ലോകത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ 50 ഇടങ്ങളില്‍ കേരളവും! നിങ്ങള്‍ കാണാതെ പോകരുത് ഈ സ്ഥലങ്ങള്‍

ടൈം മാഗസിന്റെ മനോഹരമായ ഇടങ്ങളുടെ ലിസ്റ്റില്‍ അഹമ്മദാബാദും

Update: 2022-07-14 10:41 GMT

നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നമ്മുടെ വീട്ടിലെ മുതിര്‍ന്നവര്‍ കാണാതെ പോയ മനോഹര ഇടങ്ങളെക്കുറിച്ച്. നമ്മുടെ മുത്തച്ഛനോ മുത്തശ്ശിയോ ഒക്കെ കേരളമെങ്കിലും പൂര്‍ണണായും കണ്ടുതീര്‍ത്തവരായിരിക്കുമോ...ആലോചിച്ച് തലപുകയ്‌ക്കേണ്ട. കേരളത്തിലെ മനോഹരമായ സ്ഥലങ്ങള്‍ പോലും കാണാന്‍ ഭാഗ്യമില്ലാതെ പോയ എത്രപേരുണ്ടെന്നറിയാമോ.

ഇന്ന് സോഷ്യല്‍മീഡിയയിലൂടെയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുമെല്ലാം ആളുകള്‍ നമ്മള്‍ ജീവിക്കുന്ന ലോകത്തെ മനോഹര സ്ഥലങ്ങളെക്കുറിച്ചുള്ള അറിവ് നേടിയവരാണ്.
ആദ്യമായി ഒരു ജോലി കിട്ടിയാല്‍ 'ഇനി പത്തുപൈസ സമ്പാദിക്കണം' എന്നു പറയുന്നവരില്‍ നിന്നും 'ഇനി വേണം ട്രിപ്പ് പോകാന്‍' എന്നു പറയുന്ന രീതിയിലേക്ക് ഇന്നത്തെ തലമുറ മാറിക്കഴിഞ്ഞു.
ലോകത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ 50 സ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന ടൈം മാഗസിന്‍ പട്ടികയില്‍ വരെ കേരളം കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ലിസ്റ്റില്‍ ലോകത്തിലെ ആദ്യത്തെ പൈതൃകനഗരമായി യുനെസ്‌കോ രേഖപ്പെടു്തതിയ അഹമ്മദാബാദും ഇന്ത്യയില്‍നിന്ന് ഇടംപിടിച്ചിട്ടുണ്ട്.
കേരളത്തിന്റെ പ്രകൃതി ഭംഗി മാത്രമല്ല, മനംനിറയ്ക്കുന്ന കടലോരം, സമൃദ്ധമായ കായലോരം, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവയാല്‍ അനുഗൃഹീതമായ കേരളം ഇന്ത്യയിലെ ഏറ്റവും മനോഹര സംസ്ഥാനങ്ങളിലൊന്നെന്നായിരുന്നു ടൈം മാഗസിന്‍ വിലയിരുത്തിയത്. കേരളത്തില്‍ എത്ര മനോഹര സ്ഥലങ്ങളാണ് കണ്ടുതീര്‍ക്കാന്‍. ഇതാ ഒരിക്കലെങ്കിലും കേരളത്തിലെ ഈ സ്ഥലങ്ങള്‍ നിങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം.
കായലുകള്‍

അഷ്ടമുടിക്കായലും പുന്നമടയും വേമ്പനാട്ട് കായലും കാണാതെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാഴ്ചകള്‍ നല്‍കുന്ന സ്ഥലങ്ങള്‍ പൂര്‍ത്തിയാകുവതെങ്ങനെ. കേരളത്തിലെ കായലുകള്‍ കാണാന്‍ മാത്രം ഓരോ സാമ്പത്തിക വര്‍ഷവും 25000 ത്തിലധികം പേര്‍ കേരളത്തിലെത്തുന്നതായാണ് കായലോര ടൂറിസം മേഖലയില്‍ നിന്നുള്ളവരുടെ റിപ്പോര്‍ട്ടുകള്‍. ചെറുവള്ളങ്ങള്‍മുതല്‍ ലക്ഷ്വറി ഹൗസ്‌ബോട്ടും കായല്‍ ബൈക്ക് റൈഡും ചീനവലകളുപയോഗിച്ചുള്ള മീന്‍ പിടുത്തവും കനോ ടൂറിസവുമൊക്കെ ഇതിനോട് ചേര്‍ന്നുകിടക്കുന്നു.

ക്ഷേത്രങ്ങള്‍




തിരുവനന്തപുരത്തെ പത്മനാഭസ്വാമീക്ഷേത്രം മുതല്‍ വയനാട്ടിലെ തിരുനെല്ലിയും കാടാമ്പുഴ ഭഗവതിയും നാലമ്പലവുമെല്ലാം ഉള്‍പ്പെടെ ഏറെ പഴക്കം ചെന്ന ക്ഷേത്രങ്ങളാണ് കേരളത്തിന്റെ മറ്റൊരു പ്രത്യേകത.
കൊട്ടാരങ്ങള്‍
പഴംതമിഴ്പാട്ടുണരും ശ്രുതിയിലുറങ്ങുന്ന കൃഷ്ണപുരം കൊട്ടാരവും തൃപ്പൂണിത്തുറ പത്മനാഭപുരം കൊട്ടാരവും തൃപ്പൂണിത്തുറ ഹില്‍പാലസും കണ്ട് കൊട്ടാരങ്ങളിലൂടെ യാത്ര ചെയ്ത് കേരളത്തിന്റെ പഴമയും പൈതൃകവും തിരിച്ചറിയണം.
ഫോര്‍ട്ട്
കാസര്‍ഗോഡ് ബേക്കല്‍ ഫോര്‍ട്ടും ആഞ്ചലോ ഫോര്‍ട്ടും കാണാതെ മലബാറിന്റെ പെരുമയും ഇന്ത്യയില്‍ കേരളത്തെ വ്യക്തമായി വരച്ചിട്ട ചരിത്ര വഴികളും കാണാനും അറിയാനും കഴിയില്ല.
പള്ളികള്‍


കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദും ഫോര്‍ട്ട് കൊച്ചയിലെ സാന്റാ ക്രൂസ് ബസിലിക്കയും കടല്‍തിരകള്‍ തഴുകി ഉണര്‍ത്തുന്ന അര്‍ത്തുങ്കല്‍ പള്ളിയും മലയാറ്റൂര്‍ പള്ളിയും മലയോര ക്രിസ്ത്യന്‍ സംസ്‌കാരത്തെ കേരള ചരിത്രത്തില്‍ എഴുതിയ ഇടുക്കിയിലെയും മൂന്നാറിലെയും പള്ളികളും കാണേണ്ട കാഴ്ചകളാണ്.

കടല്‍തീരങ്ങള്‍



ആലപ്പുഴ, മാരാരി, കോഴിക്കോട്, പയ്യാമ്പലം, കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ച് അങ്ങനെ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം എന്നു പറഞ്ഞു പോകുന്ന കാഴ്ചകള്‍. കൂടെ മധുരം നുകരാന്‍ കോഴിക്കോടന്‍ മിഠായിത്തെരുവും.
തേയിലത്തോട്ടവും കുന്നുകളും
വാഗമണ്ണും മൂന്നാറും റാണിപുരവും ഉള്‍പ്പെടുന്ന കേരളത്തിലെ കണ്ടുതീര്‍ക്കാനാകാത്ത മനോഹാരിത ഒളിപ്പിച്ച കുന്നുകളെയും കാണണം.
ഡാം വൈവിധ്യം
ബാണാസുര സാഗറും ഇടുക്കി ഡാമും കാണാതെ മലയാളി എങ്ങനെ മലയാളിയാകും. ഇനിയും തീര്‍ന്നില്ല ഡാമുകള്‍. ഉരുക്കിന്റെ കരുത്തോടെ കേരളത്തിന്റെ വൈവിധ്യങ്ങള്‍ക്ക് വെള്ളവും വളവും പകരുന്ന ഇടങ്ങളേറെ.
കാഴ്ചകളുടെ വൈവിധ്യവും മനോഹാരിതയും ഇവിടെ തീരുന്നില്ല. കേരളത്തെ വിസ്മയങ്ങളുടെ പറുദീസയാക്കുന്ന ഇടങ്ങള്‍ ഇനിയുമുണ്ട്. നിങ്ങള്‍ കണ്ട മനോഹര സ്ഥലങ്ങള്‍ പങ്കുവയ്ക്കൂ.
e-mail: dhanam20@gmail.com


Tags:    

Similar News