Markets

എല്‍ഐസി ഐപിഒയ്ക്ക് കാത്തിരിക്കുന്ന പോളിസി ഹോള്‍ഡര്‍മാരുടെ ശ്രദ്ധയ്ക്ക്, ഈ വിഭാഗക്കാർക്ക് ഡിസ്‌കൗണ്ട് ഓഹരി ലഭിക്കില്ല

വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഓഹരികളില്‍ 10 ശതമാനത്തോളം ഓഹരികള്‍ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് അനുവദിക്കും

Dhanam News Desk

ഇന്ത്യന്‍ ഓഹരി വിപണി ഇതുവരെ സാക്ഷ്യംവഹിക്കാത്ത ഏറ്റവും വലിയ ഐപിഒയ്ക്കാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (LIC IPO) അഥവാ എല്‍ഐസി ഒരുങ്ങുന്നത്. പൂര്‍ണമായും കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുമ്പോള്‍ അത് ഓഹരി വിപണിക്ക് നല്‍കുന്ന പ്രതീക്ഷകളും ചെറുതല്ല. കൂടാതെ, എല്‍ഐസിയുടെ പോളിസി ഹോള്‍ഡര്‍മാര്‍ക്കും ഗുണകരമാകുന്ന രീതിയിലാണ് എല്‍ഐസി ഐപിഒയ്ക്ക് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഓഹരികളില്‍ 10 ശതമാനത്തോളം ഓഹരികള്‍ പോളിസി ഹോള്‍ഡര്‍മാര്‍ക്കും അഞ്ച് ശതമാനത്തോളം ഓഹരികള്‍ ജീവനക്കാര്‍ക്കുമായി മാറ്റിവച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഡിസ്‌കൗണ്ട് ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും എല്ലാ വിഭാഗം പോളിസി ഹോള്‍ഡര്‍മാര്‍ക്കും എല്‍ഐസി ഐപിഒയില്‍ ഡിസ്‌കൗണ്ട് ഓഹരികള്‍ക്ക് വേണ്ടി അപേക്ഷിക്കാനാവില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം.

1. നിങ്ങളുടെയും നിങ്ങളുടെ പങ്കാളിയുടെയും പേരില്‍ വ്യത്യസ്ത പോളിസി ഉണ്ടെങ്കിലും ഒരു ജോയ്ന്റ് ഡീമാറ്റ് അക്കൗണ്ടാണ് (Demat Account) കൈവശമുള്ളതെങ്കില്‍ ജോയ്ന്റ് ഡീമാറ്റ് അക്കൗണ്ടിനെ അടിസ്ഥാനമാക്കി ഐപിഒയില്‍ അപേക്ഷിക്കാനാവില്ല. സെബി ഐഡിസിആര്‍ റെഗുലേഷന്‍സ് അനുസരിച്ച് ഡീമാറ്റ് അക്കൗണ്ടിന്റെ രണ്ട് ഗുണഭോക്താക്കള്‍ക്കും വ്യക്തിഗത അപേക്ഷകള്‍ നല്‍കാനാവില്ല. ആദ്യ/പ്രാഥമിക ഗുണഭോക്താവിന്റെ പേരില്‍ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ഒരു അപേക്ഷ സമര്‍പ്പിക്കാന്‍ ആദ്യ/പ്രാഥമിക ഗുണഭോക്താവിന്റെ പേര് മാത്രമേ ഉപയോഗിക്കാനാവൂ.

2. നിലവില്‍ ആന്വിറ്റി സ്വീകരിക്കുന്ന ആന്വിറ്റി പോളിസി ഹോള്‍ഡറുടെ (മരണപ്പെട്ട) പങ്കാളിക്ക് പോളിസി ഹോള്‍ഡര്‍മാര്‍ക്ക് നീക്കിവെച്ച ഓഹരികള്‍ക്കായി ഐപിഒയില്‍ അപേക്ഷിക്കാനാവില്ല.

3. പോളിസി ഹോള്‍ഡര്‍ക്ക് അവരുടെ പേരില്‍ തന്നെ ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. അവരുടെ മക്കളുടെയോ രക്ഷിതാക്കളുടെയേ പേരിലുള്ള ഡീമാറ്റ് അക്കൗണ്ട് വഴി ഐപിഒയില്‍ അപേക്ഷിക്കാനാവില്ല.

4. എന്‍ആര്‍ഐകള്‍ക്ക് പോളിസി ഹോള്‍ഡര്‍മാര്‍ക്കായി മാറ്റിവച്ച ഓഹരികള്‍ക്കുവേണ്ടി ഐപിഒയില്‍ അപേക്ഷിക്കാനാവില്ല. ഓഫര്‍ കാലയളവില്‍ ഇന്ത്യയില്‍ താമസിക്കുന്ന ആളുകള്‍ക്ക് മാത്രമേ ഐപിഒയില്‍ അപൈക്ഷിക്കാനാവുകയുള്ളൂ.

5. ഗ്രൂപ്പ് പോളിസികള്‍ ഒഴികെയുള്ള പോളിസി ഹോള്‍ഡര്‍മാര്‍ക്ക് റിസര്‍വേഷന്‍ വിഭാഗത്തിലൂടെ ഐപിഒയില്‍ (IPO) അപേക്ഷിക്കാവുന്നതാണ്.

6. പോളിസി ഹോള്‍ഡര്‍മാര്‍ക്ക് നീക്കിവച്ച ഓഹരികള്‍ക്കായി എല്‍ഐസി പോളിസി ഹോള്‍ഡര്‍മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്തവര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് ഐപിഒയില്‍ പങ്കെടുക്കാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT