Banking, Finance & Insurance

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്‌ഫോളിയോ ഫെഡറല്‍ ബാങ്ക് ഏറ്റെടുക്കും

ഏറ്റെടുക്കുന്ന പോര്‍ട്ട്‌ഫോളിയോയില്‍ ഏകദേശം 4.5 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വരെ ഉള്‍പ്പെടുന്നു

Dhanam News Desk

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്. ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കാന്‍ ഫെഡറല്‍ ബാങ്കും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കും തമ്മില്‍ ധാരണയിലെത്തി.

ഈ ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഫെഡറല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം വലിയതോതില്‍ ഉയരുകയും ടിയര്‍-1 നഗരങ്ങളില്‍ സാന്നിധ്യം ഗണ്യമായി വര്‍ധിക്കുകയും ചെയ്യും. ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്താന്‍ ഏറ്റെടുക്കല്‍ ഫെഡറല്‍ ബാങ്കിനെ സഹായിക്കും. കഴിഞ്ഞ ദിവസം ഫെഡറല്‍ ബാങ്ക് നാലാംപാദ ഫലം പുറത്തുവിട്ടിരുന്നു

ഏപ്രില്‍ 30ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇന്ത്യയുമായി കരാറിലേര്‍പ്പെടാന്‍ ഏര്‍പ്പെടാന്‍ അനുമതി നല്കിയിരുന്നു. യുകെ ആസ്ഥാനമായുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ബന്ധം മാത്രമുള്ള ഉപയോക്താക്കളില്‍ നിന്ന് മാറി വിവിധ സേവനങ്ങള്‍ തേടുന്ന ഉപയോക്താക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് വില്പന.

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് കഴിഞ്ഞ വര്‍ഷം തങ്ങളുടെ പേഴ്‌സണല്‍ ലോണ്‍ ബിസിനസ് കൊട്ടക് മഹീന്ദ്ര ബാങ്കിന് വിറ്റിരുന്നു.

വന്‍നഗരങ്ങളില്‍ കൂടുതല്‍ സാന്നിധ്യം

ഏറ്റെടുക്കല്‍ ഫെഡറല്‍ ബാങ്കിന്റെ ഭൂമിശാസ്ത്രപരമായ അടിത്തറയില്‍ വലിയ നേട്ടം സമ്മാനിക്കും. ഏറ്റെടുക്കുന്ന കാര്‍ഡുകളുടെ 75 ശതമാനവും ഇന്ത്യയുടെ എട്ട് മുന്‍നിര സിറ്റികളില്‍ നിന്നുള്ളതാണ്. വന്‍കിട നഗരങ്ങളിലെ മുന്‍നിര ഉപയോക്താക്കളുടെ ശൃംഖല വര്‍ധിപ്പിക്കാന്‍ ഫെഡറല്‍ ബാങ്കിനെ ഇത് സഹായിക്കും. ഈ നഗരങ്ങളില്‍ ബാങ്കിന്റെ സാന്നിധ്യം ഇരട്ടിയാക്കാന്‍ ഏറ്റെടുക്കല്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റെടുക്കുന്ന പോര്‍ട്ട്ഫോളിയോ നിലവാരമുള്ളതും സജീവ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടേതുമാണ്. ഫെഡറല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് വളര്‍ച്ചയെ കൂടുതല്‍ ത്വരിതപ്പെടുത്താന്‍ ഏറ്റെടുക്കല്‍ സഹായിക്കുമെന്നും ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ കെവിഎസ് മണിയന്‍ പറഞ്ഞു.

മുന്‍നിര നഗരങ്ങളിലെ സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന ഉപയോക്താക്കളിലേക്ക് കൂടുതല്‍ എത്തിച്ചേരാനും ഇത് വഴിയൊരുക്കും. ഏറ്റെടുക്കുന്ന പോര്‍ട്ട്‌ഫോളിയോയില്‍ ഏകദേശം 4.5 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വരെ ഉള്‍പ്പെടുന്നു. ഫെഡറല്‍ ബാങ്കിന് നിലവില്‍ 8 ലക്ഷം നോണ്‍ കോ ബ്രാന്‍ഡഡ് കാര്‍ഡുകളും 13 ലക്ഷം കോ ബ്രാന്‍ഡഡ് കാര്‍ഡുകളുമുണ്ട്.

ഓഹരിവിലയിലും ഉണര്‍വ്

ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഒരുശതമാനത്തിലധികം ഉയര്‍ന്നു. 2026 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ഫെഡറല്‍ ബാങ്ക് 1,259 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,030 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനത്തിന്റെ വര്‍ധനയാണിത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം 33 ശതമാനം വര്‍ധിച്ച് 3,173 കോടി രൂപയായി.

Federal Bank plans to acquire Standard Chartered’s credit card portfolio to expand its urban customer base and strengthen its retail lending segment

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT