Industry

എഥറിയം മെര്‍ജ് വിജയകരമായി, ഇനിയെന്ത് ?

ഒരു സമത്ത് ലോകത്താകമാനം ഏകദേശം 10 ലക്ഷത്തോളം ആളുകളും 10 ബില്യണ്‍ ഡോളര്‍ വിലവരുന്ന കംപ്യൂട്ടിംഗ് ഉപകരണങ്ങളുമാണ് എഥറിയം മൈനിംഗില്‍ ഏര്‍പ്പെട്ടിരുന്നത്‌

Amal S

ക്രിപ്‌റ്റോ ലോകം കാത്തിരുന്ന എഥറിയം മെര്‍ജ് സെപ്റ്റംബര്‍ 15ന് പൂര്‍ത്തിയായി. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന പ്രൂഫ് ഓഫ് വര്‍ക്ക് രീതിയില്‍ നിന്ന് പ്രൂഫ് സ്റ്റേക്ക് രീതിയിലേക്ക് നെറ്റ്‌വര്‍ക്കിന്റെ അപ്‌ഗ്രേഡേഷന്‍ ആണ് നടന്നത്. എഥറിയം മൈനിംഗിന്റെ ഊര്‍ജ്ജ ഉപഭോഗം 99.95 ശതമാനം കുറയ്ക്കും എന്നതാണ് പ്രൂഫ് ഓഫ് സ്റ്റേക്കിന്റെ പ്രത്യേകത.

ഇന്ത്യന്‍ സമയം വെളുപ്പിന് 1.13ന് ആരംഭിച്ച മെര്‍ജിംഗ് 15 മിനിട്ടിന് ശേഷം വിജയകരമായെന്ന പ്രഖ്യാപനം എത്തി. എഥറിയനം മെയിന്‍നെറ്റ് മെര്‍ജ് വ്യൂവിംഗ് പാര്‍ട്ടിയിലൂടെ അപ്‌ഗ്രേഡേഷന്‍ സ്ട്രീം ചെയ്തിരുന്നു. ഇനി മുതല്‍ കുറഞ്ഞത് 32 എഥറിയം സ്റ്റേക്ക് (നിക്ഷേപം) ചെയ്യുന്നവര്‍ക്ക് മാത്രമാണ് നെറ്റ്‌വര്‍ക്കില്‍ മൈനിംഗ് സാധ്യമാവുക.

മൈനര്‍മാരല്ല ഇനി വാലിഡേറ്റേഴ്‌സ്

പ്രൂഫ് ഓഫ് സ്റ്റേക്കിലേക്കുള്ള മാറ്റം എഥറിയം ബ്ലോക്ക്‌ചെയിനിലെ മൈനിംഗ് പൂര്‍ണമായും അവസാനിപ്പിക്കുകയാണ്. മെര്‍ജ് പൂര്‍ത്തിയായതിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ എഥറിയം മൈനിംഗ് പൂള്‍ ആയ എഥര്‍മൈന്‍ സേവനം അവസാനിപ്പിച്ചിരുന്നു. ഒരു സമത്ത് ലോകത്താകമാനം ഏകദേശം 10 ലക്ഷത്തോളം ആളുകളും 10 ബില്യണ്‍ ഡോളര്‍ വിലവരുന്ന കംപ്യൂട്ടിംഗ് ഉപകരണങ്ങളുമാണ് എഥറിയം മൈനിംഗില്‍ ഏര്‍പ്പെട്ടിരുന്നത്‌.

മൈനേഴ്‌സിന്റെ സ്ഥാനം ഇനി വാലിഡേറ്റേഴ്‌സിനാണ്. കുറഞ്ഞത് 32 എഥറിയം സ്റ്റേക്ക് ചെയ്യുകയാണ് വാലിഡേറ്റര്‍ ആവാനുള്ള യോഗ്യത. ഇങ്ങനെ സ്റ്റേക്ക് ചെയ്യുന്ന എഥറിയം വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ല. സ്‌റ്റേക്ക് ചെയ്യുന്നവരില്‍ നിന്ന് ഓരോ തവണയും ബ്ലോക്കുകള്‍ വാലിഡേറ്റ് ചെയ്യേണ്ടവര്‍ തെരഞ്ഞെടുക്കപ്പെടും. സ്‌റ്റേക്ക് ചെയ്യുന്ന എഥറിയം ഒരു ലോട്ടറി ടിക്കറ്റ് പോലെയാണ് പ്രവര്‍ത്തിക്കുക. കൂടുതല്‍ എഥറിയം സ്റ്റേക്ക് ചെയ്യുന്നവര്‍ക്ക് വാലിഡേറ്റ് ചെയ്യാനുള്ള അവസരവും കൂടുതലായിരിക്കും. പ്രൂഫ് ഓഫ് വര്‍ക്കില്‍ ശക്തിയേറിയ കംപ്യൂട്ടര്‍ ഉള്ളവര്‍ക്കായിരുന്നു സാധ്യതകള്‍. ഇവിടെ നേട്ടമുണ്ടാക്കുക കൂടുതല്‍ തുക സ്റ്റേക്ക് ചെയ്യുന്നവരാണ്.

ഇനിയെന്ത് ?

ഒരു പക്വതയുള്ള സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ആദ്യചുവടുവെപ്പെന്നാണ് മെര്‍ജിനെ എഥറിയം കോ-ക്രിയേറ്റര്‍ Vitalik Buterin വിശേഷിപ്പിച്ചത്. എന്നാല്‍ നെറ്റ്‌വര്‍ക്കിലെ ഉയര്‍ന്ന ഫീസും വേഗതക്കുറവും ഇപ്പോഴത്തെ അപ്ഗ്രഡേഷനില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. പാരിസ്ഥിതിക പ്രശ്‌നത്തെ അഭിമുഖീകരിച്ചത് പോലെ വേഗതയിലെ പോരായ്മയും എഥറിയം നെറ്റ്‌വര്‍ക്കിന് പരിഹരിക്കേണ്ടതുണ്ട്. 2023ല്‍ എത്തുമെന്ന് കരുതുന്ന Sharding അപ്‌ഡേറ്റിലൂടെയാവും വേഗതയുടെ പ്രശ്‌നത്തെ മറികടക്കുക. ഒന്നിലധികം ബ്ലോക്കുകള്‍ നെറ്റ്‌വര്‍ക്കില്‍ സമാന്തരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന Sharding കൂടി എത്തുമ്പോഴായിരിക്കും പ്രൂഫ് ഓഫ് സ്റ്റേക്കിന്റെ ഫലം പൂര്‍ണമായും ലഭിക്കുക. Sharding എഥറിയം നെറ്റ്‌വര്‍ക്കിന്റെ വേഗത പകിന്മടങ്ങ് വര്‍ധിപ്പിക്കും.

2022 തുടങ്ങിയ ശേഷം ഇതുവരെ എഥറിയത്തിന്റെ (Ether) മൂല്യം 58.05 ശതമാനം ആണ് ഇടിഞ്ഞത്. മെര്‍ജ് നടന്ന ശേഷം ഇന്ന് ഇതുവരെ 0.14 ശതമാനം ഉയര്‍ച്ചയാണ് (10.00 am) എഥറിയത്തിന് ഉണ്ടായത്. പ്രൂഫ് ഓഫ് സ്റ്റേക്കിലേക്ക് മാറുന്നതോടെ എഥറിയം ബ്ലോക്ക് ചെയിന്റെ സാധ്യതകള്‍ വര്‍ധിക്കുമെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. ക്രിപ്റ്റോ വില ഇടിഞ്ഞപ്പോള്‍ മൈനിംഗ് ലാഭകരമാക്കാന്‍ ഭൂരിഭാഗം പേരും കൈവശമുണ്ടായിരുന്ന എഥറിയം വിറ്റഴിച്ചിരുന്നു. പ്രൂഫ് ഓഫ് സ്റ്റേക്കിലൂടെ വൈദ്യുതി ഉപഭോഗം കുറയുമ്പോള്‍ വാലിഡേഷന്‍ ലാഭകരം ആവുകയും വില്‍പ്പന കുറയുകയും ചെയ്യും. ഊര്‍ജ്ജ ഉപഭോഗവും കാര്‍ബണ്‍ പുറന്തള്ളലും കുറഞ്ഞതോടെ പാരിസ്ഥിത ആഘാതം ചൂണ്ടിക്കാട്ടി മാറിനിന്ന നിക്ഷേപകര്‍ക്ക് എഥറിയം ബ്ലോക്ക്‌ചെയിന്റെ ഭാഗമാവാന്‍ സാധിക്കും. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT