അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (APSEZ) സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ വഴി 5,250 കോടി രൂപയിലധികം സമാഹരിക്കും. നിലവിലുള്ള കടത്തിന്റെ റീഫിനാന്‍സിംഗിനും മൂലധനത്തിനും മറ്റ് പൊതുവായ കോര്‍പ്പറേറ്റ് ആവശ്യത്തിനുമായി ഈ തുക വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
ശതകോടീശ്വരനായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഒക്ടോബറില്‍ ഏകദേശം 36 എം.എം.ടി (മില്യണ്‍ മെട്രിക് ടണ്‍) ചരക്ക് കൈകാര്യം ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനയാണുണ്ടായത്. കമ്പനിക്ക് പടിഞ്ഞാറന്‍ തീരത്ത് ആറ് തുറമുഖങ്ങളും ടെര്‍മിനലുകളും കിഴക്കന്‍ തീരത്ത് അഞ്ച് തുറമുഖങ്ങളും ടെര്‍മിനലുകളുമുണ്ട്. അദാനി ഗ്രൂപ്പ് കമ്പനികള്‍ ധനസമാഹരണത്തന് ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അടുത്തിടെ അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ വിഭാഗമായ അദാനി ഗ്രീന്‍ എനര്‍ജി (AGEL) എട്ട് ആഗോള ബാങ്കുകളില്‍ നിന്ന് 136 കോടി ഡോളര്‍ (12,000 കോടി രൂപ) സമാഹരിച്ചിരുന്നു. ഹരിതവല്‍ക്കരണം ലക്ഷ്യം വച്ച് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വിവിധ മേഖലകളിലായി ഏഴ് ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപമിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്‍.എസ്.ഇയില്‍ 1.10 ശതമാനം ഇടിഞ്ഞ് 1,030.50 രൂപയില്‍ (12:15 am) അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine