Image : Canva 
Industry

ഒരു സ്റ്റേഷന്‍, ഒരു ഉത്പന്നം: കേരളത്തില്‍ 20 റെയില്‍വേ സ്റ്റേഷനുകള്‍

കേരളത്തില്‍ നിന്ന് ഇടംപിടിച്ചത് ചക്ക, അച്ചാര്‍, വെളിച്ചെണ്ണ തുടങ്ങി 6 ഉത്പന്നങ്ങള്‍

Anilkumar Sharma

കേന്ദ്രസര്‍ക്കാരിന്റെ 'വോക്കല്‍ ഫോര്‍ ലോക്കല്‍' കാമ്പയിന്റെ ഭാഗമായി റെയില്‍വേ ആരംഭിച്ച 'ഒരു സ്റ്റേഷന്‍, ഒരു ഉത്പന്നം' (OSOP) പദ്ധതിയില്‍ ഇടംപിടിച്ച് കേരളത്തിലെ 20 സ്റ്റേഷനുകളും 6 ഉത്പന്നങ്ങളും. ചക്ക ഉത്പന്നങ്ങള്‍, അച്ചാറുകള്‍, സ്‌ക്വാഷ്, വെളിച്ചെണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍, വിവിധ പലഹാരങ്ങള്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് ഇടംപിടിച്ച ഉത്പന്നങ്ങള്‍. സ്റ്റേഷനുകള്‍ ഇവയാണ് - വര്‍ക്കല, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍, തിരുവല്ല, പുനലൂര്‍, പാലക്കാട് ജംഗ്ഷന്‍, കോട്ടയം, കൊട്ടാരക്കര, കൊല്ലം, കായംകുളം, കാസര്‍ഗോഡ്, കരുനാഗപ്പള്ളി, കാഞ്ഞങ്ങാട്, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, ചേര്‍ത്തല, ചിറയിന്‍കീഴ്, ചെങ്ങന്നൂര്‍, ആലുവ, ആലപ്പുഴ.

ഒ.എസ്.ഒ.പി കാമ്പയിന്‍

തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്തി കൂടുതല്‍ പ്രോത്സാഹനം നല്‍കാനും ഇതുമായി ബന്ധപ്പെട്ട സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മറ്റും അധിക വരുമാനം ഉറപ്പാക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് വോക്കല്‍ ഫോര്‍ ലോക്കല്‍ കാമ്പയിന്‍.

ഇത്തരം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ ശ്രദ്ധ ലഭിക്കുന്ന സ്ഥലം അനുവദിക്കുന്ന പദ്ധതിയാണ് ഒ.എസ്.ഒ.പി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 25നാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. ഈ മാസം ഒന്നുവരെയുള്ള കണക്കുപ്രകാരം 21 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 728 സ്റ്റേഷനുകള്‍ പദ്ധതിയുടെ കീഴിലുണ്ടെന്ന് റെയില്‍വേ വ്യക്തമാക്കി. 785 ഒ.എസ്.ഒ.പി ഔട്ട്‌ലെറ്റുകളും ഈ സ്റ്റേഷനുകളിലായി പ്രവര്‍ത്തിക്കുന്നു. 25,109 പേര്‍ക്കാണ് ഇതിനകം ഒ.എസ്.ഒ.പിയുടെ നേട്ടം ലഭിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT