യാത്ര ഓണ്‍ലൈന്‍ ഐ.പി.ഒ സെപ്റ്റംബര്‍ 15 മുതല്‍
രാജ്യത്തെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ യാത്രാ കമ്പനി
യാത്രാ സേവനദാതാക്കളായ യാത്രാ ഓണ്‍ലൈനിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (Initial Public Offer/IPO) സെപ്റ്റംബര്‍ 15ന് ആരംഭിച്ച് 20ന് അവസാനിക്കും.
പുതിയ ഓഹരികളുടെ വില്‍പ്പന വഴി 601 കോടി രൂപയാണ് സമാഹരിക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്) വഴി 1,21,83,099 ഓഹരികളും വിറ്റഴിക്കും. പ്രമോട്ടര്‍മാരുടേയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് ഒ.എഫ്.എസ് വഴി വിറ്റഴിക്കുന്നത്.
135-142 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ പ്രമോട്ടര്‍ക്ക് ഓഹരി വിറ്റതിനേക്കാള്‍ വലിയ ഡിസ്‌കൗണ്ടിലാണ് ഐ.പി.ഒ വില. റൈറ്റ് ഇഷ്യു വഴി പ്രമോട്ടറായ ടി.എച്ച്.സി.എല്‍ ട്രാവല്‍ ഹോള്‍ഡിംഗ് സൈപ്രസ് ലിമിറ്റഡിന് ഓഹരിയൊന്നിന് 236 രൂപ നിരക്കില്‍ 62.01 കോടി രൂപയുടെ ഓഹരികളാണ് ഐ.പി.ഒയ്ക്ക് മുന്നോടിയായി നല്‍കിയത്.
പുതിയ ഓഹരി വില്‍പ്പന വഴി സമാഹരിക്കുന്ന തുക ഏറ്റെടുക്കലുകള്‍ക്കും ബിസിനസ് വിപുലീകരണത്തിനു ടെക്‌നോളജി മെച്ചപ്പെടുത്തുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
നേരത്തെ 750 കോടി രൂപയുടെ പുതിയ ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
രാജ്യത്തെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ യാത്രാ കമ്പനിയാണ് 2006ല്‍ സ്ഥാപിച്ച യാത്രാ ഓണ്‍ലൈന്‍. വിമാനം, ഹോട്ടല്‍, ബസ് ബുക്കിംഗുകളും വെക്കേഷന്‍ പാക്കേജുകളും കമ്പനി നല്‍കി വരുന്നു.