ബൈജൂസിന്റെ പണമിടപാടുകള്‍ ദുരൂഹം, ഗുരുതര ആരോപണങ്ങളുമായി വായ്പാദാതാക്കള്‍
4,400 കോടി രൂപ വകമാറ്റിയത് അടിസ്ഥാനമില്ലാത്ത ഹെഡ്ജ് ഫണ്ടിലേക്ക്
പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ പണമിടപാടുകളെ കുറിച്ച് ഗുരുതര ആരോപണവുമായി വായ്പാദാതാക്കള്‍ രംഗത്ത്. മയാമിയിലെ ഒരു എ.എച്ച്.ഒ.പി പാന്‍കേക്ക് റസ്റ്ററന്റ് (മള്‍ട്ടി നാഷണല്‍ റസ്റ്ററന്റ് ചെയ്ന്‍) സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്നതായി പറയുന്ന, മൂന്നു വര്‍ഷം മാത്രമായ ഒരു ഹെഡ്ജ് ഫണ്ട് കമ്പനിയിലേക്ക് 53.3 കോടി ഡോളര്‍ (ഏകദേശം 4,400 കോടി ഡോളര്‍) മറിച്ചതായാണ് പുതിയ ആരോപണം. ഇതില്‍ 50 കോടി ഡോളര്‍ കഴിഞ്ഞ വര്‍ഷം വില്യം സി മോര്‍ട്ടണ്‍ എന്ന 23 വയസുകാരന്റെ കാംഷാഫ്റ്റ് ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിലേക്ക് മാറ്റിയതായും പറയുന്നു.
നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന പരിചയമൊന്നിമില്ലാത്ത വ്യക്തിയാണ് മോര്‍ട്ടണ്‍. അതുകൊണ്ടു തന്നെ ഈ പണിടപാടുകള്‍ ദുരൂഹമാണെന്ന് വായ്പാദാതാക്കള്‍ ആരോപിക്കുന്നു. മാത്രമല്ല, പണം മാറ്റിയതിനു ശേഷം മോര്‍ട്ടന്റെ പേരില്‍ ആഡംബര കാറുകളായ 2023 മോഡല്‍ ഫെരാരി റോമ, 2020 മോഡല്‍ ലംബോര്‍ഗിന് ഹുറാകാന്‍ ഇ.വി.ഒ, 2014 മോഡല്‍ റോള്‍സ് റോയ്‌സ് റെയ്ത്ത് എന്നിവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കോടതിയില്‍ നിന്നുള്ള വെളിപ്പെടുത്തലുകളും ആരോപണങ്ങളെ ബലപ്പെടുത്തുന്നു. ബൈജൂസും വായ്പാദാതാക്കളുമായി നടക്കുന്ന നിയമപോരാട്ടത്തിലെ പുതിയ വഴിത്തിരിവാണിത്.
പുതിയ നീക്കത്തിനു പിന്നാലെ
2021ലാണ് ബൈജൂസ് അമേരിക്കന്‍ വായാപാദാതാക്കളില്‍ നിന്ന് 120 കോടി ഡോളറിന്റെ (ഏകദേശം 9,800 കോടി രൂപ) വായ്പയെടുക്കുന്നത്. എന്നാല്‍, പിന്നീട് വായ്പയുടെ പലിശ വീട്ടുന്നതിലുള്‍പ്പെടെ വീഴ്ചയുണ്ടായി. തിരിച്ചടവ് സംബന്ധിച്ച് നിരവധി തവണ വായ്പാദാതാക്കളുമായി ബൈജൂസ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞായാഴ്ച, ആറു മാസത്തെ സാവകാശം അനുവദിച്ചാല്‍ 120 കോടി ഡോളറിന്റെ കടം തിരിച്ചടയ്ക്കാമെന്ന അപ്രതീക്ഷിത വാഗ്ദാനവുമായി ബൈജൂസ് വായ്പാദാതാക്കളെ സമീപിച്ചിരുന്നു. പലപ്പോഴായി ഏറ്റെടുക്കലുകളിലൂടെ സ്വന്തമാക്കിയ കമ്പനികളില്‍ ചിലത് വിറ്റഴിച്ച് ഇതിനുള്ള പണം സമാഹരിക്കാനാണ് ബൈജൂസ് ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍. പുതിയ നീക്കത്തിനു പിന്നാലെയാണ് ഗുരുതര ആരോപണങ്ങളുമായി വായ്പാദാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.