ആഗോളതലത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതെങ്ങനെ സംഭവിക്കുന്നു എന്നും അറിഞ്ഞിരിക്കേണ്ടത് സംരംഭകരെ സംബന്ധിച്ച് പ്രധാനമാണ്. ബിസിനസ് നിലനിര്‍ത്താനും വിജയംഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വരാനിരിക്കുന്ന സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ അവര്‍ക്കാകണം.
അതിന് സഹായകരമായ രീതിയില്‍ ഞാന്‍ ഒരു ആഗോള പ്രവചന മാതൃക (Global Prediction Model) ഉണ്ടാക്കിയിട്ടുണ്ട്. ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ആഗോള പ്രവചന മാതൃകയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാരണങ്ങള്‍ (Causes), പ്രവര്‍ത്തനങ്ങള്‍ (Actions), ഫലങ്ങള്‍ (Effestc) എന്നിങ്ങനെ.
ചിത്രം 1: Global Prediction Model കാണുക. ഈ മാതൃകയില്‍ ഞാന്‍ യുഎസ് കേന്ദ്രീകൃതമായ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. The Department of Government Efficiency/ DOGE എന്ന ഭാഗമാണ് ഈ ലക്കത്തില്‍ വിശദമാക്കുന്നത്.
മാഗ(MAGA) പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പ് (Department of Government Efficiency/DOGE) രൂപീകരിക്കുന്നത് വെറും ഒരു ഔദ്യോഗിക നടപടിയല്ല. കാര്യക്ഷമമല്ലാത്ത ഭരണ സംവിധാനത്തെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഘടനാപരമായ പരിഷ്‌കാരമാണ്.
ഫെഡറല്‍ സംവിധാനത്തിന്റെ എല്ലാ ഭാഗങ്ങളെയും അളന്നും ഓഡിറ്റ് ചെയ്തും യുക്തിസഹമാക്കിയും നികുതിദായകര്‍ ചെലവഴിക്കുന്ന ഓരോ ഡോളറിനും മൂല്യം ഉറപ്പാക്കുകയാണ് DOGEന്റെ ലക്ഷ്യം.
DOGEന്റെ ദൗത്യം നാലാണ്.
1. പാഴാക്കല്‍ ഓഡിറ്റ് ചെയ്യപ്പെടുകയും അത് ഇല്ലാതാക്കുകയും ചെയ്യുക.
2. പ്രകടനം അടിസ്ഥാനമാക്കിയുള്ള വേതനം.
3. സീറോ ബേസ് ബജറ്റിംഗ്.
4. ഡിജിറ്റല്‍, എഐ ഓട്ടോമേഷന്‍. ഓരോ ഘടകങ്ങളും സ്വാതന്ത്ര്യത്തിന് സമം കാര്യക്ഷമത എന്ന വിശ്വാസത്തെ പിന്തുണയ്ക്കുന്നു.
ഡിഒജിഇയുടെ ഏറ്റവും വലിയ സാമ്പത്തിക ഫലങ്ങളിലൊന്ന് സര്‍ക്കാര്‍ ശമ്പള ബില്‍ യുക്തിസഹമാക്കുന്നതിലൂടെയായിരിക്കും. ഫെഡറല്‍ ബജറ്റിലെ ഏറ്റവും വലിയ ആവര്‍ത്തന ചെലവുകളില്‍ ഒന്നാണ് സിവിലിയന്‍, സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്കുള്ള യുഎസ് ഫെഡറല്‍ ശമ്പളം. ശമ്പളം, പെന്‍ഷനുകള്‍, ആരോഗ്യ സംരക്ഷണ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി പ്രതിവര്‍ഷം കോടികളാണ് ചെലവഴിക്കുന്നത്.
പ്രകടനത്തിനനുസരിച്ചുള്ള ശമ്പളം, നേരത്തെ വിരമിക്കുന്നതിനുള്ള അവസരം, ഓട്ടോമേഷന്‍ എന്നിവ നടപ്പാക്കുന്നതിലൂടെ ജീവനക്കാരെ കുറച്ച് DOGE ലക്ഷ്യമിടുന്നത് ഇവയാണ്:
-അഞ്ച് വര്‍ഷ കാലയളവില്‍ 10 മുതല്‍ 15 ശതമാനം വരെ വേതന സംബന്ധമായ ചെലവ് കുറയ്ക്കുക.
- അനാവശ്യ നിയമനങ്ങള്‍ മരവിപ്പിച്ച് ജീവനക്കാരുടെ എണ്ണം കുറയ്ക്കുക. സാങ്കേതിക വിദ്യയുടെ ഉപയോഗം കൂട്ടുക.
-ശമ്പള ഇനത്തില്‍ ഉണ്ടാകുന്ന ലാഭം കമ്മി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട അടിസ്ഥാന സൗകര്യ വികസനത്തിനുമായി വിനിയോഗിക്കുക. ഇത്തരം നടപടികള്‍ ഫെഡറല്‍ ബജറ്റ് കമ്മി പ്രതിവര്‍ഷം 300 ബില്യണ്‍ ഡോളര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഈ വാദമുയര്‍ത്തുന്നവര്‍ പറയുന്നു. രാഷ്ട്രീയമായ സന്ദേശം വ്യക്തമാണ്. ചെറുതും മികച്ചതുമായ സര്‍ക്കാരിന് ചെലവ് കുറവാണ്. ഇത് പകര്‍ച്ചവ്യാധി കാലഘട്ടത്തിനും അവകാശാധിഷ്ഠിത അമിത ചെലവുകള്‍ക്കും ശേഷം സാമ്പത്തിക അച്ചടക്കം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു.
മാഗ നയരൂപീകരണക്കാരെ സംബന്ധിച്ചിടത്തോളം വേരുറച്ച ഉദ്യോഗസ്ഥ വൃന്ദം കമ്പോള തര്‍ക്കത്തിനും രാഷ്ട്രീയ മാറ്റങ്ങള്‍ക്കും അതീതമായി സ്ഥിരമായ സംഘമായി മാറിയിരിക്കുന്നു. ഈ നിഷ്‌ക്രിയത്വത്തിനെതിരെയുള്ള സ്ഥാപനപരമായ പ്രതിരോധമായാണ് ഡിഒജിഇ കണക്കാക്കപ്പെടുന്നത്.
ഏജന്‍സി ഏകീകരണം: ഓവര്‍ലാപ്പ് ചെയ്യുന്ന വകുപ്പുകള്‍ ലയിപ്പിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യുക.
കാലഹരണപ്പെടുന്ന വ്യവസ്ഥകള്‍ (Sunset Clauses): പ്രോഗ്രാമുകള്‍ തെളിയിക്കപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയില്ലെങ്കില്‍ സ്വാഭാവികമായും കാലഹരണപ്പെട്ടുപോകും.
പബ്ലിക് ഡാഷ്‌ബോര്‍ഡുകള്‍: നികുതിദായകര്‍ക്ക് ഏജന്‍സികളുടെ പ്രകടനവും ശമ്പള കണക്കുകളും തത്സമയം കാണാന്‍ കഴിയും.
ഫലം: വലുപ്പത്തില്‍ ചെറുതും ചെലവിന്റെ കാര്യത്തില്‍ സുതാര്യവുമായ ഒരു ഭരണകൂടം. അവിടെ കാര്യക്ഷമതയില്ലായ്മ ദൃശ്യമാണെന്ന് മാത്രമല്ല, തിരുത്താവുന്നതുമായിരിക്കും.
സാമ്പത്തികമായി DOGE എന്നത് സര്‍ക്കാരിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സാമ്പത്തിക പരിഷ്‌കരണ എന്‍ജിന്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഹ്രസ്വകാലത്തേക്ക് അഴിച്ചുപണി, തൊഴില്‍ പുനര്‍വിന്യാസം, യൂണിയനുകളില്‍ നിന്നുള്ള എതിര്‍പ്പുകള്‍, മാറ്റത്തിനുള്ള ചെലവുകള്‍ തുടങ്ങിയ തടസങ്ങള്‍ ഉണ്ടാക്കിയേക്കാം.എന്നാല്‍ മീഡിയം കാലയളവില്‍ ശമ്പളയിനത്തിലെ ലാഭം, കാര്യക്ഷമമായ നേട്ടം, ഡിജിറ്റല്‍ വര്‍ക്ക്ഫ്‌ളോ എന്നിവ വഴി ധനക്കമ്മിയില്‍ ആശ്വാസമാകുകയും യുഎസ് സാമ്പത്തിക സുസ്ഥിരതയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യും. രാഷ്ട്രീയമായി ഈ നീക്കം അമേരിക്കയെ ആരാണ് ഭരിക്കുന്നത്,തെരഞ്ഞെടുക്കപ്പെട്ട നേതൃത്വമോ വേരുറക്കപ്പെട്ട ഉദ്യോഗസ്ഥ വൃന്ദമോ എന്ന ദീര്‍ഘകാല ചോദ്യം വീണ്ടുമുയര്‍ത്തുന്നു. മാഗയ്ക്ക് വേണ്ടി വാദിക്കുന്നവരെ സംബന്ധിച്ച് DOGE എന്നത് സര്‍ക്കാര്‍ അതിന്റെ സ്വന്തം സംവിധാനത്തെ നിലനിര്‍ത്താതെ വോട്ടര്‍മാരെ സേവിക്കുക എന്ന തത്വത്തെ ഉള്‍ക്കൊള്ളുന്ന ഒന്നായി മാറുന്നു.
ഉപസംഹാരം: കാര്യക്ഷമത പുതിയ ധനകാര്യ സിദ്ധാന്തം എന്ന നിലയില്‍ സ്ഥാപനപരമായ പരിഷ്‌കാരത്തേക്കാള്‍ ഉപരി, സ്റ്റേറ്റിന് ഒരു ബിസിനസ് സ്ഥാപനത്തെ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അങ്ങനെയായിരിക്കണമെന്നുമുള്ള പ്രത്യയശാസ്ത്രപരമായ ബോധ്യത്തെയാണ് DOGE പ്രതിനിധാനം ചെയ്യുന്നത്.അതിന്റെ കാതലായ വശം എന്തെന്നാല്‍, സാമ്പത്തിക ശക്തി ഉല്‍ഭവിക്കുന്നത് പുതിയ നികുതികളില്‍ നിന്നോ കടമെടുക്കലില്‍ നിന്നോ അല്ല, മറിച്ച് അച്ചടക്കം, ലാളിത്യവല്‍ക്കരണം, ഇന്റലിജന്റ് ഓട്ടോമേഷന്‍ എന്നിവയില്‍ നിന്നാണെന്ന വിശ്വാസത്തില്‍ നിന്നാണ്.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലെങ്കിലും DOGEന്റെ ധാര്‍മികതയില്‍ ഇലോണ്‍ മസ്‌കിന്റെ സ്വാധീനം വ്യക്തമായിരുന്നു. പ്രാഥമിക തത്വങ്ങളുടെ കാര്യക്ഷമത, ചുരുങ്ങിയ അധികാര ശ്രേണി, ഭരണനിര്‍വഹണത്തിലെ ഓട്ടോമേഷന്‍ എന്നിവയില്‍ അദ്ദേഹം ആവര്‍ത്തിച്ച് ഊന്നല്‍ നല്‍കിയത്. ചുരുക്കത്തില്‍ പുതിയ വകുപ്പ് സര്‍ക്കാരിനുള്ളില്‍ അനുകരിക്കാന്‍ ശ്രമിച്ചു.
നിരവധി DOGE ടാസ്‌ക്ഫോഴ്‌സ് നേതാക്കളും സാങ്കേതികവിദ്യ പങ്കാളികളും മസ്‌കിന്റെ മാനേജ്‌മെന്റ് പ്ലേബുക്കില്‍ നിന്ന് നേരിട്ട് പ്രചോദനം ഉള്‍ക്കൊണ്ടു. പ്രതീകാത്മകമായി മസ്‌കിന്റെ ഉദാഹരണം ഒരു കള്‍ചറല്‍ ബ്ലൂപ്രിന്റ് നല്‍കി. ഒരൊറ്റ സംരംഭകന് റോക്കറ്റുകള്‍ ഉണ്ടാക്കാനും വിവിധ വ്യവസായങ്ങള്‍ പൂര്‍ണമായ കാര്യക്ഷമതയോടെ നടത്തിക്കൊണ്ടു പോകാനും പറ്റുമെങ്കില്‍ ഒരു സൂപ്പര്‍ പവര്‍ രാജ്യത്തിന് അതേ അച്ചടക്കത്തോടെ ബ്യൂറോക്രസിയെ നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
അങ്ങനെ അദ്ദേഹത്തിന്റെ തത്വചിന്ത DOGEന്റെ പൊതുമേഖലയിലെ പരീക്ഷണത്തിനുള്ള സ്വകാര്യ മേഖലയില്‍ നിന്നുള്ള മാതൃകയായി മാറി.
ആദ്യഘട്ടത്തില്‍ DOGEന്റെ അനൗപചാരിക ഉപദേഷ്ടാവും പൊതുവക്താവുമായിരുന്ന മസ്‌ക്, ഓട്ടോമേഷനും പ്രോസസ് ഒപ്റ്റിമൈസേഷനും വഴി ഒരു പതിറ്റാണ്ടിനുള്ളില്‍ യുഎസ് സര്‍ക്കാരിന് ഒരു ലക്ഷംകോടി ഡോളര്‍ വരെ ലാഭിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ഉയര്‍ന്ന സമ്പാദ്യ ലക്ഷ്യങ്ങള്‍ വെച്ചിരുന്നു. എന്നാല്‍ അത് നടപ്പാക്കി വന്നതോടെ അതില്‍ തുടര്‍ച്ചയായി കുറവു വന്നുതുടങ്ങി. മൂന്നാം വര്‍ഷത്തോടെ പ്രതീക്ഷിക്കുന്ന ലാഭം 253- 300 ബില്യണായി കുറച്ചു. എഐ വിന്യാസത്തിലെ കാലതാമസം, യൂണിയന്‍ പ്രതിരോധം, പ്രധാന മണ്ഡലങ്ങളിലെ ഫെഡറല്‍ ഓഫീസുകള്‍ ചുരുക്കുന്നതിന്റെ രാഷ്ട്രീയപരമായ പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്നാണ് വിടവിന്റെ ഭൂരിഭാഗവും വന്നത്.
സര്‍ക്കാരില്‍ പ്രയോഗിക്കുമ്പോള്‍ മസ്‌കിന്റെ 'വേഗത്തില്‍ നീങ്ങുക, പിന്നീട് ഒപ്റ്റിമൈസ് ചെയ്യുക' എന്ന മന്ത്രത്തിന്പരിമിതികള്‍ ഉണ്ടെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. പൊതു ഉത്തരവാദിത്തം, നിയമനിര്‍മാണ മേല്‍നോട്ടം, മനുഷ്യന്റെ സ്വാധീനം എന്നിവ പരിഷ്‌കരണങ്ങളുടെവേഗത കുറയ്ക്കും. എങ്കിലും ഈ മിതമായ വിജയം പോലും DOGEന് രാഷ്ട്രീയപരമായ നിയമസാധുത നല്‍കി. കാര്യക്ഷമത പരിഷ്‌കാരങ്ങളിലൂടെ പണം ലാഭിക്കാന്‍ കഴിയുമെന്ന് അത് തെളിയിച്ചു.
കാലക്രമേണ DOGEന്റെ പ്രതിച്ഛായപരിഷ്‌കരണ വാദി എന്നതില്‍ നിന്ന് വിവാദങ്ങളിലേക്ക് മാറി. പെട്ടെന്നുള്ള ബജറ്റ് വെട്ടിക്കുറയ്ക്കല്‍, ഓഫീസുകള്‍ അടച്ചുപൂട്ടല്‍, വ്യാപകമായ ഓട്ടോമേഷന്‍ തുടങ്ങിയ വെട്ടിനിരത്തല്‍ സമീപനം വ്യാപകമായ തോതില്‍ പൊതുജന രോഷത്തിന് കാരണമായി.
അത്യാവശ്യ സേവനങ്ങള്‍ ലഭിക്കുന്നതില്‍ വലിയ തടസം നേരിട്ടതായി പല പൗരന്മാരും പരാതിപ്പെട്ടു. ഉഛഏഋന്റെ ചില അസംബന്ധ നടപടികള്‍ പൊതുജനങ്ങളുടെയും കോണ്‍ഗ്രസിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നു. ബിസിനസുകാരില്‍ ഭൂരിഭാഗവും DOGEന്റെ സാമ്പത്തിക അച്ചടക്കത്തെ ഇപ്പോഴും പിന്തുണക്കുന്നുണ്ടെങ്കിലും 60 ശതമാനം സാധാരണക്കാരും ഇതിനെ വളരെ കടുത്തത് അല്ലെങ്കില്‍ മോശമായി നടപ്പിലാക്കിയ ഒന്നായി കണ്ടു.
ഫെഡറല്‍ ജീവനക്കാരുടെയും യൂണിയനുകളുടെയും പ്രതിഷേധങ്ങള്‍ ദിവസേന തലക്കെട്ടുകളില്‍ നിറഞ്ഞു. കോണ്‍ഗ്രസിലെ ഉഭയകക്ഷി സഖ്യങ്ങള്‍ ഒഴിവാക്കിയ ചില പ്രോഗ്രാമുകള്‍ പുനഃസ്ഥാപിക്കാന്‍ ഭേദഗതികള്‍ക്കായി നിര്‍ബന്ധിച്ചു. സാങ്കേതിക പരിഷ്‌കരണത്തിന്റെ ഒരു പ്രദര്‍ശനം എന്ന നിലയില്‍ ഉദ്ദേശിച്ചത് രാഷ്ട്രീയമായി റേഡിയോ ആക്ടീവായി മാറി. ജനപ്രീതി ഇല്ലായ്മയുടെ ഈ തരംഗം താമസിയാതെ സര്‍ക്കാരിനപ്പുറത്തേക്ക് പടരാന്‍ തുടങ്ങി.
വിവാദങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ ഇലോണ്‍ മസ്‌ക് ഉപദേശക സ്ഥാനത്തു നിന്ന് നിശബ്ദമായി പിന്‍മാറി. അതിനു പിന്നില്‍ പല കാരണങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഹൃദയശൂന്യമായ രീതിയിലുള്ള ഓട്ടോമേഷന്‍ നടപടികളുടെയും കൂട്ടപ്പിരിച്ചുവിടലുകളുടെയും മുഖമായി DOGE വിമര്‍ശകര്‍ അദ്ദേഹത്തെ എടുത്തുകാട്ടിയപ്പോള്‍ ഒരിക്കല്‍ കാര്യക്ഷമതയുടെ അവതാരമായി ആഘോഷിക്കപ്പെട്ടിരുന്ന മസ്‌കിന്റെ പ്രതിച്ഛായയ്ക്ക് വലിയതോതില്‍ കോട്ടം തട്ടി. ബഹിഷ്‌കരണങ്ങളും സോഷ്യല്‍ മീഡിയ ക്യാമ്പയ്‌നുകളും ടെസ്ലയുടെ വില്‍പ്പനയെ ബാധിക്കുകയും അദ്ദേഹത്തിന്റെ മറ്റ് കമ്പനികളായ സ്‌പേസ് എക്‌സും എക്‌സും (മുമ്പ് ട്വിറ്റര്‍) മോശം വാര്‍ത്തകള്‍ക്ക് വിധേയമാകുകയും ചെയ്തു. സല്‍പ്പേരിനെ ആശ്രയിച്ച് നിലനില്‍ക്കുന്ന ഒരു ബിസിനസ് സാമ്രാജ്യത്തെ നയിക്കുന്ന വ്യക്തിക്ക് സര്‍ക്കാരിന്റെ ജനപ്രീതിയില്ലാത്ത പിരിച്ചുവിടലുകളുമായി ബന്ധപ്പെടുത്തുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ലെന്ന് തെളിഞ്ഞു. അദ്ദേഹത്തിന്റെ പിന്മാറ്റം ഒരു വഴിത്തിരിവായി. DOGEന് അതിന്റെ സ്വകാര്യമേഖല നവീകരണത്തിന്റെ കാണപ്പെട്ട ചിഹ്നം നഷ്ടമായി. അതോടൊപ്പം അതിന്റെ ആരംഭത്തിലുണ്ടായിരുന്ന ആക്കവും ഏറെ നഷ്ടപ്പെട്ടു.
സംഘര്‍ഷരഹിതവും പൂര്‍ണമായും ഓട്ടോമേറ്റഡുമായ ഒരു സര്‍ക്കാര്‍ എന്ന മഹത്തായ വാഗ്ദാനം DOGEന് ഇതുവരെയും നിറവേറ്റാനായിട്ടില്ല. പക്ഷേ പ്രധാനപ്പെട്ട ഒരുകാര്യം ചെയ്തിട്ടുണ്ട്. പൊതുഭരണത്തില്‍ ഉത്തരവാദിത്തം എന്തെന്ന് നിര്‍വചിച്ചു. ഒടുവില്‍ ആ പദ്ധതി ഒരു വിരോധാഭാസമായി മാറുന്നതാണ് കണ്ടത്. സിലിക്കണ്‍ വാലിയുടെ വേഗതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വാഷിംഗ്ടണിന്റെനടപടിക്രമങ്ങളിലേക്ക് പരിമിതപ്പെട്ടു. ഭരണനിര്‍വഹണത്തിലേക്ക് സംരംഭക യുക്തി കടത്തിവിടുന്നതിന്റെ ശക്തിയും അപകടവും അത് പ്രകടമാക്കി. പൊതുജനങ്ങളുടെ പ്രതികരണങ്ങളുടെയും അമിതമായ രാഷ്ട്രീയവല്‍ക്കരണത്തിന്റെയും മുള്ളുകള്‍ ആദ്യ വിളവെടുപ്പില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെങ്കിലും DOGEന്റെ തത്വങ്ങള്‍ കൂടുതല്‍ മെലിഞ്ഞതും ഡാറ്റ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു സ്റ്റേറ്റിന്റെ വിത്തിടലായി എപ്പോഴും ഓര്‍മിക്കപ്പെട്ടേക്കാം. ഇലോണ്‍ മസ്‌കിനെ സംബന്ധിച്ചിടത്തോളം സഹാനുഭൂതിയില്ലാത്ത കാര്യക്ഷമത റോക്കറ്റുകളില്‍ ഫലപ്രദമായേക്കാം. പക്ഷേ എല്ലായ്‌പ്പോഴും ജനാധിപത്യത്തില്‍ അങ്ങനെയല്ല എന്നതിന്റെ ഓര്‍പ്പെടുത്തലായി മാറി.
(ധനം മാഗസീന്‍ 2025 നവംബര്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine