News & Views

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 01, 2020

Dhanam News Desk
കൊറോണ അപ്ഡേറ്റ്സ്
ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കൂടി കോവിഡ്. 10862 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 1,695,988(ഇന്നലെ വരെയുള്ള:1,583,792)

മരണം : 36,511(ഇന്നലെ വരെയുള്ള കണക്ക്: 34,968)

ലോകത്ത് ഇതുവരെ

രോഗികള്‍: 17,591,968 (ഇന്നലെ വരെയുള്ള കണക്ക്: 17,029,155)

മരണം: 679,439(ഇന്നലെ വരെയുള്ള കണക്ക്: 667,011 )

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 5020 രൂപ (ഇന്നലെ 5000രൂപ )

ഒരു ഡോളര്‍: 74.93രൂപ (ഇന്നലെ: 74.92രൂപ )

ക്രൂഡ് ഓയ്ല്‍
WTI Crude40.27+0.88%
Brent Crude43.30+0.84%
Natural Gas1.799-1.64%
മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍:
കാര്‍ വിപണിക്ക് പ്രതീക്ഷ, മാരുതിയുടെ വില്‍പ്പന കൂടി

രാജ്യത്തെ ഓട്ടോമൊബീല്‍ വിപണി തിരിച്ചു വരവിന്റെ സൂചന കാട്ടി, മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ കാര്‍ വില്‍പ്പനയില്‍ ആറുമാസത്തിനിടയില്‍ ഇതാദ്യമായി വര്‍ധന. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ജൂലൈയില്‍ വിറ്റഴിച്ചത് 97768 കാറുകളാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ വിറ്റ 96478 കാറുകളേക്കാള്‍ 1.3 ശതമാനം കൂടുതല്‍.

വാഹനങ്ങളുടെ ഓണ്‍റോഡ് വില കുറയും, ഇന്ന് മുതല്‍ പുതിയ വാഹന ഇന്‍ഷുറന്‍സ് നിയമങ്ങള്‍

ദീര്‍ഘകാല ഓട്ടോ ഇന്‍ഷുറസ് പാക്കേജുകള്‍ ഇന്ന് മുതല്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിട്ടി നിര്‍ത്തലാക്കിയത് ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായി. പുതിയ വാഹനങ്ങളുടെ ഓണ്‍റോഡ് വിലയില്‍ കുറവുണ്ടാകാന്‍ ഇത് കാരണമാകും. ഇതുവരെ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ദീര്‍ഘകാല ഇന്‍ഷുറന്‍സ് എടുക്കണമായിരുന്നു. ഇന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമേ ദീര്‍ഘകാലത്തേക്ക് ഉണ്ടാകൂ. ഇതുവരെ ദീര്‍ഘകാല തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി ഇന്‍ഷുറന്‍സിനോടൊപ്പം ഓണ്‍ ഡാമേജ് ഇന്‍ഷുറന്‍സുകളും ദീര്‍ഘകാലത്തേക്ക് നല്‍കുന്ന പാക്കേജുകളാണ് നിര്‍ത്തലാക്കുന്നത്.

ആഗോള മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്ക് നേതൃത്വം നല്‍കുന്ന ന്യൂസ് കോര്‍പ്പറേഷനെന്ന മാഹാസാമ്രാജ്യത്തിന്റെ അമരത്തുനിന്ന് മകന്‍ ജെയിംസ് മര്‍ഡോക്ക് രാജിവച്ചു.'എഡിറ്റോറിയല്‍ കണ്ടന്റ് 'സംബന്ധിച്ച കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ആണ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ജെയിംസ് വിട്ടുപോരാന്‍ കാരണമെന്നു വ്യക്തമായിക്കഴിഞ്ഞു.ജെയിംസിന്റെ സഹോദരന്‍ ലാച്‌ലാന്‍ ആണ് ഇനി റൂപ്പര്‍ട്ടിനൊപ്പമുണ്ടാവുക.

അടിയന്തര ക്രെഡിറ്റ് സൗകര്യത്തിന് യോഗ്യതയുള്ള എംഎസ്എംഇകള്‍ക്ക് വായ്പ നിരസിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 'നിരസിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപക്ഷം, ഞാന്‍ അത് പരിശോധിക്കും'- വ്യവസായ ചേംബര്‍ അംഗങ്ങളുടെ കൂട്ടായ്മയായ ഫിക്കിയെ അഭിസംബോധന ചെയ്യവേ അവര്‍ അറിയിച്ചു.

ഈ മാസത്തെ വായ്പാ അവലോകന യോഗത്തില്‍ നിരക്കു മാറ്റത്തിനു സാധ്യതയില്ല

ഓഗസ്റ്റ് 4 മുതല്‍ ചേരുന്ന ആര്‍ബിഐ വായ്പാവലോകന യോഗത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ലെന്നു റിപ്പോര്‍ട്ട്.പണപ്പെരുപ്പ നിരക്കുകള്‍ കൂടുന്നതാണ് റിസര്‍വ് ബാങ്ക് നേരിടുന്ന വെല്ലുവളി. ഫെബ്രുവരിക്കുശേഷം ഇതുവരെ റിപ്പോ നിരക്കില്‍ 1.15ശതമാനം(115 ബേസിസ് പോയന്റ്) കുറവുവരുത്തിയിരുന്നു.

മൂന്ന് ബാങ്കുകള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ നിതി അയോഗ് ശുപാര്‍ശ

രാജ്യത്തെ മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ കൂടി സ്വകാര്യവത്കരിക്കാന്‍ നിതി അയോഗ് ശുപാര്‍ശ നല്‍കി. പഞ്ചാബ് സിന്ധ് ബാങ്ക്, യുകോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയുടെ സ്വകാര്യവത്കരണത്തിനാണ് നിര്‍ദ്ദേശം.ഈ ബാങ്കുകളുടെ ഓഹരി വില്‍പ്പനയിലൂടെ വന്‍ തുക സമാഹരിക്കാനാകുമെന്നാണ് നിരീക്ഷണം.

ടാറ്റ മോട്ടോഴ്സിന് 8,438 കോടി രൂപയുടെ പാദവര്‍ഷ നഷ്ടം

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസം (ഏപ്രില്‍ - ജൂണ്‍) 8,438 കോടി രൂപയുടെ ടാറ്റ മോട്ടോഴ്സിന് നഷ്ടം സംഭവിച്ചു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 3,689 കോടി രൂപയായിരുന്നു ടാറ്റ നേരിട്ട നഷ്ടം. ഇതേസമയം, ചൈനയിലും അമേരിക്കയിലും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നടത്തിയ ഭേദപ്പെട്ട വില്‍പ്പന ടാറ്റയ്ക്ക് കൈത്താങ്ങാവുന്നുണ്ട്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വിഹിതം പഴയ നിരക്കിലാക്കി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ വിഹിതം പഴയതുപോലെ 24 ശതമാനം (12% ജീവനക്കാരും 12% തൊഴിലുടമയും) ആക്കി. കോവിഡ് പശ്ചാത്തലത്തിലാണ് തൊഴിലുടമകളുടെയും ജീവനക്കാരുടെയും ഇപിഎഫ് വിഹിതം മെയ് മുതല്‍ ജൂലൈ വരെ 3 മാസത്തേക്ക് 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി് കുറച്ചത്.

സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍; വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളര്‍

സൗദി അരാംകോയെ മറികടന്ന് ആപ്പിള്‍ കമ്പനി ലോകത്തെ വലിയ കമ്പനിയായി. പാദവാര്‍ഷിക കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ആപ്പിളിന്റെ ഓഹരി മൂല്യത്തില്‍ 7.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായതാണ് വലിയ നേട്ടത്തിലേക്കെത്താന്‍ സഹായിച്ചത്.ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ആപ്പിളിന്റെ ഓഹരി വില 412 ഡോളറാണ്. ഇതോടെ വിപണി മൂലധനം 1.786 ലക്ഷം കോടി ഡോളറായി. സൗദി അരാംകോയുടേത് 1.76 ലക്ഷം കോടി ഡോളറാണ്.

കോവിഡ് ഇന്‍ഷുറന്‍സ്:കേരളത്തില്‍ നിന്നുള്ള പ്രീമിയം 3.38 കോടി രൂപ

കോവിഡ് ചികിത്സാ ഇന്‍ഷുറന്‍സ് പ്രീമിയത്തിനായി കേരളീയര്‍ 20 ദിവസത്തിനുള്ളില്‍ ചെലവഴിച്ചത് 3.38 കോടി രൂപ. 'കോവിഡ് കവച്', 'കോവിഡ് രക്ഷാ' പോളിസികള്‍ക്കായി നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു 10,446 പോളിസികളില്‍ ലഭിച്ചത് 2.18 കോടിയാണ്. സ്വകാര്യ മേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഓണ്‍ലൈനില്‍ ലഭിച്ചവ ഉള്‍പ്പെടെ 6,938 പോളിസികളും കേരളത്തില്‍നിന്നു ലഭിച്ചു. ജൂലായ് 10-നാണ് കോവിഡ് ചികിത്സയ്ക്കുമാത്രമുള്ള രണ്ട് പോളിസികള്‍ക്ക് ഐ.ആര്‍.ഡി.എ. അനുമതി നല്‍കിയത്.

50,000 കോടി രൂപയുടെ പിഎല്‍ഐ ആനുകൂല്യ പദ്ധതി: വിദേശ മൊബൈല്‍ കമ്പനികളും രംഗത്ത്

ഐ ഫോണ്‍ നിര്‍മാണത്തിനായി ആപ്പിളുമായി കരാറിലേര്‍പ്പെട്ട കമ്പനികളും സാംസങ്, ലാവ, ഡിക്‌സോണ്‍ തുടങ്ങിയവയും കേന്ദ്ര സര്‍ക്കാരിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യ(പിഎല്‍ഐ)ത്തിനായി ശ്രമം തുടങ്ങി. ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണമേഖലയിലെ ഉണര്‍വിനായി സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമായാണ് വന്‍കിട കമ്പനികള്‍ ആനുകൂല്യത്തിനായി ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയങ്ങളെ സമീപിച്ചത്. 50,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതി പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കമ്പനികള്‍ക്ക് നല്‍കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT