രാജ്യത്തെ 7 പ്രത്യേക സാമ്പത്തിക സാമ്പത്തിക മേഖലകള്‍ക്കിടയില്‍ (Special Economic Zone/SEZ) സോഫ്റ്റ്‌വെയര്‍/സേവന കയറ്റുമതിയില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനം നിലനിറുത്തുന്നത് കൊച്ചി സെസ് (Cochin SEZ) ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 28 ശതമാനം വളര്‍ച്ചയോടെ 2.22 ലക്ഷം കോടി രൂപയുടെ വരുമാനം കൊച്ചി സെസ് ഈയിനത്തില്‍ നേടിയിരുന്നു.
എന്നാല്‍, നടപ്പുവര്‍ഷം കൊച്ചി സെസ് നേരിടുന്നത് ക്ഷീണമാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഇ.ഒ.യു അന്‍ഡ് സെസ് (ഇ.പി.സി.ഇ.എസ്/EPCES) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഏപ്രില്‍-മേയില്‍ 370.04 കോടി ഡോളറിന്റെ (30,350 കോടി രൂപ) കയറ്റുമതിയാണ് കൊച്ചി പ്രത്യേക സാമ്പത്തിക മേഖല (കൊച്ചി സെസ്) നടത്തിയത്. 2022-23 ഏപ്രില്‍-മേയിലെ 429.11 കോടി ഡോളറിനേക്കാള്‍ 14 ശതമാനം കുറഞ്ഞു.
കൊച്ചി തന്നെ ഒന്നാമത്
മേയിലും രാജ്യത്തെ 7 പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുമുള്ള സോഫ്റ്റ്‌വെയര്‍/സേവന കയറ്റുമതിയില്‍ മുഖ്യ പങ്കാളിത്തം നിലനിറുത്താന്‍ കൊച്ചി സെസിന് കഴിഞ്ഞു. മേയില്‍ മൊത്തം കയറ്റുമതിയില്‍ 28 ശതമാനം വിഹിതവുമായി ഒന്നാംസ്ഥാനം കൊച്ചി സെസ് നിലനിറുത്തി.
ചെന്നൈയിലെ മദ്രാസ് എക്‌സ്‌പോര്‍ട്ട് പ്രോസസിംഗ് സോണ്‍ (MEPZ SEZ), വിശാഖപട്ടണം സെസ്, മുംബയിലെ സാന്റാക്രൂസ് ഇലക്ട്രോണിക് എക്‌സ്‌പോര്‍ട്ട് പ്രോസസിംഗ് സോണ്‍ (SEEPZ) എന്നിവ 19 ശതമാനം വീതം വിഹിതവുമായി രണ്ടാമതാണ്. നോയിഡ സെസ് - 10 ശതമാനം, ഫാള്‍ട്ട സെസ് - 4 ശതമാനം, കാണ്ട്‌ല സെസ് - ഒരു ശതമാനം എന്നിങ്ങനെയാണ് മറ്റ് സെസുകളുടെ വിഹിതം.
കയറ്റുമതി വരുമാനത്തില്‍ മറ്റ് സെസുകള്‍ കൊച്ചിയേക്കാള്‍ ഏറെ പിന്നിലാണ്. മദ്രാസ് സെസിന്റെ (MEPZ SEZ) കയറ്റുമതി വരുമാനം ഇക്കുറി ഏപ്രില്‍-മേയില്‍ 6 ശതമാനം ഇടിഞ്ഞ് 256 കോടി ഡോളറാണ് (21,000 കോടി രൂപ). കയറ്റുമതി 12 ശതമാനം വളര്‍ന്ന വിശാഖപട്ടണം സെസിന്റെ വരുമാനം 242 കോടി ഡോളറും (19,800 കോടി രൂപ) കയറ്റുമതി എട്ട് ശതമാനം ഇടിഞ്ഞ മുംബയ് സെസിന്റെ (SEEPZ) വരുമാനം 249 കോടി ഡോളറുമാണ് (20,400 കോടി രൂപ).
ഉത്പന്ന കയറ്റുമതിയില്‍ പിന്നില്‍
അതേസമയം, വാണിജ്യ ഉത്പന്നങ്ങളുടെ (Merchandise) കയറ്റുമതിയില്‍ കൊച്ചി സെസ് ഏറ്റവും പിന്നിലാണ്. ഏപ്രില്‍-മേയില്‍ വരുമാനം 5 ശതമാനം കുറഞ്ഞ് 30 കോടി ഡോളറാണ് (2,460 കോടി രൂപ). കാണ്ട്‌ല സെസ് ആണ് ഒന്നാമത്. 529.44 കോടി ഡോളറാണ് (43,400 കോടി രൂപ) കാണ്ട്‌ലയുടെ വരുമാനം.
വിശാഖപട്ടണം (109.5 കോടി ഡോളര്‍), മുംബയ് സെസ് (82.8 കോടി ഡോളര്‍), മദ്രാസ് (54.7 കോടി ഡോളര്‍), ഫാള്‍ട്ട (51.7 കോടി ഡോളര്‍), നോയിഡ (42.9 കോടി ഡോളര്‍) എന്നിങ്ങനെയാണ് മറ്റ് സെസുകളുടെ വരുമാനം.
Read DhanamOnline in English
Subscribe to Dhanam Magazine