Banking, Finance & Insurance

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പാദാധിഷ്ഠിത ലാഭം 36% വര്‍ധിച്ചു, നിഷ്‌ക്രിയ ആസ്തി കുറഞ്ഞു

വായ്പകളിലും നിക്ഷേപത്തിലും വര്‍ധന

Dhanam News Desk

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (South Indian Bank) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 275 കോടി രൂപയുടെ ലാഭം (Net Profit) രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ (2022-23) സമാനപാദത്തിലെ (YoY) 223 കോടി രൂപയേക്കാള്‍ 23 ശതമാനവും ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തിലെ (QoQ) 202 കോടി രൂപയേക്കാള്‍ 36 ശതമാനവും  കൂടുതലാണിത്.

ബാങ്കിന്റെ മൊത്തം ബിസിനസ് ഇക്കാലയളവില്‍ 1,72,032 കോടി രൂപയായി. പ്രവര്‍ത്തന ലാഭം (Operating Profit) പാദാടിസ്ഥാനത്തില്‍ 490 കോടി രൂപയില്‍ നിന്ന് 6 ശതമാനം ഇടിഞ്ഞ് 460 കോടി രൂപയായി. എന്നാല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 426 കോടി രൂപയില്‍ നിന്ന് 8 ശതമാനം ഉയര്‍ന്നു. മൊത്ത വരുമാനം (Total Income) ജൂണ്‍ പാദത്തിലെ 1,169 കോടി രൂപയില്‍ നിന്ന് നേരിയ വര്‍ധനയോടെ 1,186 കോടി രൂപയായി. 2022-23 ജൂലൈ -സെപ്റ്റംബര്‍ പാദത്തിലെ 981 കോടിയേക്കാള്‍ 21 ശതമാനം അധികമാണിത്.

നിഷ്‌ക്രിയ ആസ്തി കുറഞ്ഞു

നിഷ്‌ക്രിയ ആസ്തി തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത ( Provisions) 2022-23ലെ 203 കോടി രൂപയില്‍ നിന്ന്‌ 186 കോടി രൂപയായി കുറഞ്ഞത് ബാങ്കിന്റെ ലാഭം ഉയര്‍ത്താന്‍ സഹായകമായി. ഏപ്രില്‍-ജൂണ്‍ പാദത്തിലിത് 288 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) മുന്‍ വര്‍ഷത്തിലെ സമാനപാദത്തിലെ 5.67 ശതമാനത്തില്‍ നിന്ന് 4.96 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 2.51 ശതമാനത്തില്‍ നിന്ന് 1.70 ശതമാനത്തിലേക്കും കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. കഴിഞ്ഞ ഏപ്രില്‍-ജൂണില്‍ ജി.എന്‍.പി.എ 5.13 ശതമാനവും എന്‍.എന്‍.പി.എ 1.85 ശതമാനവുമായിരുന്നു.

വായ്പകളും നിക്ഷേപങ്ങളും

ബാങ്കിന്റെ മൊത്തം വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ (YoY) 10.3 ശതമാനം ഉയര്‍ന്ന് 74,947 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകള്‍ 33.2 ശതമാനം, വ്യക്തിഗത വായ്പകള്‍ 48.1 ശതമാനം, സ്വര്‍ണ വായ്പകള്‍ 16.2 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. 3.32 ലക്ഷത്തിലധികം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളും ബാങ്കിനുണ്ട്.

ബാങ്കിന്റെ റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 7.3 ശതമാനം വര്‍ധിച്ച് 93,448 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപം 4.7 ശതമാനവും കാസ നിക്ഷേപങ്ങള്‍ 1.8 ശതമാനവും വര്‍ധച്ചു. അറ്റ പലിശ മാര്‍ജിന്‍ (NIM) വാര്‍ഷികാടിസ്ഥാനത്തില്‍ 2.98 ശതമാനത്തില്‍ നിന്ന് 3.33 ശതമാനമായി മെച്ചപ്പെട്ടു. അറ്റ പലിശ വരുമാനം (NII) വാര്‍ഷികാടിസ്ഥാനത്തില്‍ 14.3 ശതമാനം ഉയര്‍ന്ന് 830 കോടി രൂപയായി.

ഗുണമേന്മയുള്ള വായ്പകളില്‍ ശ്രദ്ധയൂന്നി വളരുകയെന്ന ബാങ്കിന്റെ നയം ബിസിനസ് പെര്‍ഫോമന്‍സ് മെച്ചപ്പടുത്തുന്നത് തുടരാന്‍ സഹായിക്കുന്നതായി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമയ പി.ആര്‍ ശേഷാദ്രി പറഞ്ഞു. അവലോകന പാദത്തില്‍ കോര്‍പറേറ്റ്, എസ്.എം.ഇ, ഓട്ടോ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, സ്വര്‍ണ വായ്പകള്‍ എന്നിവയിലെല്ലാം മികച്ചു നില്‍ക്കാന്‍ ബാങ്കിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.

ബാങ്കിന്റെ മൂലധനപര്യാപ്തതാ അനുപാതം (CAR) 2022 സെപ്റ്റംബര്‍ പാദത്തിലെ 16.04 ശതമാനത്തില്‍ നിന്ന് 16.69 ശതമാനമായി മെച്ചപ്പെട്ടു.

ഓഹരിയിൽ ഉയർച്ച  

ഇന്ന് ഓഹരി വിപണിയില്‍ അവസാന വ്യാപാര സെഷന്‍ പുരോഗമിക്കവേയാണ് ബാങ്ക് പാദഫലം പുറത്തുവിട്ടത്. രാവിലത്തെ സെഷനില്‍ നഷ്ടത്തില്‍ വ്യാപാരം തുടര്‍ന്ന ഓഹരി ഉച്ചയ്ക്ക് ശേഷം 0.92 ശതമാനത്തിലധികം ഉയര്‍ന്ന് 26.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT