Managing Business

യുഎസിനെ നിയന്ത്രിക്കുന്ന ബ്യൂറോക്രാറ്റുകള്‍: ലോക സമ്പദ് വ്യവസ്ഥയുടെ ഭാവിയില്‍ ആശങ്കയോടെ ലോകം

ഭരണം മാറിമാറി വരുമ്പോഴും മാറാതെ നില്‍ക്കുന്ന ബ്യൂറോക്രാറ്റുകളാണ് യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ നയങ്ങള്‍ രൂപീകരിക്കുന്നതെന്നതാണ് ആരോപണം

Tiny Philip

പലരും വിശേഷിപ്പിക്കുന്നതു പോലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗോള വ്യാപാര യുദ്ധം തുടങ്ങിയതോടെ എനിക്കറിയാവുന്ന ബിസിനസുകരെല്ലാം ലോക സമ്പദ്വ്യവസ്ഥയുടെ ഭാവിയെ കുറിച്ച് ആശങ്കാകുലരാണ്.

ആഗോളതലത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും അതെങ്ങനെ സംഭവിക്കുന്നു എന്നും അറിഞ്ഞിരിക്കുകയെന്നത് ഏതൊരു ബിസിനസുകാരനെ സംബന്ധിച്ചും വളരെ പ്രധാനമാണ്. ഭാവിയിലെ നിലനില്‍പ്പും വിജയവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വരാനിരിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് പ്രവചിക്കാനും അവര്‍ക്ക് കഴിയണം. എന്റെ പല ക്ലയ്ന്റുകളും ഈ പ്രശ്‌നങ്ങളെ കുറിച്ച് എന്നോട് ചോദിക്കാറുണ്ട്. അത് മനസിലാക്കുന്നതിന് വേണ്ടി ഞാന്‍ ഒരു ആഗോള പ്രവചന മാതൃക (Global Prediction Model) ഉണ്ടാക്കിയിട്ടുണ്ട്. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നും മനസിലാക്കാനും ഭാവി സാഹചര്യങ്ങളുടെ സാധ്യതകള്‍ പ്രവചിക്കാനും ആ മാതൃക എന്നെ സഹായിക്കുന്നു.

Figure 1: Global Prediction Model

ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ആഗോള പ്രവചന മാതൃകയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാരണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ഫലങ്ങള്‍ എന്നിങ്ങനെ.

ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന യുഎസ് നയങ്ങളാണ് ഭൂരിഭാഗം മാറ്റങ്ങള്‍ക്കും പിന്നില്‍ എന്നതിനാല്‍ ഈ മാതൃകയില്‍ ഞാന്‍ യുഎസ് കേന്ദ്രീകൃതമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിരിക്കുന്നത്.

മുന്‍ ലേഖനങ്ങളില്‍ മഹാശക്തികളുടെ ചാക്രിക മാറ്റം (Great PowerCycle), ഉയര്‍ന്ന യുഎസ് കറന്റ് അക്കൗണ്ട് കമ്മി (High US Current Account Deficit), ആഗോള ജിഡിപിയിലെ യുഎസ് വിഹിതത്തിലെ ഇടിവ് (Drop in US share of World GDP), ചൈനയുടെ ഉദയം (Rise of China), യുഎസിന്റെ വര്‍ധിച്ചു വരുന്ന ധനക്കമ്മി (Increasing Fiscal Deficit of US), യുഎസില്‍ അസമത്വത്തിന്റെ ഉദയം, യുഎസിലെ വോക്ക് കള്‍ചറിന്റെ ഉദയം എന്നിവയെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്.

ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്ന ആഗോള പ്രവചന മാതൃകയുടെ കാരണങ്ങളുടെ ഭാഗമായ ബ്യൂറോക്രാറ്റുകളുടെ വര്‍ധിച്ചുവരുന്ന അധികാരം എന്നതിനെ കുറിച്ചാണ് ഈ ലക്കത്തില്‍ വിശദമാക്കുന്നത്.

മാഗ (MAGA) വീക്ഷണം: മറഞ്ഞിരിക്കുന്ന ഭരണാധികാരികളായ ബ്യൂറോക്രാറ്റുകള്‍

മാഗ വീക്ഷണ പ്രകാരം ബ്യൂറോക്രാറ്റുകളുടെ വര്‍ധിച്ചുവരുന്ന അധികാരം ഭരണത്തിന്റെ സാങ്കേതിക പ്രശ്നം മാത്രമല്ല, മറിച്ച് ജനാധിപത്യത്തിനെതിരെയുള്ള അടിസ്ഥാനപരമായ ഭീഷണി കൂടിയാണ്. യുഎസ് കോണ്‍ഗ്രസ് സ്തംഭിക്കുകയും രാഷ്ട്രീയ അധികാരം ഇടതുവലതു പക്ഷങ്ങള്‍ക്കിടയില്‍ ബലാബലമായി നിലകൊള്ളുകയും ചെയ്യുമ്പോള്‍, ജനപ്രതിനിധികളല്ലാത്ത ബ്യൂറോക്രാറ്റുകള്‍ സര്‍ക്കാര്‍ മെഷിനറിയുടെ നിയന്ത്രണം നിശബ്ദമായി ഏറ്റെടുക്കുന്നു.

അമേരിക്കയ്ക്ക് രണ്ട് സര്‍ക്കാരുകള്‍ ഉണ്ടെന്നതാണ് ആശങ്കയുളവാക്കുന്നത്.

1. ഓരോ രണ്ടോ നാലോ വര്‍ഷം കൂടുമ്പോഴും ജനങ്ങള്‍ വോട്ടിലൂടെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍.

2. തെരഞ്ഞെടുപ്പുകള്‍ ഒന്നും ബാധകമല്ലാത്ത സ്ഥിരം ഉദ്യോഗസ്ഥ വൃന്ദം.

ഈ സ്ഥിരം ഉദ്യോഗസ്ഥ വൃന്ദം രാഷ്ട്രീയ ചായ്വ് കാട്ടുന്നുവെന്നും പലപ്പോഴും പരിഷ്‌കാരങ്ങളെ തടയുന്നുവെന്നും മാഗ അനുകൂലികള്‍ വാദിക്കുന്നു. നിയമങ്ങള്‍ സെലക്ടീവായി നടപ്പിലാക്കല്‍, നിയമത്തില്‍ വ്യാപകമായ ഇടപെടല്‍, നിയന്ത്രണങ്ങള്‍ നീക്കുക എന്ന ലക്ഷ്യവുമായി നയങ്ങളെ എതിര്‍ക്കല്‍ എന്നിവയുടെ രൂപത്തിലാണ് അവര്‍ അതിനെ കാണുന്നത്.

അതുകൊണ്ടാണ് അഴിമതി ഇല്ലാതാക്കുക എന്ന അര്‍ത്ഥത്തില്‍ 'drain the swamp' എന്ന പ്രയോഗം ശക്തമായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

മാഗയുടെ കാഴ്ചപ്പാടില്‍ swamp എന്നാല്‍ വാഷിംഗ്ടണിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ മാത്രമല്ല, വോട്ടര്‍മാരെ അഭിമുഖീകരിക്കാതെ യഥാര്‍ത്ഥ അധികാരം കയ്യില്‍ വെച്ചിരിക്കുന്ന ഏജന്‍സികള്‍, റെഗുലേറ്റര്‍മാര്‍, അഡ്മിനിസ്ട്രേറ്റേഴ്സ് തുടങ്ങിയവരുടെ വിശാലമായ ശൃംഖലയാണ്. ബ്യൂറോക്രാറ്റുകളുടെ കടന്നുകയറ്റം വെറും സിദ്ധാന്തത്തില്‍ ഒതുങ്ങുന്നതല്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ യുഎസ് ഫെഡറല്‍ ബ്യൂറോക്രസി നാടകീയമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഫെഡറല്‍ ഏജന്‍സികളുടെ വളര്‍ച്ച: ഫെഡറല്‍ ഏജന്‍സികളുടെ എണ്ണം 1900ത്തില്‍ 20ല്‍ താഴെ മാത്രമായിരുന്നുവെങ്കില്‍ 2020 ഓടെ 400ലേറെയായി ഉയര്‍ന്നു. യുദ്ധങ്ങള്‍, മാന്ദ്യങ്ങള്‍, പൗരാവകാശ പോരാട്ടങ്ങള്‍, ശീതയുദ്ധം, 9/11, സാമ്പത്തിക പ്രതിസന്ധി, കോവിഡ് എന്നിങ്ങനെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും പുതിയ ഏജന്‍സികള്‍ രൂപീകരിക്കപ്പെട്ടു. ഓരോന്നിനും സ്ഥിരം ജീവനക്കാരെയും നിയമനിര്‍മാണ അധികാരങ്ങളും നല്‍കി.

വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന ഫെഡറല്‍ രജിസ്റ്റര്‍ പേരുകള്‍: പുതിയ ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഫെഡറല്‍ രജിസ്റ്ററാണ് ബ്യൂറോക്രാറ്റുകളുടെ വളര്‍ച്ചയുടെ മറ്റൊരു അളവുകോല്‍. 1970ല്‍ ഇതില്‍ 20000 പേജുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2020 ഓടെ 85000 ആയി ഉയര്‍ന്നു. ഇതിലെ ഓരോ പേജിലും ഉള്ള ചട്ടങ്ങള്‍ കോണ്‍ഗ്രസ് തയാറാക്കിയതല്ല, മറിച്ച് ഏജന്‍സികള്‍ തയാറാക്കുന്നവയാണ്. അവയ്ക്ക് നിയമങ്ങളുടെ അതേ പ്രാധാന്യമുണ്ട്.

മാഗയെ സംബന്ധിച്ചിടത്തോളം ഈ കണക്കുകള്‍, ബ്യൂറോക്രാറ്റുകള്‍ വെറും ഉപദേശകരോ സപ്പോര്‍ട്ട് സ്റ്റാഫുകളോ അല്ലെന്ന അവരുടെ വാദം തെളിയിക്കുന്നു. പൊതുജനങ്ങളുടെ സമ്മതമില്ലാത്ത ആയിരക്കണക്കിന് നിയമങ്ങളിലൂടെ അവര്‍ രാജ്യം എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കുന്നു.

ഇപ്പോള്‍ എന്തുകൊണ്ട് ഇത് പ്രാധാന്യം അര്‍ഹിക്കുന്നു?

വലിയ ധ്രുവീകരണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ഭയം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ മത്സരം കടുക്കുകയും വിവിധ പാര്‍ട്ടികള്‍ക്ക് അധികാരം മാറിമാറി ലഭിക്കുകയും ചെയ്യുമ്പോള്‍, ആര്‍ക്കും നേരാംവണ്ണം ഭരണം സാധ്യമല്ലാതെ വരുന്നു. ഈയൊരു ശൂന്യതയില്‍ തുടര്‍ച്ച നിലനിര്‍ത്തുന്നതിനായി ബ്യൂറോക്രാറ്റുകള്‍ ഇടപെടുന്നു. ഇവിടെ ബ്യൂറോക്രാറ്റുകള്‍ അധികാര ശക്തിയായി മാറുന്നുവെന്ന കാഴ്ചപ്പാടാണ് മാഗയ്ക്കുള്ളത്. ഈയൊരു വീക്ഷണത്തില്‍, സ്ഥിരം സര്‍ക്കാര്‍ സംവിധാനം സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ചുകൊïിരിക്കേ, തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം

നാള്‍ക്കുനാള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന അപകടാവസ്ഥയിലേക്ക് അമേരിക്ക നീങ്ങുന്നു.

അനന്തര ഫലങ്ങള്‍

1. ജനാധിപത്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു: തെരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗസ്ഥരാണ് ആത്യന്തികമായി നിയമം രൂപീകരിക്കുന്നതെന്ന് വന്നാല്‍ തങ്ങളുടെ വോട്ടിന് വലിയ വിലയില്ലെന്ന് പൗരന്മാര്‍ക്ക് തോന്നാം.

2. ബിസിനസ് അനിശ്ചിതത്വം: കോണ്‍ഗ്രസ് എന്ത് നിയമം പാസാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ബ്യൂറോക്രാറ്റുകള്‍ ആ നിയമത്തില്‍ എങ്ങനെ ഇടപെടുന്നുവെന്നതിനെ ആശ്രയിച്ചാകും കമ്പനികള്‍ മാറുന്ന നിയമങ്ങളെ അഭിമുഖീകരിക്കുക.

3. ജനകീയ മുന്നേറ്റങ്ങള്‍: ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശക്തരാകുന്നതോടെ ഏജന്‍സികളെ സമൂലമായി പുനഃക്രമീകരിക്കാനോ, വലുപ്പം കുറയ്ക്കാനോ പിരിച്ചുവിടാനോ ഉള്ള ആഹ്വാനങ്ങള്‍ ശക്തമാകും.

മാഗയെ സംബന്ധിച്ചിടത്തോളം ബ്യൂറോക്രാറ്റുകളുടെ അധികാരം വര്‍ധിച്ചു വരുന്നത് ചെറിയ പ്രശ്നമല്ല. അമേരിക്കയെ യഥാര്‍ത്ഥത്തില്‍ ആരാണ് ഭരിക്കുന്നത് എന്നതിനെ കുറിച്ചുള്ള പ്രധാന പോരാട്ടം തന്നെയാണ്; ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളോ ഒരിക്കലും വോട്ടെടുപ്പിനെ അഭിമുഖീകരിക്കാത്ത സ്ഥിരം ഉദ്യോഗസ്ഥ വൃന്ദമോ?

ശേഷം അടുത്ത ലക്കത്തില്‍

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT