Image : Canva 
Economy

ഹോട്ടലുകള്‍ക്കും ആശ്വാസം; വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ വിലയും കുറച്ചു

കേരളത്തിൽ രണ്ടുലക്ഷത്തോളം പേർക്ക് നേട്ടം; ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് ₹200 കുറച്ചിരുന്നു

Anilkumar Sharma

വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ (14.2 കിലോഗ്രാം/LPG) വില കുറച്ചതിന് പിന്നാലെ ഹോട്ടലുകളിലും വ്യാവസായിക ആവശ്യത്തിനും ഉപയോഗിക്കുന്ന വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലയും കുറച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍. കേരളത്തില്‍ 160.5 രൂപയാണ് ഇന്ന് പ്രാബല്യത്തില്‍ വന്നവിധം കുറഞ്ഞത്.

ഇതോടെ കൊച്ചിയില്‍ വില 1,537.5 രൂപയായി. തിരുവനന്തപുരത്ത് 1,558.5 രൂപയും കോഴിക്കോട്ട് 1,570 രൂപയുമാണ് പുതുക്കിയ വില. ഇത് വിപണി വിലയാണ്. പുറമേ 18 ശതമാനം ജി.എസ്.ടിയും നല്‍കണം.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം എണ്ണക്കമ്പനികള്‍ വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞദിവസം 200 രൂപ കുറച്ചിരുന്നു. ഉജ്വല യോജന എല്‍.പി.ജി കണക്ഷനുള്ളവര്‍ക്ക് നല്‍കുന്ന സബ്‌സിഡി 200 രൂപയില്‍ നിന്ന് 400 രൂപയായും ഉയര്‍ത്തിയിരുന്നു (Click here to read more).

കൂട്ടിയും കുറച്ചും

കഴിഞ്ഞ മാര്‍ച്ചില്‍ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് എണ്ണക്കമ്പനികള്‍ 350 രൂപ കൂട്ടിയിരുന്നു. തുടര്‍ന്ന്, ഏപ്രിലില്‍ 92 രൂപയും മേയില്‍ 171.50 രൂപയും ജൂണില്‍ 83.50 രൂപയും കുറച്ചു.

ജൂലൈയില്‍ 11-12.50 രൂപ കൂട്ടി. ഓഗസ്റ്റില്‍ വീണ്ടും 92-93.5 രൂപ കുറയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ്, ഇപ്പോള്‍ വീണ്ടും 160.5 രൂപ കുറച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ 50 രൂപ കൂട്ടിയശേഷം വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ തുടര്‍ച്ചയായ 5 മാസക്കാലം എണ്ണക്കമ്പനികള്‍ മാറ്റം വരുത്തിയിരുന്നില്ല. തുടര്‍ന്ന്, പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള കേന്ദ്ര നടപടി എന്നോണമാണ് കഴിഞ്ഞദിവസം 200 രൂപ കുറച്ചത്.

കേരളത്തില്‍ രണ് ലക്ഷത്തോളം പേര്‍ക്ക് ഗുണം

കേരളത്തില്‍ ഏകദേശം രണ്ടുലക്ഷത്തോളം വാണിജ്യ എല്‍.പി.ജി ഉപയോക്താക്കളുണ്ട്. ഇതില്‍ പാതിയും ഇന്ത്യന്‍ ഓയില്‍ ഉപയോക്താക്കളാണ്.

ഇറക്കുമതി നികുതി ഒഴിവാക്കി

എല്‍.പി.ജി., ലിക്വിഫൈഡ് പ്രൊപ്പെയ്ന്‍, ലിക്വിഫൈഡ് ബ്രൂട്ടെയ്ന്‍ എന്നിവയുടെ ഇറക്കുമതിയെ 15 ശതമാനം കാര്‍ഷിക-അടിസ്ഥാനസൗകര്യ വികസന സെസിന്റെ പരിധിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി.

കഴിഞ്ഞ ദിവസം വീട്ടാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് 200 രൂപ കുറച്ചെങ്കിലും ഈ ബാദ്ധ്യത പൊതുമേഖലാ എണ്ണക്കമ്പനികള്‍ തന്നെ വഹിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇറക്കുമതി സെസില്‍ നിന്ന് എല്‍.പി.ജിയെ ഒഴിവാക്കിയത് ഈ സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്ക് നേരിയ ആശ്വാസമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT