തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സിന്റെ 3.50% ഓഹരികള്‍ കൂടി പണയപ്പെടുത്തി പ്രമോട്ടര്‍മാര്‍. കല്യാണിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരാണ് വായ്പ ലഭ്യമാക്കാനായി ഓഹരികള്‍ പണയം വച്ചിരിക്കുന്നത്.
കല്യാണിന്റെ മുഖ്യ പ്രമോട്ടര്‍മാരില്‍ ഒരാളായ രാജേഷ് കല്യാണരാമന്‍ 957 കോടി രൂപ മൂല്യം വരുന്ന 1.9 കോടി ഓഹരികളാണ് കാറ്റലിസ്റ്റ് ട്രസ്റ്റീഷിപ്പ്, ബജാജ് ഫിനാന്‍സ്, ആദിത്യ ബിര്‍ള ഫിനാന്‍സ്, ടാറ്റ ക്യാപിറ്റല്‍, എസ്.ടി.സി.ഐ ഫിനാന്‍സ്, എച്ച്.എസ്.ബി.സി ഇന്‍വെസ്റ്റ് ഡയറക്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ സ്ഥാപനങ്ങളിലായി പണയം വയ്ക്കുന്നത്. കല്യാണ്‍ ജുവലേഴ്‌സില്‍ 18.04 ശതമാനം ഓഹരി പങ്കാളിത്തമാണ് രാജേഷ് കല്യാണരാമനുള്ളത്.
മറ്റൊരു പ്രമേട്ടറായ രമേഷ് കല്യാണരാമന്‍ 854 കോടി രൂപ മൂല്യം വരുന്ന 1.7 കോടി ഓഹരികള്‍ കാറ്റലിസ്റ്റ് ട്രസ്റ്റീഷിപ്പ്, ബജാജ് ഫിനാന്‍സ്, ആദിത്യ ബിര്‍ള ഫിനാന്‍സ്, ടാറ്റ ക്യാപിറ്റല്‍, ഇന്‍ഫിന ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളിലും പണയം വച്ച് വായ്പ നേടും. ഡിസംബര്‍ പാദം വരെയുള്ള കണക്കനുസരിച്ച് രമേഷ് കല്യാണരാമന് കല്യാണ്‍ ജുവലേഴ്‌സില്‍ 18.04 ശതമാനം ഓഹരികളുണ്ട്.
പ്രമോട്ടര്‍മാര്‍ക്ക് മൊത്തം 62.85 ശതമാനം ഓഹരികളാണ് കല്യാണിലുള്ളത്. ഇതില്‍ 12.1 ശതമാനം ഓഹരികള്‍ നേരത്തെ പണയം വച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 3.50 ശതമാനം ഓഹരികള്‍ കൂടി പണയം വച്ചതോടെ മൊത്തം 15.64 ശതമാനം ഓഹരികള്‍ പണയത്തിലായി. കല്യാണ്‍ ജുവലേഴ്‌സിന്റെ മൊത്തം ഓഹരികളുടെ എണ്ണം 10.31 കോടിയാണ്. ഇതില്‍ 1.61 കോടി ഓഹരികളാണ് പണയം വച്ചിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന്റെ കൈവശമുണ്ടായിരുന്ന കല്യാണ്‍ ജുവലേഴ്‌സിന്റെ 2.36 ശതമാനം ഓഹരികള്‍ വാങ്ങാനായാണ് പ്രമോട്ടര്‍മാര്‍ ഓഹരികള്‍ പണയം വച്ചത്. ഓഹരിയ്ക്ക് 616 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് പണയം. ഓഹരി വില അതില്‍ താഴ്ന്നാല്‍ അധികം ഓഹരികള്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ ഓഹരി വില 500 രൂപയില്‍ താഴേക്ക് പോയ സാഹചര്യത്തിലാണ് കൂടുതല്‍ ഓഹരികള്‍ പണയം വയ്ക്കുന്നത്.
എന്തിനാണ് പ്രമോട്ടര്‍മാര്‍ ഓഹരി പണയം വയ്ക്കുന്നത്?
കമ്പനികളും പ്രൊമോട്ടര്‍മാരും ഓഹരികള്‍ ഈട് നല്‍കി വായ്പകളെടുക്കാറുണ്ട്. സാധാരണ ഗതിയില്‍ ബിസിനസ് വിപുലീകരണം, കടം തിരിച്ചടവ്, അല്ലെങ്കില്‍ പ്രവര്‍ത്തന ചെലവുകള്‍ എന്നിവ യ്ക്കുള്ള പണം കണ്ടെത്താനാണ് ഓഹരികള്‍ പണയം വെയ്ക്കുന്നത്. പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായും ഓഹരി പണയം വയ്ക്കാറുണ്ട്. കമ്പനിയിലെ ഓഹരികള്‍ വില്‍ക്കാതെ ഉടമസ്ഥാവകാശം പ്രയോജനപ്പെടുത്താന്‍ ഇത് വഴി സാധിക്കുന്നു. പക്ഷെ എപ്പോഴെങ്കിലും വായ്പാ നിബന്ധനകള്‍ പാലിക്കാനാകാതെ വന്നാല്‍ ഓഹരികള്‍ വിറ്റ് പണം തിരിച്ചു പിടിക്കാന്‍ വായ്പാദാതാക്കള്‍ ശ്രമിക്കും. ഇത് കമ്പനിയുടെ നിയന്ത്രണാവകാശം നഷ്ടപ്പെടാനും ഓഹരി വിപണിയില്‍ ഇടിവുണ്ടാക്കാനും കാരണമാകും.
ഇടിവ് തുടര്‍ന്ന് ഓഹരി
കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് വീണു. ഇന്നലെ 9 ശതമാനം വരെ ഉയര്‍ന്ന ഓഹരി ഇന്ന് അഞ്ച് ശതമാനത്തിലധികം ഇടിവിലാണ് വ്യാപാരം നടത്തുന്നത്.
ഓഹരി വില കൂട്ടാന്‍ ഫണ്ടു മാനേജര്‍മാരെ കമ്പനി സ്വാധീനിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ വന്നത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഓഹരി വിലയിൽ 15 ശതമാനവും ഈ മാസം ഇതു വരെ 34 ശതമാനവും ഇടിവുണ്ടാക്കി. മൂന്ന് മാസക്കാലയളവില്‍ 26 ശതമാനം ഇടിഞ്ഞ ഓഹരി ഒരു വര്‍ഷക്കാലയളവില്‍ 43 ശതമാനം നേട്ടവുമുണ്ടാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ രണ്ടാം തീയതി കല്യാണ്‍ ജുവലേഴ്‌സ് ഓഹരി വില ആദ്യമായി 794.60 രൂപയിലെത്തിയിരുന്നു. 2024 ഫെബ്രുവരി ഒന്നിനു രേഖപ്പെടുത്തിയ 322.05 രൂപയാണ് ഓഹരിയുടെ ഒരു വര്‍ഷത്തിനിടെയുള്ള താഴ്ന്ന വില.
കല്യാണ്‍ ജുവലേഴ്‌സ് സ്ഥാപനങ്ങളില്‍ ഐ.ടി റെയ്ഡുകളൊന്നും നടന്നിട്ടില്ലെന്നും കൈക്കൂലി ആരോപണങ്ങള്‍ അസംബന്ധമെന്നും കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണ രാമന്‍ കഴിഞ്ഞ് ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ ഏകദേശം 450 കോടി രൂപയുടെ കടം തിരിച്ചടച്ചുവെന്നും കൂടാതെ 170 കോടി രൂപ ലാഭ വിഹിതം നല്‍കിയതായും ടി.എസ് കല്യാണ രാമന്‍ പറഞ്ഞു.
കല്യാണ്‍ ജുവലേഴ്‌സില്‍ നിക്ഷേപിക്കുന്നതിന് ഫണ്ട് മാനേജര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന അഭ്യൂഹങ്ങള്‍ തള്ളി അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ മോത്തിലാല്‍ ഒസ്‌വാള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇത് ഓഹരി വിലയില്‍ കുതിപ്പിനിടയാക്കുകയും ചെയ്തു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും അപകീര്‍ത്തി കരവുമാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം അടുത്ത കേന്ദ്ര ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന വാര്‍ത്തകള്‍ കല്യാണ്‍ ജുവലേഴ്‌സ് ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണ മേഖലയിലെ ഓഹരികളെ വീണ്ടും ശ്രദ്ധയിലെത്തിക്കുന്നുണ്ട്.
ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് സ്വര്‍ണ വില വീണ്ടും ഉയര്‍ത്താനിടയാക്കും. ഇത് സ്വര്‍ണ കമ്പനി ഓഹരികള്‍ക്കും ഗുണമാകുമെന്നാണ് വിലയിരുത്തലുകള്‍.
Also Read : സ്വര്‍ണ നികുതി കൂട്ടുമോ? ബജറ്റിനു മുമ്പ് സര്‍ക്കാര്‍ സജീവ ചര്‍ച്ചയില്‍; കാരണങ്ങള്‍ പലതാണ്
Read DhanamOnline in English
Subscribe to Dhanam Magazine