Image : Manappuram Finance, V.P. Nandakumar 
Markets

മണപ്പുറം ഫിനാന്‍സിന് 46% ലാഭവളര്‍ച്ച; ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു

മുന്‍ ചീഫ് സെക്രട്ടറി ഇനി മണപ്പുറം ഫിനാന്‍സ് അഡിഷണല്‍ ഡയറക്ടര്‍; വിപണിമൂല്യം ₹16,000 കോടി കടന്നു

Dhanam News Desk

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സ് നടപ്പുവര്‍ഷത്തെ (2023-24) ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍  575.31 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദ ലാഭമായ 393.49 കോടി രൂപയേക്കാള്‍ 46 ശതമാനവും നടപ്പുവര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ 560.65 കോടി രൂപയേക്കാള്‍ 2.6 ശതമാനവും അധികമാണിത്.

സംയോജിത പ്രവര്‍ത്തന വരുമാനം 34 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,715.16 കോടി രൂപയില്‍ നിന്ന് 2,305.28 കോടി രൂപയിലെത്തി. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 2,157.09 കോടി രൂപയായിരുന്നു.

കൈകാര്യം ചെയ്യുന്ന ആസ്തിയും സ്വര്‍ണ വായ്പയും

ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം മണപ്പുറം ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 27 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 40,385 കോടി രൂപയായി. 

കഴിഞ്ഞപാദത്തില്‍ മൊത്തം സ്വര്‍ണ വായ്പകള്‍ 12 ശതമാനം ഉയര്‍ന്ന് 20,758 കോടി രൂപയിലെത്തി. 25 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഇടപാടുകാരാണ് കമ്പനിക്കുള്ളത്. ഉപ കമ്പനികളെ ഒഴിച്ചുനിറുത്തിയാല്‍ മണപ്പുറം ഫിനാന്‍സിന്റെ ഡിസംബര്‍പാദ ലാഭം 429 കോടി രൂപയാണ്.

ആശീര്‍വാദ് മൈക്രോഫിനാന്‍സ്

ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ മൊത്തം വായ്പകള്‍ 8,654 കോടി രൂപയില്‍ നിന്ന് 34 ശതമാനം ഉയര്‍ന്ന് 11,563 കോടി രൂപയിലെത്തി. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 10,950 കോടി രൂപയായിരുന്നു.

127 കോടി രൂപയാണ് കഴിഞ്ഞപാദ ലാഭം; വര്‍ധന 80 ശതമാനം. വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ വായ്പകൾ 70 ശതമാനം വര്‍ധിച്ച് 3,597 കോടി രൂപയായി.

മണപ്പുറം ഹോം ഫിനാന്‍സ്

ഭവനവായ്പാ രംഗത്തെ ഉപകമ്പനിയായ മണപ്പുറം ഹോം ഫിനാന്‍സ് കഴിഞ്ഞപാദത്തില്‍ 41 ശതമാനം വളര്‍ച്ചയോടെ വായ്പകൾ 1,415 കോടി രൂപയിലെത്തിച്ചു. 28 കോടി രൂപയാണ് ലാഭം.

മണപ്പുറം ഫിനാന്‍സിന് ആകെ 65 ലക്ഷം ഉപഭോക്താക്കളുണ്ട്. ഉപ കമ്പനികളെയെല്ലാം ചേര്‍ത്ത് കമ്പനിയുടെ മൊത്തം കടം 31,927 കോടി രൂപയാണ്. സെപ്റ്റംബര്‍ പാദത്തിലെ 32,327 കോടി രൂപയെ അപേക്ഷിച്ച് കുറഞ്ഞു.

ലാഭവിഹിതം പ്രഖ്യാപിച്ചു

ഡിസംബര്‍ പാദത്തില്‍ മൊത്തത്തിലുള്ള ലാഭക്ഷമതയിലും ആസ്തിമൂല്യത്തിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

മികച്ച പ്രവര്‍ത്തനഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. രണ്ടുരൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.90 രൂപ വീതമാണ് ലാഭവിഹിതം. ഫെബ്രുവരി 19 ആണ് ഇതിന്റെ റെക്കോഡ് തീയതിയെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കി.

മണപ്പുറം ഫിനാന്‍സ് ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് പ്രവര്‍ത്തനഫലം പ്രസിദ്ധീകരിച്ചത്. ഓഹരി വില വ്യാപാരാന്ത്യത്തിലുള്ളത് 1.69 ശതമാനം ഉയര്‍ന്ന് 189.75 രൂപയിലാണ്. കമ്പനിയുടെ വിപണിമൂല്യം 16,000 കോടി രൂപയും കടന്ന് 16,061 കോടി രൂപയായി. മണപ്പുറം ഫിനാൻസിന് 5,​000ലേറെ ശാഖകളും 45,​000ലധികം ജീവനക്കാരുമുണ്ട്.

ഇ.കെ. ഭരത് ഭൂഷണ്‍ അഡിഷണല്‍ ഡയറക്ടര്‍

കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ മണപ്പുറം ഫിനാന്‍സിന്റെ അഡിഷണല്‍ ഡയറക്ടറാകും. മാര്‍ച്ച് ഒന്നുമുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT