Image : Canva 
Tech

മോഷണം പോയ ഫോണ്‍ ഇനി ഉടന്‍ ബ്ലോക്ക് ചെയ്യാം, തിരിച്ചുപിടിക്കാം

കേന്ദ്രത്തിന്റെ പുതിയ സേവനം മെയ് 17 മുതല്‍; ബ്ലോക്ക് ചെയ്യേണ്ടത് ഇങ്ങനെ

Dhanam News Desk

മൊബൈല്‍ഫോണ്‍ മോഷണം പോയാലോ കളഞ്ഞുപോയാലോ അതിവേഗം ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള സേവനവുമായി കേന്ദ്രസര്‍ക്കാര്‍. ദ സെന്‍ട്രല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്ട്രി (സി.ഇ.ഐ.ആര്‍/CEIR) എന്ന ട്രാക്കിംഗ് സംവിധാനം മെയ് 17 മുതല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സി-ഡി.ഒ.ടി/C-DOT) ആണ് ഈ സംവിധാനം വികസിപ്പിച്ചത്.

എല്ലാ ജില്ലകളിലും സേവനം; ലക്ഷ്യം കുറ്റകൃത്യങ്ങള്‍ തടയല്‍

ഇതിനകം കേരളം അടക്കം 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ തിരഞ്ഞെടുത്ത പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ സേവനം ലഭ്യമാണ്. മെയ് 17 മുതല്‍ രാജ്യത്തെ എല്ലാ ജില്ലകളിലും പദ്ധതി അവതരിപ്പിക്കാനാണ് ശ്രമം.

സി.ഇ.ഐ.ആര്‍ വെബ്‌സൈറ്റിലെ കണക്കുപ്രകാരം ഇതിനകം ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതിയിന്മേല്‍ 4.77 ലക്ഷം ഫോണുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ 2.42 ലക്ഷം ഫോണുകള്‍ ട്രാക്ക് ചെയ്തു. 8,498 എണ്ണം കണ്ടെത്തി തിരിച്ചുപിടിച്ചു.

മോഷ്ടിക്കപ്പെട്ടതോ കളഞ്ഞുകിട്ടിയതോ ആയ ഫോണ്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങടക്കമുള്ള  ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നത് തടയുകയാണ് പുതിയ സേവനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

എങ്ങനെ ബ്ലോക്ക് ചെയ്യാം?

സി.ഇ.ഐ.ആര്‍ വെബ്‌സൈറ്റ് വഴിയോ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമായ 'നോ യുവര്‍ മൊബൈല്‍' (KYM/Know Your Mobile) ആപ്പ് വഴിയോ സ്മാര്‍ട്ട്‌ഫോണ്‍ ബ്ലോക്ക് ചെയ്യാം. ഫോണ്‍ പിന്നീട് കൈവശം കിട്ടിയാല്‍ അണ്‍-ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

ബ്ലോക്ക് ചെയ്യാന്‍ ഫോണിന്റെ ഐ.എം.ഇ.ഐ (IMEI) നമ്പര്‍, ഫോണ്‍ വാങ്ങിയതിന്റെ ബില്‍ എന്നിവ അനിവാര്യമാണ്. ഉടമസ്ഥന്റെ തിരിച്ചറിയല്‍ രേഖകളും അപ്‌ലോഡ് ചെയ്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനും തിരഞ്ഞെടുത്ത് പരാതി കൊടുത്ത് ബ്ലോക്ക് ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന റിക്വസ്റ്റ് ഐ.ഡി (Request ID) ഉപയോഗിച്ച് പരാതിയുടെ തുടര്‍സ്ഥിതി (Status) ചെക്ക് ചെയ്യാനും കഴിയും.

ബ്ലോക്ക് ചെയ്ത ഫോണിന്റെ ലൊക്കേഷന്‍ അധികൃതര്‍ ട്രാക്ക് ചെയ്യും. ഐ.എം.ഇ.ഐ നമ്പറാണ് ബ്ലോക്ക് ചെയ്യുക. അതായത്, മോഷ്ടിച്ചയാള്‍ക്ക് അതില്‍ സിം ഇട്ട് കോള്‍, എസ്.എം.എസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT