byd india
News & Views

സൗത്ത് ഇന്ത്യയില്‍ ₹85,000 കോടി നിക്ഷേപിക്കാമെന്ന് ബി.വൈ.ഡി, തത്കാലം വേണ്ടെന്ന് മന്ത്രി! ചൈനയോട് കലിപ്പ് തീരാതെ കേന്ദ്രസര്‍ക്കാര്‍

യു.എസ് കമ്പനിയായ ടെസ്‌ലക്ക് അനുമതി നല്‍കാന്‍ തയ്യാറാണെന്നും സൂചന

Dhanam News Desk

ചൈനീസ് വാഹന നിര്‍മാണ കമ്പനിയായ ബി.വൈ.ഡിക്ക് ഇന്ത്യയില്‍ നിക്ഷേപത്തിനുള്ള അനുമതി തത്കാലം നല്‍കില്ലെന്ന് കേന്ദ്രവാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍. നിക്ഷേപ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് നമ്മുടെ നാട്ടില്‍ നിക്ഷേപിക്കേണ്ടതെന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. ബി.വൈ.ഡിക്ക് തത്കാലം അനുമതി നല്‍കേണ്ടെന്നാണ് തീരുമാനമെന്നും അദ്ദേഹം ഒരു വാര്‍ത്താ മാധ്യമത്തോട് പ്രതികരിച്ചു.

ബി.വൈ.ഡിക്ക് കമ്യൂണിസ്റ്റ് ബന്ധം?

ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി തേടേണ്ടത് അത്യാവശ്യമാണ്. ബി.വൈ.ഡി മാനേജ്‌മെന്റിന് ചൈനീസ് സര്‍ക്കാരിലും സൈന്യത്തിലുമുള്ള ബന്ധമാണ് കേന്ദ്രത്തിന് മുന്നില്‍ തടസമായതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനിയുടെ ഉടമസ്ഥാവകാശത്തിലും സര്‍ക്കാരിന് സംശയമുണ്ട്. ചൈനീസ് വിപണിയില്‍ വിദേശ കമ്പനികളെ വലുതായി പ്രോത്സാഹിപ്പിക്കാറില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ ബി.വൈ.ഡി അനുസരിക്കുമെന്ന് സര്‍ക്കാരിന് ഉറപ്പാക്കേണ്ടതുണ്ടെന്ന് പിയൂഷ് ഗോയലും പറയുന്നു. സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ കാര്യങ്ങളുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വിശദീകരിച്ചു.

രണ്ട് തവണയും അനുമതി നിഷേധം

ഇത് രണ്ടാം തവണയാണ് ബി.വൈ.ഡിക്ക് കേന്ദ്രസര്‍ക്കാര്‍ നിക്ഷേപ അനുമതി നിഷേധിക്കുന്നത്. ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 8,500 കോടി രൂപ) മുതല്‍മുടക്കില്‍ മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ചേര്‍ന്ന് ഹൈദരാബാദില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയുമായി ബി.വൈ.ഡി 2023ല്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ ചൈനീസ് നയതന്ത്ര വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം നിരസിക്കുകയായിരുന്നു. ഇക്കുറി 10 ബില്യന്‍ ഡോളര്‍ (ഏകദേശം 85,000 കോടി രൂപ) നിക്ഷേപം നടത്താനായിരുന്നു ബി.വൈ.ഡിയുടെ പദ്ധതി. ഇതിനായി ഹൈദരാബാദില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയെന്നും കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നിക്ഷേപ പദ്ധതി നടത്തിയിട്ടില്ലെന്നാണ് ബി.വൈ.ഡിയുടെ പ്രതികരണം.

മസ്‌കിന് അനുമതി

അതിനിടെ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല മോട്ടോര്‍സിന് ഇന്ത്യ പച്ചപരവതാനി വിരിക്കുമെന്ന് ഉറപ്പായി. നിലവില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഷോറൂമുകള്‍ തുറക്കാന്‍ മാത്രമാണ് ടെസ്‌ല പദ്ധതിയിട്ടിരിക്കുന്നത്. ടെസ്‌ലക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനികളുമായി ചര്‍ച്ചകളും നടക്കുന്നുണ്ട്. പ്രതിവര്‍ഷം അഞ്ച് ലക്ഷം വണ്ടികള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനിക്ക് പ്ലാനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കമ്പനിയുടെ പുതിയ ഷോറൂമുകള്‍ ഉടന്‍ തന്നെ ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ തുറക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT