image Credit : canva and ola   
Auto

മലയാളികള്‍ക്ക് ഇ.വി മടുത്തിട്ടില്ല! ഭൂരിഭാഗത്തിനും പണി കിട്ടിയത് ഇക്കാര്യത്തില്‍, വേണം സമഗ്രമായ മാറ്റം

ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നതിന് മുമ്പ് ഈ അനുഭവങ്ങള്‍ കേട്ടിരിക്കണം

Muhammed Aslam

അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ രാജ്യത്തെ പകുതിയോളം ഇലക്ട്രിക് വാഹന ഉടമകളും പെട്രോള്‍/ഡീസല്‍ വണ്ടികളിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ തയ്യാറെടുപ്പുകളില്ലാതെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയത് മണ്ടത്തരമായെന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തില്‍ മലയാളികള്‍ കുറവ്. വാഹനത്തിന്റെ റേഞ്ച്, റീസെയില്‍ തുടങ്ങിയ കാര്യങ്ങളില്‍ ആശങ്കയുണ്ടെങ്കിലും ഇ.വിയിലേക്ക് മാറാനുള്ള തീരുമാനം ശരിയായിരുന്നുവെന്നും മിക്കവരും സമ്മതിക്കുന്നു. വിവിധ പ്രായത്തിലുള്ള ഇവി ഉടമകളുമായി സംസാരിച്ച് തയ്യാറാക്കിയത്.

ഇവിയിലേക്ക് മാറാനുള്ള കാരണം

പെട്രോള്‍/ഡീസല്‍ വില അമിതമായി കൂട്ടിയത് തന്നെയാണ് ഭൂരിഭാഗം പേരെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്. പ്രകൃതി സൗഹൃദമാണെന്നതും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാകുമെന്നും ചിന്തിക്കുന്നവരും ഏറെയാണ്. ആദ്യകാലങ്ങളില്‍ ആളുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോടുണ്ടായിരുന്ന ആശങ്ക മാറ്റാനായി ചലഞ്ച് ഏറ്റെടുത്ത് വാഹനം സ്വന്തമാക്കിയവരുമുണ്ട്. ഇതിന് മുന്‍പുണ്ടായിരുന്ന പെട്രോള്‍/ഡീസല്‍ വാഹനം വിറ്റിട്ടാണ് പലരും ഇലക്ട്രിക്കിലേക്ക് മാറിയത്. ചുരുക്കം ചിലരെങ്കിലും ഒരു ബാക്കപ്പ് എന്ന നിലയില്‍ പഴയ വാഹനം സൂക്ഷിച്ചിട്ടുണ്ട്.

എണ്ണയടിക്കുന്ന പണത്തില്‍ വലിയ ലാഭം

ഇലക്ട്രിക് വാഹനത്തിലേക്ക് മാറുന്നതിന് മുമ്പ് പെട്രോള്‍ ഇനത്തില്‍ മാത്രം ഓരോ മാസവും 5,000 രൂപയോളം ചെലവാകുമായിരുന്നുവെന്ന് തിരുവനന്തപുരം സ്വദേശി അജീഷ് പറയുന്നു. ജോലിയാവശ്യത്തിന് 60 കിലോമീറ്ററോളം ദിവസവും യാത്ര ചെയ്യേണ്ടിയിരുന്നു. 2022ലാണ് ഇലക്ട്രിക്കിലേക്ക് മാറിയാലോ എന്നൊരു ചിന്തയുണ്ടാകുന്നത്. തുടര്‍ന്ന് ഓലയുടെ എസ് വണ്‍ പ്രോ എന്നൊരു മോഡല്‍ 1,45,000 രൂപ മുടക്കി സ്വന്തമാക്കി. രണ്ട് മാസം കൂടുമ്പോള്‍ 1,500 രൂപയില്‍ താഴെയാണ് വൈദ്യുത ബില്ലില്‍ അധികമായി വന്നത്. അതായത് ഇന്ധനച്ചെലവില്‍ ചുരുങ്ങിയത് 4,000 രൂപയെങ്കിലും ഓരോ മാസവും ലാഭിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഇരട്ടി ലാഭം

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴാണ് കോളേജ് അധ്യാപകനായ ഡോ.ജയരാജ് വാസുദേവന്‍ 2021ല്‍  ടാറ്റയുടെ നെക്സോണ്‍ സ്വന്തമാക്കുന്നത്. ദിവസവും 60 കിലോമീറ്ററോളം ഓടിക്കും. ചാര്‍ജിംഗിന് ചെറിയ തുക മാത്രമാണ് ചെലവാകുന്നത്. വീട്ടില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചിരുന്നെങ്കില്‍ ഇതും ലാഭിക്കാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

കറണ്ട് വണ്ടികള്‍ ഓക്കെയാണ് പക്ഷേ...

ഇതൊക്കെയാണെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ആശങ്കകളുമുണ്ട്. വാഹനത്തിന്റെ റേഞ്ച് തന്നെയാണ് മിക്കവരുടെയും പ്രശ്നം. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപകമാകാത്തതും മറ്റൊരു പ്രശ്നമാണ്. ചില ജില്ലകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തീരെ കുറവാണെന്നും ഉടമകള്‍ പരാതി പറയുന്നു. വണ്ടി നിന്ന് പോകുമോ എന്ന് പേടിക്കാതെ യാത്ര ചെയ്യാനായി പെട്രോള്‍ പമ്പുകള്‍ പോലെ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇലക്ട്രിക് വാഹനത്തെ മാത്രം ആശ്രയിക്കാന്‍ പറ്റില്ലെന്നും അതിനാല്‍ നേരത്തെയുണ്ടായിരുന്ന പെട്രോള്‍ ബൈക്ക് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും കോളേജ് വിദ്യാര്‍ത്ഥിയായ അവിനാഷ് പ്രതികരിച്ചു.

മോശം സര്‍വീസ്

ഇലക്ട്രിക് വാഹന ഉടമകളില്‍ എല്ലാവരുടെയും പരാതി സര്‍വീസിനെക്കുറിച്ചാണ്. വാറണ്ടി കാലയളവില്‍ സൗജന്യമായാണ് വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതെങ്കിലും ഇതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് മിക്ക ഉപയോക്താക്കളെയും അലട്ടുന്നത്. ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് പോലും കമ്പനിയുടെ സര്‍വീസ് സെന്ററില്‍ നിന്നും ആളെത്തണം. വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവും കൃത്യമായ സര്‍വീസിനെ ബാധിക്കുന്നുണ്ട്. ഇവി ഉടമകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പല കൂട്ടായ്മകളുടെയും രൂപീകരണത്തിലേക്കും നയിച്ചത് ശരിയായ സര്‍വീസ് ലഭിക്കുന്നതിലെ കാലതാമസമാണ്. ദിവസങ്ങളോളം കാത്തിരുന്നിട്ടും സര്‍വീസിന് സ്ലോട്ട് ലഭിക്കാത്തതോടെ സ്വന്തമായി അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ചിലര്‍ പറയുന്നു.

ചാര്‍ജ് ചെയ്യാന്‍ എത്രരൂപയാകും?

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ എത്ര രൂപയാകുമെന്ന കാര്യത്തില്‍ ഒട്ടുമിക്ക പേര്‍ക്കും സംശയമാണ്. സംഗതി സിംപിളാണ്, ഒരു കിലോവാട്ട് അവര്‍ ശക്തിയുള്ള ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഒരു യൂണിറ്റ് കറണ്ട് വേണം.

ഉദാഹരണത്തിന് : 20 കിലോ വാട്ട് അവര്‍ ശക്തിയുള്ള ബാറ്ററി ഉപയോഗിക്കുന്ന ഒരു വാഹനം പരമാവധി 200 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നിരിക്കട്ടെ. ഇവിടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ആവശ്യമായി വരുന്ന വൈദ്യുതി 22 യൂണിറ്റാണെന്നും എടുക്കാം. കെ.എസ്.ഇ.ബിയുടെ ഉയര്‍ന്ന സ്ലാബായ 8.8രൂപ കണക്കാക്കിയാല്‍ പോലും ചെലവാകുന്നത് 193.6 രൂപയാണ്. അതായത് 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കിലോമീറ്ററിന്‌ ഒരു രൂപയില്‍ താഴെ മാത്രമേ ചെലവാകുന്നുള്ളൂ.

ഇതും ആശങ്കയാണ്

*കാലാവധി കഴിഞ്ഞാല്‍ വാഹനത്തിന്റെ ബാറ്ററി മാറ്റിവയ്‌ക്കേണ്ടി വരും. ഇതിന് എത്ര രൂപയാകുമെന്നതിനെക്കുറിച്ച് കൃത്യമായ വിലയിരുത്തല്‍ ഇതുവരെ നടന്നിട്ടില്ല. ബാറ്ററി മാറ്റുമ്പോള്‍ വലിയ പൈസ ചെലവാകുമോയെന്ന കാര്യത്തില്‍ മിക്കവരും ആശങ്ക പ്രകടിപ്പിച്ചു.

*റീസെയില്‍ വാല്യൂ- ഇലക്ട്രിക് വണ്ടികളുടെ റീസെയില്‍ വാല്യു ഓരോ വര്‍ഷം കഴിയുന്തോറും കുത്തനെ ഇടിയുകയാണ്. ബാറ്ററിയുടെ ആയുസ് തന്നെയാണ് ഇതിന് മുഖ്യകാരണമായി ഉപയോക്താക്കള്‍ പറയുന്നത്.

പുതിയ വാഹനം എടുക്കുന്നവരോട്

*ദിവസവും 40 കിലോമീറ്ററെങ്കിലും യാത്രയുണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ മതി

*ഓരോ ദിവസത്തെയും യാത്രാദൂരം കണക്കാക്കി വേണം വാഹനം നിശ്ചയിക്കാന്‍.

*എടുക്കാനുദ്ദേശിക്കുന്ന വാഹനത്തിന്റെ സര്‍വീസ് സെന്റര്‍ വാഹനം വാങ്ങുന്നതിന് മുമ്പ് തന്നെ സന്ദര്‍ശിക്കുന്നത് നല്ലതാണ്. വാഹനത്തിന്റെ സര്‍വീസിനെപ്പറ്റി കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ പെട്ടത് തന്നെ

*നിലവില്‍ 3-5 വര്‍ഷം വരെയാണ് മിക്ക കമ്പനികളും സൗജന്യ വാറണ്ടി നല്‍കുന്നത്. എക്സ്റ്റന്‍ഡഡ് വാറണ്ടി കൂടി വാങ്ങുന്നത് നല്ലതായിരിക്കും.

വേണം ഇത്തരം മാറ്റങ്ങള്‍

*ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടുതലായി വേണം

*നിരവധി ബ്രാന്‍ഡുകള്‍ വാഹനങ്ങള്‍ ഇറക്കുന്നു, ഗുണമേന്മയും വില്‍പ്പനാനന്തര സര്‍വീസും കൃത്യമാണെന്ന് പരിശോധിക്കാന്‍ ചട്ടങ്ങള്‍ വേണം.

*യൂണിവേഴ്‌സല്‍ ചാര്‍ജര്‍ വേണം - മിക്ക വാഹനങ്ങള്‍ക്കും വ്യത്യസ്ത തരത്തിലുള്ള ചാര്‍ജിംഗ് സോക്കറ്റുകളും പിന്നുകളുമാണ് ഉപയോഗിക്കുന്നത്. ഇത് മിക്കപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഉപയോക്താക്കള്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി യൂണിവേഴ്‌സല്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

*പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കണം.

ഇനി ഇവി മാത്രം

പെട്രോള്‍/ഡീസല്‍ വാഹനങ്ങളിലേക്ക് തിരിച്ചുപോക്കില്ലെന്നും പുതുതായി ഒരു വണ്ടി കൂടി എടുത്താല്‍ അതും ഇലക്ട്രിക് ആയിരിക്കുമെന്നും കേരളത്തിലെ ഇലക്ട്രിക് വാഹന ഉടമകളുടെ കൂട്ടായ്മയായ ഇവിഒകെ (EVOK) യുടെ സംസ്ഥാന പ്രസിഡന്റ് റെജിമോന്‍ അഞ്ചല്‍ പറഞ്ഞു. നിലവില്‍ മൂന്ന് ഇലക്ട്രിക് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ടാറ്റയുടെ പ്രൈം, നെക്‌സോണ്‍ എന്നീ മോഡലുകളും ഓലയുടെ ഇരുചക്ര വാഹനവും. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മുപ്പതിലധികം ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂട്ടായ്മയുടെ ഭാഗമായി നിര്‍മിച്ചതായും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT