Image : Canva 
Business Kerala

യു.എസ് 'ചതിച്ചു'; സ്വർണത്തിൽ കയറ്റം, വെള്ളിയും ഉയര്‍ന്നു

ഇന്നലെ പവന് 280 രൂപ കുറഞ്ഞിരുന്നു, ഒരു പവന്‍ വാങ്ങാന്‍ ഇന്നെത്ര രൂപ നല്‍കണം?

Dhanam News Desk

കേരളത്തില്‍ സ്വര്‍ണ വില വീണ്ടും യുടേണ്‍ എടുത്ത് ഉയര്‍ച്ചയിലേക്ക്. ഇന്ന് പവന്‍ വില 320 രൂപ ഉയര്‍ന്ന് 53,320 രൂപയിലെത്തി. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 6,665 രൂപയുമായി. ഇന്നലെ പവന് 35 രൂപയും ഗ്രാമിന് 280 രൂപയും കുറഞ്ഞിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ 54,520 രൂപയാണ് കേരളത്തിലെ ഏറ്റവു ഉയര്‍ന്ന സ്വര്‍ണ വില. ഈ മാസം ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഏറ്റവും കുറവ്.

വെള്ളി വില

18 കാരറ്റ്‌ സ്വര്‍ണ വിലയും കൂടി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5,570 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 88 രൂപയിലേക്ക് തിരിച്ചുകയറി. കഴിഞ്ഞവാരം ഗ്രാമിന് 90 രൂപയെന്ന റെക്കോഡ് കുറിച്ച ശേഷം 87 രൂപ വരെ വൈള്ളിവില താഴ്ന്നിരുന്നു.

വില കൂടാന്‍ കാരണം

അന്താരാഷ്ട്ര സ്വര്‍ണ വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണ വില ഉയര്‍ന്നത്. ഇന്നലെ വില ഔണ്‍സിന് 2,332.70 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ 2,331 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.

മദ്ധ്യേഷ്യയില്‍ ഇറാന്‍- ഇസ്രായേല്‍ യുദ്ധഭീതി ഒഴിഞ്ഞതും ഓഹരി-കടപ്പത്ര വിപണികള്‍ മെച്ചപ്പെട്ടതും മൂലം കഴിഞ്ഞ ദിവസം സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ യു.എസില്‍ നിന്നുള്ള ജി.ഡിപി കണക്കുകളും പേഴ്‌സണല്‍ കണ്‍സംപ്ന്‍ എക്‌സ്‌പെന്‍ഡീച്ചര്‍ കണക്കുകളും പ്രതീക്ഷയ്‌ക്കൊത്തുയരാതിരുന്നത് ആശങ്കയ്ക്കിടയാക്കി. വിലക്കയറ്റം കൂടി നില്‍ക്കുന്നതിനാല്‍ പലിശ നിരക്ക് ഉടനെ കുറച്ചേക്കില്ലെന്ന സൂചനയാണിത് നല്‍കുന്നത്. ഇത് വളര്‍ച്ചയെ പിന്നോട്ടു വലിക്കും. ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് വില ഉയര്‍ത്തും.

ഒരു പവന്‍ ആഭരണത്തിന് എന്തു കൊടുക്കണം?

ഇന്നൊരു പവന് വില 53,320 രൂപ. ഇതോടൊപ്പം നികുതിയും ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും കൂടിച്ചേരുമ്പോള്‍ 57,800 രൂപയെങ്കിലും കൊടുത്താലെ ഇന്നൊരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ.

ബുക്കിംഗ് തേടി ഉപയോക്താക്കള്‍

സ്വര്‍ണവില നിരന്തരം ചാഞ്ചാട്ടത്തിലൂടെ പോകുമ്പോള്‍ വിവാഹ പാര്‍ട്ടികളുള്‍പ്പെടെയുള്ള, അത്യാവശ്യമായി സ്വര്‍ണം വാങ്ങേണ്ട സാഹചര്യമുള്ളവര്‍ ജുവലറികളുടെ ബുക്കിംഗുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്നലത്തെ വിലയിടിവില്‍ ബുക്ക് ചെയ്തവര്‍ക്ക് ഒറ്റ ദിവസം കൊണ്ടു തന്നെ 320 രൂപയുടെ നേട്ടം ലഭിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT