Image : Canva 
Industry

ഇസ്രായേല്‍ യുദ്ധത്തിനിടെ കത്തിക്കയറി സ്വര്‍ണം; കേരളത്തില്‍ പവന് ഒറ്റയടിക്ക് ഇത്രയും വിലവര്‍ധന ഏറെക്കാലത്തിന് ശേഷം

രാജ്യാന്തരവില $1,900 കടന്ന് 7 മാസത്തെ ഉയരത്തില്‍; പവന്‍ വില വീണ്ടും ₹44,000 ഭേദിച്ചു

Anilkumar Sharma

ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ ആഭരണപ്രിയരെ വലച്ച് കത്തിക്കയറി സ്വര്‍ണവില. ഇന്ന് കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 140 രൂപ വര്‍ധിച്ച് ഒരുമാസത്തെ ഉയരമായ 5,540 രൂപയിലെത്തി. 1,120 രൂപ ഉയര്‍ന്ന് 44,320 രൂപയാണ് പവന്‍ വില.

യുദ്ധത്തില്‍ വിലക്കുതിപ്പ്

ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ ആഗോള മൂലധന വിപണി നേരിടുന്ന ആശങ്കകള്‍മൂലം സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റുന്നതാണ് വിലക്കുതിപ്പ് സൃഷ്ടിക്കുന്നത്.

ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് നിക്ഷേപം വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് മാറ്റി സുരക്ഷിതമാക്കുകയാണ് നിക്ഷേപകര്‍. കഴിഞ്ഞവാരം ഔണ്‍സിന് 1,868 ഡോളറായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇതോടെ 1,932 ഡോളറിലേക്ക് ഇരച്ചുകയറി. 24 മണിക്കൂറിനിടെ മാത്രം വില വര്‍ധിച്ചത് 62 ഡോളര്‍.

റെക്കോഡ് മുന്നേറ്റം

കേരളത്തില്‍ ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് ഒരുദിവസം ഒറ്റയടിക്ക് സ്വര്‍ണവില ഗ്രാമിന് 140 രൂപ വര്‍ധിക്കുന്നത്. നേരത്തേ കഴിഞ്ഞ മാര്‍ച്ച് 18ന് ഒറ്റയടിക്ക് 150 രൂപ ഉയര്‍ന്നിരുന്നു.

രാജ്യാന്തര വില നിലവില്‍ 1,932 ഡോളറിലാണുള്ളത്. കഴിഞ്ഞ 7 മാസത്തെ ഉയരമാണിത്. വില വൈകാതെ 1,960 ഡോളര്‍ ഭേദിച്ചേക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

അങ്ങനെയെങ്കില്‍ ഇന്ന് തന്നെയോ വരുംദിവസങ്ങളിലോ സ്വര്‍ണവില കേരളത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ സാധ്യതയേറെയാണെന്ന് വിതരണക്കാരും ചൂണ്ടിക്കാട്ടുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കുറവുമൂലം ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്നതും സ്വര്‍ണവില കൂടാനിടയാക്കുന്നുണ്ട്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കില്‍ ഉടന്‍ മാറ്റംവരുത്തിയേക്കില്ലെന്ന സൂചനകളെ തുടര്‍ന്ന് കടപ്പത്ര യീല്‍ഡിലുണ്ടായ (കടപ്പത്രങ്ങളില്‍ നിന്നുള്ള നേട്ടം/Return) കുറവും സ്വര്‍ണവില കൂടാന്‍ കളമൊരുക്കുകയാണ്.

ഒരു പവന് വേണം 48,000 രൂപയിലധികം

ഒരു പവന് ഇന്ന് വിപണി വില 44,320 രൂപയാണ്. എന്നാല്‍, ഈ വില കൊടുത്താല്‍ ഒരു പവന്‍ ആഭരണം കിട്ടില്ല. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി ഫീസ്, അതിന്റെ 18 ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോഴാണ് ഒരു പവന്‍ ആഭരണ വിലയാകുന്നത്.

നിലവിലെ വില പ്രകാരം 48,400 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. 6,050 രൂപയെങ്കിലും കൊടുത്താലേ ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കൂ. അതായത്, പവന് 4,000 രൂപയും ഗ്രാമിന് 510 രൂപയും അധികം കൈയില്‍ കരുതണം. ഈമാസം അഞ്ചിന് പവന് 41,920 രൂപയും ഗ്രാമിന് 5,240 രൂപയും മാത്രമായിരുന്നു വില.

18 കാരറ്റും വെള്ളി വിലയും

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് കുത്തനെ കൂടി. ഗ്രാമിന് 130 രൂപ ഉയര്‍ന്ന് 4,593 രൂപയിലാണ് വ്യാപാരം. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് വില 77 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില മാറ്റമില്ലാതെ 103 രൂപയില്‍ തുടരുന്നു.

കേരളത്തിലെ റെക്കോഡ്

കഴിഞ്ഞ മേയ് 5ന് കുറിച്ച 45,760 രൂപയാണ് കേരളത്തില്‍ പവന്റെ എക്കാലത്തെയും ഉയര്‍ന്ന വില. അന്ന് ഗ്രാമിന് 5,720 രൂപയായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT