു ലക്ഷം ബുക്കിംഗ് കടന്ന് മഹീന്ദ്രയുടെ പുതിയ എസ്.യു.വി മോഡലായ എക്സ്.യു.വി 700. 6 മുതല്‍ 10 മാസം വരെയാണ് കാര്‍ ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരുന്നത്.
ലാഭത്തില്‍ 53% കുതിച്ചുചാട്ടം രേഖപ്പെടുത്തി സാംസംഗ്
ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസംഗ് ഇലക്ട്രോണിക്‌സ് 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പ്രവര്‍ത്തന ലാഭം 53.3 ശതമാനം രേഖപ്പെടുത്തി. കോവിഡ് മൂലം വന്ന സപ്ലൈ ചെയ്ന്‍ വെല്ലുവിളികളെയെല്ലാം മറന്നുള്ള റെക്കോര്‍ഡ് വില്‍പ്പനയാണിതെന്ന് കമ്പനി. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗ് 2021 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ പ്രവര്‍ത്തന ലാഭം 13.87 ട്രില്യണ്‍ (11.55 ബില്യണ്‍ ഡോളര്‍) ആയാണ് ഉയര്‍ത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ നേടിയ ഒമ്പത് ട്രില്യണില്‍ നിന്നായിരുന്നു ഈ കുതിച്ചു ചാട്ടം.
ഫെഡറല്‍ ബാങ്കുമായി 30 വര്‍ഷത്തെ നിയമ യുദ്ധം അവസാനിപ്പിച്ച് ഇപിഎഫ്ഒ
ഫെഡറല്‍ ബാങ്കുമായി 30 വര്‍ഷത്തെ നിയമ യുദ്ധം അവസാനിപ്പിച്ച് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 73.21 കോടി രൂപ ബാങ്കിനു കൈമാറി. ഇപിഎഫ് പദ്ധതിയില്‍ നിന്നു പുറത്തു വന്ന് സ്വന്തമായി പിഎഫ് ട്രസ്റ്റ് രൂപീകരിച്ച ബാങ്കിന്റെ ഫണ്ട് കൈമാറ്റവും പലിശയുടെ കണക്കു കൂട്ടലും സംബന്ധിച്ച തര്‍ക്കങ്ങളാണു ദീര്‍ഘകാലത്തെ കേസില്‍ കലാശിച്ചത്.
36500 രൂപയില്‍ നിന്നും വീണ്ടും താഴ്ന്ന് സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണ വില വീണ്ടും 36500 രൂപയില്‍ നിന്നും താഴേക്ക്. ഗ്രാമിന് 40 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. രണ്ട് ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷമാണ് ഈ കുറവ്. ഇന്ന് ഒരു പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ 36400 രൂപയായി ഒരു പവന്റെ വില. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4550 രൂപയാണ്. 4575 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്നലെ വീണ്ടും വില വര്‍ധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് ഇന്ന് വില കുത്തനെ കുറഞ്ഞത്. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവില യഥാക്രമം 36600 രൂപയും 36720 രൂപയുമായിരുന്നു.
വീണ്ടുമിടിഞ്ഞ് സൂചികകള്‍
വന്‍ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ ഇന്ന് വീണ്ടും ഇടിഞ്ഞു. സെന്‍സെക്സ് 581.21 പോയ്ന്റ് ഇടിഞ്ഞ് 57276.94 പോയ്ന്റിലും നിഫ്റ്റി 167.80 പോയ്ന്റ് ഇടിഞ്ഞ് 17110.20 പോയ്ന്റിലും ക്ലോസ് ചെയ്തു. പലിശ നിരക്ക് ഉയര്‍ത്തുമെന്നുള്ള ഫെഡറല്‍ റിസര്‍വ് നല്‍കിയ സൂചനകള്‍ വിപണിയില്‍ പ്രതിഫലിച്ചു. 1447 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1832 ഓഹരികളുടെ വിലിയിടിഞ്ഞു. 90 എണ്ണത്തിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് 9.96 ശതമാനം നേട്ടവുമായി മുന്നിലുണ്ട്. ഇന്‍ഡിട്രേഡ് (4.65 ശതമാനം), ഫെഡറല്‍ ബാങ്ക് (4.33 ശതമാനം), കിറ്റെക്സ് (4.12 ശതമാനം), അപ്പോളോ ടയേഴ്സ് (2.45 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.64 ശതമാനം), എഫ്എസിടി (1.55 ശതമാനം) തുടങ്ങിയ 16 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് ഫിനാന്‍സ്, കല്യാണ്‍ ജൂവലേഴ്സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, നിറ്റ ജലാറ്റിന്‍, കേരള ആയുര്‍വേദ തുടങ്ങി 12 കേരള കമ്പനികളുടെ ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. പാറ്റ്സ്പിന്‍ ഇന്ത്യയുടെ വില മാറ്റമില്ലാതെ തുടര്‍ന്നു.
ഇന്നത്തെ കോവിഡ് വാര്‍ത്ത
ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെല്‍റ്റ പിടിപെടാന്‍ സാധ്യത കുറവെന്ന് പഠനം.
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. പഠനത്തിന്റെ ഭാഗമായവരില്‍ കൂടുതല്‍ പേരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണെന്നും വ്യക്തമാകുന്നു.
കേരളത്തിലെ കോവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണ്‍
കേരളത്തിലെ കോവിഡ് കേസുകളില്‍ 94 ശതമാനവും ഒമിക്രോണ്‍ മൂലമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ആറുശതമാനം ഡെല്‍റ്റ വകഭേദം മൂലമാണെന്നും മന്ത്രി പറഞ്ഞു. 3.6 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ എത്തുന്നത്. കോവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞ്ഞതായും മന്ത്രി.
കോവിഡ് വാക്‌സിനുകള്‍ പൊതുവിപണിയില്‍ 275 രൂപയ്ക്ക് ലഭ്യമാക്കിയേക്കും
കോവിഡ് വാക്‌സിന്‍ പൊതുവിപണിയിലേക്ക് എത്താനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പുകള്‍ക്ക് ഉപയോഗിക്കുന്ന കോവീഷീല്‍ഡിന്റെയും കോവാക്സിന്റെയും വില ഏകീകരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
കോവിഡ് വാക്‌സിന്‍ ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 205 രൂപയ്ക്കാണ് സര്‍ക്കാരിന് ഈ വാക്‌സിനുകള്‍ ലഭ്യമാക്കുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ്.
33 ശതമാനം ലാഭം കൂടിചേര്‍ത്താണ് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നത്.