Image : Canva 
Business Kerala

കേരളത്തില്‍ നിന്ന് വമ്പന്‍ കമ്പനികള്‍ വരുകയാണ് ഐ.പി.ഒ വിപണിയിലേക്ക്; വീഗാലാന്റ്, സിന്തൈറ്റ്, ഐ.ബി.എസ്... വിശദാംശങ്ങള്‍ അറിയാം

നാല് വര്‍ഷത്തിനുള്ളില്‍ എട്ടോളം കമ്പനികള്‍ വിപണിയിലേത്തിയേക്കും

Dhanam News Desk

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കരുത്തുകാട്ടാന്‍ ഒരു പിടി കേരള കമ്പനികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണപ്പണയ വായ്പകള്‍ മുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍, ഡയഗ്നോസ്റ്റിക്‌സ്‌, സാസ് (Software as a Service) എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിന്നുള്ള പുതു നിര സംരംഭങ്ങളാണ് അടുത്ത ഘട്ട വളര്‍ച്ച ലക്ഷ്യമിട്ട് മൂലധന വിപണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്.

സംസ്ഥാനത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഏകദേശം 12,000 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്പനയ്ക്കാണ് (IPO) പദ്ധതിയിടുന്നതെന്ന്‌ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐപിഒ വിപണിയിലെ ഈ മുന്നേറ്റം കേരളത്തിലെ ബിസിനസ് മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്നാണ് വിലയിരുത്തല്‍.

അപേക്ഷ നല്‍കി മൂന്ന്‌ കമ്പനികള്‍

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വി-ഗാര്‍ഡ് ഗ്രൂപ്പിന്റെ ഭാഗമായ വീഗാലാന്‍ഡ് ഡവലപ്പേഴ്‌സും തൃശൂര്‍ ആസ്ഥാനമായ അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനിയായ സില്‍വര്‍‌സ്റ്റോമും പ്രമുഖ മാട്രസ് നിര്‍മാതാക്കളായ ഡ്യൂറോഫ്‌ളക്‌സുമാണ്‌ നിലവില്‍ കേരളത്തില്‍ നിന്ന് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖകള്‍ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചിട്ടുള്ളത്.

Also Read: കേരളത്തില്‍ നിന്ന് വീണ്ടുമൊരു ഐപിഒ, വീഗാലാന്‍ഡ് ഡവലപ്പേഴ്‌സ് സമാഹരിക്കുക ₹250 കോടി; വിശദാംശങ്ങള്‍

കേരളത്തില്‍ മിഡ്-പ്രീമിയം, പ്രീമിയം, അള്‍ട്രാ-പ്രീമിയം, ലക്‌സ്-സീരീസ്, അള്‍ട്രാ-ലക്ഷ്വറി വിഭാഗങ്ങളിലായി ബഹുനില റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് പദ്ധതികളുടെ ആസൂത്രണം, നിര്‍മ്മാണം, വില്‍പ്പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയാണ് വീഗാലാന്‍ഡ് ഡവലപ്പേഴ്‌സ് ലിമിറ്റഡ്. 250 കോടി രൂപയാണ് ഐ.പി.ഒ വഴി വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് സമാഹരിക്കാനൊരുങ്ങുന്നത്. പുതു ഓഹരികള്‍ മാത്രമാണ് ഐപി.ഒയില്‍ ഉണ്ടാവുക; ഓഫര്‍ ഫോര്‍ സെയില്‍ ഇല്ല. അതായത് നിലവിലെ ഓഹരി ഉടമകള്‍ ആരും തന്നെ ഓഹരികള്‍ വിറ്റഴിക്കുന്നില്ല.

സില്‍വര്‍‌സ്റ്റോം പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് എസ്.എം.ഇ വിഭാഗത്തിലാണ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്. മാര്‍ച്ച് 31ന് അവസാനിക്കുന്ന പാദത്തിനു മുമ്പ് തന്നെ ലിസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. 62 ലക്ഷം ഓഹരികളാണ് വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. മൊത്തം 85 കോടി രൂപയാണ് ഇതുവഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. എ.എ ഷാലിമാറിന്റെ നേതൃത്വത്തില്‍ 25 വര്‍ഷം മുമ്പ് ഒരു കൂട്ടം സംരംഭകര്‍ ചേര്‍ന്ന് തുടക്കമിട്ടതാണ് സില്‍വര്‍‌സ്റ്റോം അമ്യൂസ്‌മെന്റ് പാര്‍ക്ക്. അടുത്തിടെ പ്രീ ഐ.പി.ഒ വഴി കമ്പനി മൂലധന സമാഹരണം നടത്തിയിരുന്നു. ഓഹരി വിപണിയില്‍ നിന്ന് സമാഹരിക്കുന്ന തുക കമ്പനിയുടെ വിപുലീകരണത്തിനും പുതിയ പ്രോജക്ടുകള്‍ക്കുമായാണ് നിക്ഷേപിക്കുക.

Also Read: സില്‍വര്‍സ്‌റ്റോം ഐപിഒ വിശദാംശങ്ങള്‍ അറിയാം

മാട്രസ് നിര്‍മാതാക്കളായ ഡ്യൂറോഫ്‌ളക്‌സ്‌ 184 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിക്കാനൊരുങ്ങുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടത്താനുദ്ദേശിക്കുന്ന ഐ.പി.ഒയ്ക്ക് മുന്നോടിയായി പേരില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുന്നുണ്ട്. പുതിയ ഓഹരികള്‍ക്കൊപ്പം ഓഫര്‍ഫോര്‍ സെയിലും കമ്പനിയുടെ ഐ.പി.ഒയിലുണ്ടാകും.

Also Read: ഓഹരി വിപണിയിലേക്ക് കാലെടുത്തു വയ്ക്കാന്‍ പ്രമുഖ മാട്രസ് നിര്‍മാതാക്കളായ ഡ്യൂറോഫ്‌ലക്‌സ്

2030നുള്ളില്‍ ഈ വമ്പന്‍മാരും

ട്രാവല്‍ ടെക്‌നോളജി രംഗത്തെ ഭീമനായ ഐബിഎസ് സോഫ്റ്റ്‌വെയര്‍ (IBS Software), മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉത്പന്ന കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് (Synthite Industries), കൃത്രിമ ദന്ത നിര്‍മാണ കമ്പനിയായ ഡെന്റ്കെയര്‍ (DentCare), നോണ്‍ ബാങ്കിംഗ് സ്വര്‍ണ വായ്പാ കമ്പനികളായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് (Muthoottu Mini Financiers), ഇന്‍ഡെല്‍ മണി (Indel Money) തുടങ്ങിയ പ്രമുഖ കമ്പനികള്‍ 2030നുള്ളില്‍ ഐ.പി.ഒ നടത്താനുള്ള ലക്ഷ്യത്തിലാണ്.

വി.കെ മാത്യൂസ് നേത്വത്വം നല്‍കുന്ന ഐബിഎസ് സോഫ്റ്റ്വെയര്‍ 4,500 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. നേരത്തെ ന്യൂയോര്‍ക്കില്‍ ലിസ്റ്റ് ചെയ്യാനായിരുന്നു കമ്പനിയുടെ പദ്ധതിയെങ്കിലും അനുകൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യന്‍ വിപണിയിലേക്ക് നീങ്ങുന്നത്. അടുത്ത വര്‍ഷം ഐ.പി.ഒ ഉണ്ടാകുമെന്നാണ് സൂചനകള്‍. യു.കെ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപാക്‌സ് ഫണ്ട്‌സ് നിക്ഷേപം നടത്തിയിട്ടുള്ള കമ്പനിയാണ് ഐ.ബി.എസ്. 2023ല്‍ നിക്ഷേപം നടത്തുന്ന സമയത്ത് 1.5 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ മൂല്യം കണക്കാക്കിയത്.

ആഗോള ഒലിയോറിസിന്‍ (oleoresins) വിപണിയുടെ 50 ശതമാനത്തോളം കൈയാളുന്ന കേരള കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് 2025ല്‍ തന്നെ ഐ.പി.ഒ നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് കുറച്ച് കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. നിലവില്‍ ഒരു പ്രൈവറ്റ് ഇക്വിറ്റി (Private Equity) ഡീല്‍ ഫൈനലൈസ് ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനി. ഇത് പൂര്‍ത്തിയായി ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ അവര്‍ ഐപിഒയുമായി മുന്നോട്ട് പോകൂ എന്നാണ് ലഭിക്കുന്ന വിവരം. അത് പ്രകാരം 2028ലോ 2029ലോ ഐ.പി.ഒ നടന്നേക്കാമെന്നാണ് കരുതുന്നത്.

കൃത്രിമ ദന്ത നിര്‍മാണ കമ്പനിയായ ഡെന്റ്കെയര്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐപിഒ വഴി കൂടുതല്‍ മൂലധനം സമാഹരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അടുത്തിട പ്രമുഖ നിക്ഷേപ സ്ഥാപനമായ ഐ.സി.ഐ.സി.ഐ വെഞ്ച്വറില്‍ നിന്ന് 150-160 കോടി രൂപയുടെ മൂലധനം നിക്ഷേപം സമാഹരിച്ചിരുന്നു. ഏകദേശം 10 ശതമാനം ഓഹരികള്‍ കൈമാറിക്കൊണ്ടുള്ള ഇടപാടില്‍ കമ്പനിക്ക് 1,500 കോടി രൂപയാണ് മൂല്യം കണക്കാക്കിയത്. നിലവിലുള്ള കടങ്ങള്‍ തീര്‍ക്കുന്നതിനും ബിസിനസ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഈ തുക വിനിയോഗിക്കുക.

സ്വര്‍ണ വായ്പ രംഗത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സും ഐ.പി.ഒ പരിഗണിക്കുന്നുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 10,000 കോടി രൂപയിലെത്തിയ ശേഷം ഐ.പി.ഒ നടത്താനാണ് പദ്ധതിയെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ മാത്യു മുത്തൂറ്റ് അടുത്തിടെ ധനം ബിസിനസ് മാഗസീന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 5,500 കോടി രൂപയ്ക്ക് മുകളിലാണ് എ.യു.എം. മാര്‍ച്ചോടെ 6,000 കോടി രൂപയിലെത്തിയേക്കും. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 10,000 കോടിയെന്ന നാഴികക്കല്ലും താണ്ടിയേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

രാജ്യത്തെ മറ്റൊരു മുന്‍നിര നോണ്‍ ബാങ്കിംഗ് സ്വര്‍ണ വായ്പാ കമ്പനികളിലൊന്നായ ഇന്‍ഡെല്‍ മണി 2029 ഓടെയാണ് ഐ.പി.ഒ നടത്താന്‍ ഉദ്ദേശിക്കുന്നത്. 3,000 കോടി രൂപയാണ് ഇതു വഴി സമാഹരിക്കുക. ഐ.പി.ഒയ്ക്ക് മുമ്പായി കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 15,000 കോടി രൂപയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. പ്രീ ഐ.പി.ഒ പ്ലേസ്‌മെന്റ് ഉള്‍പ്പെടെയുള്ള രണ്ട് റൗണ്ട് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപവും കമ്പനി പദ്ധതിയിടുന്നുണ്ട്.

Also Read: ഓഹരി വിപണിയിൽ തിളക്കം മങ്ങി കേരള കമ്പനികൾ, ഈ വർഷം കസറിയത് ചുരുക്കം ചിലർ

ലിസ്റ്റഡ് കമ്പനികളുടെ നേട്ടം ഇങ്ങനെ

കേരളത്തില്‍ നിന്ന് നിലവില്‍ 47 കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 2025ല്‍ ഇതില്‍ ഭൂരിഭാഗവും നിക്ഷേപകര്‍ക്ക് നഷ്ടമാണ് സമ്മാനിച്ചത്. 13 കമ്പനികള്‍ മാത്രമാണ് നേട്ടം നല്‍കിയത്. പ്രമുഖ കമ്പനികളെടുത്താല്‍ മുത്തൂറ്റ് ഫിനാന്‍സ് 77 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് 60 ശതമാനവും മണപ്പുറം ഫിനാന്‍സ് 55 ശതമാനവുമായി നേട്ടത്തില്‍ മുന്നില്‍ നിന്നു. മറ്റ് എട്ട് കേരള ഓഹരികള്‍ 0.62 ശതമാനം മുതല്‍ 34.37 ശതമാനം വരെയുള്ള മിതമായ നേട്ടവും നല്‍കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT