പ്രേരണ; അധ്യായം-03
ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്ന വായനക്കാരെ ത്രസിപ്പിക്കുന്ന അനുഭവങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ബിസിനസ് നോവല്‍ 'പ്രേരണ'ധനം ഓണ്‍ലൈനില്‍ വായിക്കാം.
വെസ്റ്റ് മിന്‍സ്റ്ററിലെ ഹൗസസ് ഓഫ് പാര്‍ലമെന്റിലാവണം വിക്ടോറിയന്‍ മലയാളി എന്ന മലയാളം ഓണ്‍ലൈന്‍ പത്രത്തിന്റെ അവാര്‍ഡ്ദാന ചടങ്ങ് എന്നത് ചീഫ് എഡിറ്റര്‍ ഡെന്നിയുടെ നിര്‍ബന്ധമായിരുന്നു. യു.കെയിലെ മാത്രമല്ല, കേരളത്തിലെയും മലയാളികളെ ഈ പുരസ്‌കാരത്തിന് പരിഗണിക്കും എന്നത് അദ്ദേഹത്തിന്റെ വിശാല ചിന്താഗതിക്ക് ഉദാഹരണം. പരിഗണിക്കേണ്ട വ്യക്തികള്‍ അവരവരുടെ മേഖലകളില്‍ എന്തെങ്കിലും കാര്യമായ സേവനം സമൂഹത്തിന് നല്‍കിയവരായിരിക്കണം എന്നതാണ് നിബന്ധന.
സേവനം എന്ന വാക്കിന്റെ നിര്‍വചനം നല്കുന്നത് അവാര്‍ഡ് നിര്‍ണയിക്കുന്ന വിധികര്‍ത്താക്കള്‍ ആയിരിക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഈ നാലാള്‍ കമ്മിറ്റിയില്‍ എല്ലാം സുതാര്യം, സുരക്ഷിതം.
''പ്രോഗ്രാമിനുള്ള ടിക്കറ്റ് മെയില്‍ ചെയ്തിട്ടുണ്ട്. ഈ ചടങ്ങില്‍ പങ്കെടുക്കാതിരിക്കരുത്. വിക്ടോറിയന്‍ മലയാളിയുടെ ഏറ്റവും ജനസമ്മതിയുള്ള പംക്തി കൈകാര്യം ചെയ്യുന്നത് ജീവനാണെന്നത് മറക്കരുത്.'' - ഡെന്നിയുടെ സൗമ്യമായ ഓര്‍മ്മപ്പെടുത്തല്‍.
ഇത്തരം ഇടപാടുകളോട് മമതയില്ലെങ്കിലും പോകാതിരിക്കാന്‍ കഴിയില്ല എന്നുറപ്പായിരുന്നു. എല്ലാ വെള്ളിയാഴ്ചയും ചെയ്യുന്ന കോളത്തിന് പ്രതിഫലമായി നാനൂറ് പൗണ്ട് പ്രതിമാസം അക്കൗണ്ടില്‍ വരവ് വയ്ക്കപ്പെടുന്നുണ്ട്. പുരസ്‌കാരദാന ചടങ്ങിനേക്കാളും, അതിനോടനുബന്ധിച്ച് നടക്കുന്ന നെറ്റ്വര്‍ക്കിംഗിനേക്കാളും ഉപരിയായി ഹൗസസ് ഓഫ് പാര്‍ലമെന്റ് കാണാന്‍ കിട്ടുന്ന അവസരം പാഴാക്കേണ്ടതില്ല എന്ന കരുതി.
ലണ്ടനിലെത്തിയിട്ട് ഇതുവരെ പാര്‍ലമെന്റിനകത്ത് കയറാന്‍ കഴിഞ്ഞിരുന്നില്ല - ശ്രമിച്ചിരുന്നുമില്ല.
ടിക്കറ്റിനൊപ്പം അയച്ചുതന്ന പട്ടികയില്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന ഇരുപത് പേരുടെ ചിത്രങ്ങളും വിവരണവും. വായനക്കാര്‍ക്ക് ഇവരുടെ ജീവചരിത്രവും ഇവര്‍ ചെയ്ത സേവനങ്ങളുടെ വിവരണവും വായിച്ച് വോട്ട് രേഖപ്പെടുത്താം. അവാര്‍ഡ് നിര്‍ണയത്തില്‍ ഇരുപത് ശതമാനം മുന്‍ഗണന വായനക്കാര്‍ നല്‍കുന്ന വോട്ടിനാണ്. എന്തായാലും വോട്ടിംഗ് വന്നതോടെ വിക്ടോറിയന്‍ മലയാളിയുടെ വാര്‍ത്താപ്രാധാന്യം വീണ്ടും ഉയര്‍ന്നു.
പത്രത്തിന്റ വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്തു. 'ഈയാഴ്ച നിക്ഷേപിക്കാവുന്ന 5 ഇന്ത്യന്‍ ഓഹരികള്‍!' എന്ന തലക്കെട്ടില്‍ വന്ന ലേഖനമാണ് ആദ്യം കണ്ണില്‍പെട്ടത്. കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഈ കോളത്തില്‍ പറഞ്ഞിരുന്ന ഓഹരികളില്‍ ആറെണ്ണം അറുപത് ശതമാനത്തിന് മുകളിലും നാലെണ്ണം ഇരുപത് ശതമാനത്തിന് മുകളിലും വളര്‍ച്ച കൈവരിച്ചിരിക്കുന്നത് ലേഖനത്തിന്റ ഇടത് വശത്തു ബ്‌ളര്‍ബില്‍ രേഖപ്പെടുത്തിയിരിക്കുന്നു !
എഴുതിയ ആള്‍ ഇതൊന്നും കാര്യമാക്കിയിട്ടില്ലെങ്കിലും, പത്രാധിപര്‍ അത് ശ്രദ്ധിച്ചിരിക്കുന്നു. വിക്ടോറിയന്‍ മലയാളിയുടെ പ്രചാരത്തിനു കാരണം ഡെന്നിയുടെ ഈ നിതാന്ത ശ്രദ്ധ തന്നെ. ബിസിനസിലുള്ള പൂര്‍ണ സമര്‍പ്പണം. ഒപ്പം നിരന്തരമായ നെറ്റ്വര്‍ക്കിംഗ്. വിക്ടോറിയന്‍ മലയാളിയില്‍ കോളം ആരംഭിച്ചതും ഡെന്നിയുടെ താല്പര്യത്തിലായിരുന്നു. ഓഹരി വിപണിയിലെ നിക്ഷേപത്തെക്കുറിച്ച് ഒരിക്കല്‍ നിര്‍ബന്ധപൂര്‍വം ചോദിച്ചു വാങ്ങിച്ച ലേഖനം പിന്നീട് പംക്തിയായി മാറുകയായിരുന്നു.
ബിഗ്ബെന്‍ എന്ന തലയെടുപ്പുള്ള പ്രൗഢഗംഭീരമായ ഘടികാരം ദൂരെനിന്നേ കണ്ടു. യു.കെയില്‍ എത്തുന്ന ടൂറിസ്റ്റുകളെ ഏറ്റവുമധികം ഹരം കൊള്ളിക്കയും അവരുടെ കാമറ ക്ലിക്കുകള്‍ സ്വന്തമാക്കുകയും ചെയ്യുന്ന കേന്ദ്രം. ഈ ക്ലോക്ക് നേരില്‍ കാണുന്നതിനു മുന്‍പുതന്നെ ഇതിനെക്കുറിച്ച് ശ്രദ്ധിക്കാന്‍ ഒരു കാരണമുണ്ട്. വെസ്റ്റ് മിന്‍സ്റ്റര്‍ കൊട്ടാരം തീപിടിച്ചു ചാമ്പലായിരുന്നു 1834-ല്‍. എന്നാല്‍ ഈ തകര്‍ച്ചയില്‍ മനസിടിയാതെ, മനം മടുക്കാതെ അന്നത്തെ ഭരണാധികാരികളും ജനതയും പാര്‍ലമെന്റ് ഹൗസിന് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള ഒരു കെട്ടിട സമുച്ചയവും ക്ലോക്ക് ടവറും വേണമെന്നു തീരുമാനിക്കുകയായിരുന്നു.
ക്ലോക്കുകള്‍ വൈന്‍ഡിംഗില്‍നിന്നും ബാറ്ററിയിലേക്കും സോളാറിലേക്കും ഡിജിറ്റലിലേക്കുമൊക്കെ പിന്നീട് മാറി! സ്മാര്‍ട്ട് ഫോണ്‍ വന്നതോടെ പുതിയ തലമുറ വാച്ചും ക്ലോക്കും ഒരു അധികപ്പറ്റായി കണ്ടു തുടങ്ങിയപ്പോഴും ബിഗ്ബെന്‍ ലോകമെമ്പാടുമുള്ള ജനതയെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു. സ്വപ്നങ്ങള്‍ അവശേഷിച്ചാല്‍ ചാരത്തില്‍നിന്നുപോലും ഉയര്‍ത്തെഴുന്നേല്‍ക്കാം എന്ന സന്ദേശവുമായി. ഇത്തരത്തിലുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനായി ആഗ്രഹിച്ച് നടന്ന നാളുകളിലാവണം ബിഗ്ബെന്നിന്റെ കഥ വല്ലാതെ ആകര്‍ഷിച്ചത്.
ആറരയ്ക്ക് തുടങ്ങേണ്ട പരിപാടിക്ക് ആറ് മണിക്കേ എത്തി.
മധുരമില്ലാത്ത വൈനിന്റെ രുചിയും സോഡയുടെ തരിപ്പുമുള്ള ഷാംപെയിന്‍ നിറച്ച ചഷകവുമായി ഹാളില്‍ കയറി. ടേബിള്‍ നമ്പര്‍ പത്തൊന്‍പതില്‍ എത്തണം. മലയാളികള്‍ക്ക് പുറമെ, വടക്കേ ഇന്ത്യക്കാരും വെളുത്ത വര്‍ഗക്കാരും കറുത്ത വര്‍ഗക്കാരും ഹാളില്‍ ഉണ്ട്.
ഹാളിന്റെ കൃത്യമായ പരിച്ഛേദം ആയിരുന്നു ടേബിള്‍ പത്തൊന്‍പത്. രണ്ട് കറുത്ത വര്‍ഗക്കാര്‍ മൂന്ന് ഈസ്റ്റേണ്‍ യൂറോപ്യന്‍സ്, പിന്നെ പ്രഥമ ധൃഷ്ട്യാ തന്നെ മലയാളി ഭാര്യ-ഭര്‍ത്താക്കന്മാര്‍ എന്ന് തോന്നിപ്പിക്കുന്ന രണ്ടുപേര്‍. തലമുടി അല്‍പ്പം ചുരുണ്ട് ഇരുനിറക്കാരനായ ചെറുപ്പക്കാരന്‍. ഒപ്പം ആകര്‍ഷകമായ സാരിയില്‍ മുഖത്ത് ആഢ്യത്വം തുളുമ്പുന്ന സ്ത്രീ.
എട്ട് പേരുടെ ടേബിള്‍. മദ്യ ചഷകങ്ങള്‍ ''ചിയേര്‍സ്'' വിളികളില്‍ കൂട്ടി മുട്ടുന്നു. ''വീഞ്ഞ് നമ്മുടെ നാവിന്റെ കെട്ടഴിക്കാന്‍ ഇട വരുത്തരുത്.''- അപ്പന്റെ വാക്കുകള്‍ കാതില്‍! എടുത്ത ഷാംപെയിന്‍ ഗ്ലാസ് പരിപാടി തീരുവോളം കൈവശം വയ്ക്കുക, ഭക്ഷണം കഴിക്കുക, ഡെന്നിയെക്കണ്ട് ഹാജര്‍ വയ്ക്കുക ഇത്രമാത്രമായിരുന്നു ഉദ്ദേശ്യം.
ടേബിളില്‍ സ്റ്റാര്‍ട്ടേഴ്സ് വന്നുകഴിഞ്ഞിരുന്നു. ഫിഷ് ഫിംഗേഴ്സില്‍ തുടങ്ങാം എന്നു കരുതിയപ്പോഴേക്കും മലയാളി എന്നു കരുതിയ ആള്‍ അതെടുക്കാന്‍ കാത്തിരിക്കുന്നു. പാത്രം നല്‍കി നന്ദി പറയുമ്പോള്‍ ശ്രദ്ധിച്ചു. അയാളുടെ ഭാര്യയെന്നു കരുതിയ ആള്‍ പരിചയമുള്ള ആളെ എന്നപോലെ ശ്രദ്ധിക്കുന്നു.
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരെത്തും പിടിയും കിട്ടുന്നില്ല. നോട്ടം സ്റ്റേജിലേക്കും ഇതരടേബിളുകളിലേക്കും പായിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചു. ഇവിടുന്ന് എഴുന്നേറ്റ് നടന്നാലോ? മറ്റാരോ എന്നു തെറ്റിദ്ധരിച്ചാണെങ്കില്‍, ഒരു ചോദ്യത്തിലൂടെ ആശങ്ക തീര്‍ത്തുകൂടെ? മേശയ്ക്ക് ചുറ്റും ഇരമ്പുന്ന സംസാരം. ഇപ്പോള്‍ അവള്‍ അയാളോട് എന്തോ പതിയെ സംസാരിക്കുന്നതു കാണാം ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ ഒന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ല.
''ജീവന്‍ കൃത്യസമയത്ത് എത്തിയല്ലേ?''
ചുമലില്‍ ഡെന്നിയുടെ കൈ. പേര് കേട്ടതോടെ അവളുടെ കണ്ണുകളും വിടര്‍ന്നുവോ? എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടെന്നമട്ടില്‍ ഡെന്നിയുടെ കൈകള്‍ തോളില്‍ ശക്തമായി അമര്‍ന്നു. ''ഡെന്നീ ഒരു മിനിട്ട്.'' അടുത്ത ടേബിളില്‍നിന്നുമാണ്. പിന്നെക്കാണാം എന്നു പറഞ്ഞു ഡെന്നി അങ്ങോട്ടേക്ക് നടന്നു. ജീവന്‍ എന്ന പേര് കേട്ടപ്പോള്‍ അവളുടെ കണ്ണുകളില്‍ വന്ന മാറ്റം. രൂപവും പേരും ചേരുന്നുവെന്നോ?
കണ്ണുകള്‍ മറ്റ് ടേബിളുകളിലേക്ക് പായിക്കാന്‍ വീണ്ടും ശ്രമം നടത്തി. അവര്‍ ഇരുവരും എഴുന്നേല്‍ക്കുകയാണ്, പുറത്തേയ്ക്കായിരിക്കണം. ബ്രിട്ടീഷ് ഉച്ഛാരണത്തില്‍ ഒഴുകിവരുന്ന അവതാരകയുടെ ശബ്ദം. ഹാളിന്റെ വിവിധ മൂലകളില്‍ വച്ചിരിക്കുന്ന വലിയ സ്‌ക്രീനുകളില്‍ അവതാരക പ്രതിപാദിക്കുന്നവരുടെ ഫോട്ടോ, അവര്‍ സമൂഹത്തിനു ചെയ്തു എന്നു പറയപ്പെടുന്ന സേവനങ്ങളുടെ ഡോക്യുമെന്ററി.... ആവര്‍ത്തിച്ചു കേള്‍ക്കുന്നത് അലോസരമുണ്ടാക്കുന്നു. ഡെന്നിയെ കണ്ടുകഴിഞ്ഞു. ഒപ്പം ബിഗ് ബെന്നും പാര്‍ലമെന്റ് ഹൗസും! മടങ്ങിയാലോ?
എഴുന്നേറ്റു ഹാളിനു വെളിയിലെത്തി. കാത്തു നില്‍ക്കുന്നതുപോലെ നേരത്തേ കണ്ട പുരുഷനും സ്ത്രീയും!
അയാള്‍ അടുത്തെത്തി ചോദിച്ചു.
''വീട്?''
''കോട്ടയത്ത.''
കോട്ടയത്ത് എവിടെ എന്ന ചോദ്യം പ്രതീക്ഷിച്ചതാണ്. എന്നാല്‍, ഒന്നും ചോദിക്കാതെ അയാള്‍
കാര്‍ഡ് നീട്ടി.
യുകെയില്‍ ഒരു കമ്പനി നടത്തുകയാണെന്ന് അയാള്‍ പറഞ്ഞു. കാര്‍ഡിലേയ്ക്ക് കണ്ണോടിച്ച്പോക്കറ്റില്‍നിന്ന് ബിസിനസ് കാര്‍ഡെടുത്ത് അയാള്‍ക്ക് നല്‍കി.
ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി ഓര്‍ക്കുന്നു. ആ കാര്‍ഡ് അയാള്‍ക്ക് നല്‍കിയതിന്റെ പിറ്റേ ആഴ്ചയിലാണ് കത്ത് വന്നത്. അന്ന് ലഭിച്ച ആ കത്താണ് വീണ്ടും മുംബെയില്‍ എത്തിച്ചത്. എന്തൊക്കെയോ ചിലത് പൂരിപ്പിക്കാനായി വിട്ടുകിടക്കുന്നു എന്ന് എത്രയോ നാളായി അറിയുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും പിടിതരാതെ ഒരു പ്രഹേളികയെന്നോണം തന്നോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ആ കത്തുകിട്ടിയപ്പോള്‍ ഉത്തരം കിട്ടി എന്നുതന്നെ കരുതിയതാണ്. എന്നിട്ടിപ്പോള്‍? ഒരുപക്ഷേ അവ ഈ പെന്‍ഡ്രൈവില്‍ കാണുമോ.
പെന്‍ഡ്രൈവ് കൈവശം കരുതിയ ബാഗ്, ഹാന്‍ഡ്ബാഗ് ആയി കൊണ്ടുവരാമെന്ന സൗകര്യത്തില്‍ അവസാന നിമിഷം ലാപ്‌ടോപ്പ് എടുക്കാതെ പോയ ബുദ്ധിമോശത്തെക്കുറിച്ചോര്‍ത്തു. ഇവിടെ അടുത്ത് ഇന്റര്‍നെറ്റ് കഫേ ഉണ്ടാകുമോ എന്ന് റിസെപ്ഷനിസ്റ്റിനോട് ചോദിച്ചു. ഇടതുവശം ചേര്‍ന്ന് അഞ്ചു മിനിട്ട് നടന്നാല്‍ കഫേയില്‍ എത്താമെന്ന മറുപടിയില്‍ അങ്ങോട്ടേക്ക് നടക്കാന്‍ തുടങ്ങിയതാണ്. താങ്കള്‍ പോകുന്നതിന് മുമ്പ് അയാള്‍ വന്ന് കണ്ടിരിക്കും എന്ന വാക്കുകള്‍ ഓര്‍മയില്‍ വന്നു. ഇത്ര കൃത്യമായി ഇവിടെ വന്ന് ഇത് നല്‍കിയ ആള്‍ തീര്‍ച്ചയായും കാണാന്‍ വരും. പോകുന്നത് അബദ്ധമായേക്കും.
മുറിയിലേക്ക് തിരികെ നടക്കും മുന്‍പ്റി സപ്ഷനിസ്റ്റിനെ ഓര്‍മിപ്പിച്ചു. അന്വേഷിച്ച് ആര് വന്നാലും അപ്പോള്‍ തന്നെ അറിയിക്കണം.
കാലത്ത് ആറുമണിക്ക് എങ്കിലും വൈ.എം.സി.എയില്‍നിന്നു പുറപ്പെടേണ്ടതിനാല്‍, ടാക്‌സി ഇപ്പോള്‍ തന്നെ പറയണോ എന്ന സന്ദേഹത്തിലാണ് കൗണ്ടറില്‍ ടാക്സി സൗകര്യം ലഭിക്കുമോ എന്നു തിരക്കിയത്. പുറത്തു ടാക്സി ഉണ്ടാകും. വേണ്ടപ്പോള്‍ പറഞ്ഞാല്‍ മതിയെന്ന് റിസപ്ഷനില്‍ ഇരുന്നയാള്‍ ഉത്സാഹത്തോടെ പറഞ്ഞു.
അഞ്ച് മണിക്ക് ഒരു വേയ്ക്ക് അപ് കോള്‍ വേണം, ബില്ലും റെഡിയാക്കണം. രജിസ്റ്ററില്‍ അയാള്‍ റൂം നമ്പരും സമയവും കുറിച്ചു.
കട്ടിലില്‍ കിടന്നു, ഏതു സമയവും റിസപ്ഷനില്‍നിന്നും അയാളുടെ വരവറിയിച്ചുള്ള ഒരു കോളും പ്രതീക്ഷിച്ച്.
ബെല്ലടിച്ചപ്പോള്‍ ചാടിയെഴുന്നേറ്റ് പാതി ബോധത്തോടെ റിസീവര്‍ എടുത്തു.
'സാര്‍ വേക്ക് അപ് കോള്‍'
ഞെട്ടിപ്പോയി.
'വാട്ട്സ് ദ ടൈം?'
'പാഞ്ച് ബജേ സര്‍' മൊബൈല്‍ എടുത്തു നോക്കി. അഞ്ച് മണിക്ക് നാല് മിനിട്ട് മാത്രം ബാക്കി. സ്റ്റെയര്‍ കേസ് ഇറങ്ങി താഴേക്കു ചെന്നു. റിസപ്ഷനില്‍ ആളു മാറിയിട്ടില്ല.
ആരെങ്കിലും വന്നിരുന്നോ എന്ന ചോദ്യത്തിന് ഇതുവരെ ആരും വിളിക്കുകയോ വരികയോ ചെയ്തില്ലെന്ന് മറുപടി പറഞ്ഞു.
റിസപ്ഷനിസ്റ്റ് കൃത്യമായി കാര്യങ്ങള്‍ ഓര്‍ത്തുവച്ചിരിക്കുന്നു. ബില്‍ റെഡിയാക്കാന്‍ പറഞ്ഞുകൊണ്ട് മുറിയിലേയ്ക്ക് ഓടി. തയ്യാറായി പെട്ടെന്നു ഇറങ്ങണം.
ബാഗ് വലിച്ചുവാരിയിട്ടിരിക്കുന്നു. ഒരു വിധത്തില്‍ എല്ലാം പെറുക്കി അകത്തിട്ടു. താഴെയെത്തുമ്പോഴേക്കും ബില്‍ റെഡിയായിരുന്നു. റിസപ്ഷനിസ്റ്റിന് പണമായി ടിപ്പ് നല്കിയതിനു ശേഷമാണ് ബില്‍ തുക കാര്‍ഡ് ഉപയോഗിച്ച് സെറ്റില്‍ ചെയ്തത്. ഉറക്കച്ചടവുണ്ടെങ്കിലും ആ കണ്ണുകള്‍ തിളങ്ങി. ഇതുതന്നെ അവസരം. ഇ-മെയില്‍ അഡ്രസ് എഴുതിയെടുക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഒരു ഡയറിയില്‍, പറഞ്ഞ അഡ്രസ് ശ്രദ്ധാപൂര്‍വം കുറിച്ചെടുത്തു.
തീര്‍ച്ചയായും കാണാന്‍ വരാമെന്നു പറഞ്ഞയാള്‍ വരാതിരിക്കില്ല. അയാള്‍ക്കു നല്‍കാനും അയാളില്‍നിന്ന് എന്തു വിവരം കിട്ടിയാലും അറിയിക്കാനുമാണ് ഇ-മെയില്‍ വിലാസം. പക്ഷേ, ഇയാള്‍ ഡ്യൂട്ടിയില്‍നിന്നു മാറുന്ന സമയത്താണ് ആള്‍ വരുന്നതെങ്കിലോ എന്ന സംശയം അയാളോട് തന്നെ ചോദിച്ചു.
അടുത്ത രണ്ട് ദിവസംകൂടി ഞാന്‍ തന്നെയായിരിക്കും ഡ്യൂട്ടിയില്‍ എന്ന റിസപ്ഷനിസ്റ്റിന്റെ മറുപടി കേട്ടപ്പോള്‍ സമാധാനമായി. വരാമെന്നു പറഞ്ഞയാള്‍ യഥാര്‍ഥത്തില്‍ വരാനാണെങ്കില്‍ ഈ സമയത്തിനകം വന്നിരിക്കും. താങ്കളില്‍നിന്ന് എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ ഞാന്‍ ഇവിടെ വരുമെന്നു പറഞ്ഞത് അയാളിലെ പ്രതീക്ഷ നിലനിര്‍ത്താന്‍ കൂടിയാണ്.
ബില്‍ ഒരു കവറിലിട്ട് നല്കി അയാള്‍ പുറത്തേക്കോടി, ഗേറ്റിനു മുന്നില്‍ കിടന്ന ടാക്സിക്കാരനെ ഉണര്‍ത്തി.
'ആപ് കേ ലിയേ ഏക് എയര്‍പോര്‍ട്ട് സവാരി. സാബ് റെഡി ഹേ. ഉഠോ, ഉഠോ' ഡ്രൈവര്‍ പ്ലാസ്റ്റിക് കുപ്പിയില്‍നിന്നും വെള്ളം വായിലെടുത്ത് കുലുക്കുഴിഞ്ഞു. മുഖം കഴുകി.
വൈ.എം.സിഎയുടെ റിസപ്ഷനില്‍ നിന്നാല്‍ കാഴ്ചകള്‍ വ്യക്തം. താങ്കളുടെ പേര് ചോദിക്കാന്‍ മറന്നുവെന്ന് റിസപ്ഷനിസ്റ്റിനോട് ക്ഷമാപണസ്വരത്തിലാണ് പറഞ്ഞത്.
'മഹേഷ്,' വൈ.എം.സി.എയുടെ ഒരു കാര്‍ഡ് എടുത്തുകൊണ്ട് അയാള്‍ എന്തോ എഴുതി.
'യേ മേരാ പേഴ്സനല്‍ നമ്പര്‍ ഹേ സാബ്'
കാര്‍ഡ് വാങ്ങി പോക്കറ്റിലിട്ടു.
സ്യൂട്ട്കെയ്സ് ഡ്രൈവര്‍ വാങ്ങി. മഹേഷും കാറിനടുത്തേക്കു വന്നു. ഡാഷ് തുറന്ന്, ഡ്രൈവര്‍ ഒരു പാന്‍ കവര്‍ എടുത്തു പൊട്ടിച്ച് വായിലിട്ടു. വണ്ടി സ്റ്റാര്‍ട്ട് ആയി.
'മഹേഷ് ബൈ ബൈ'
പേര് വിളിച്ച് യാത്രപറഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ കണ്ണുകള്‍ തിളങ്ങി. പ്രതീക്ഷിച്ചതിലും വേഗത്തില്‍ വണ്ടി പാഞ്ഞു. കഴിഞ്ഞകാല മുംബെ ജീവിതം മനസില്‍ ഓടിയെത്തി. തിക്കിലും തിരക്കിലും പെട്ട് നട്ടം തിരിഞ്ഞിരുന്ന ഡ്രൈവുകള്‍.
മുംബെ ഉണര്‍ന്നു വരുന്നതേയുള്ളൂ. അല്ലെങ്കില്‍ ഇതാകില്ല വഴിയിലെ പുകില്. ഈ സമയത്തുള്ള സവാരി ഡ്രൈവറും ആസ്വദിക്കുന്നതുപോലെ തോന്നി.
ലണ്ടനില്‍നിന്നും പുറപ്പെടുമ്പോള്‍ എന്തൊക്കെയോ ചിലത് മുംബെയില്‍ കാത്തിരിക്കുന്നു എന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ കുറെ നാളുകളായി ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഈ മുംബെ യാത്ര ഉത്തരം നല്‍കുമെന്നു കരുതി. പക്ഷേ, സംഭവിച്ചതോ. ഏറെ പ്രതീക്ഷകള്‍ നല്കിയ കത്ത് പിടിപ്പുകേടുകൊണ്ട് നഷ്ടമായി. കത്തെഴുതിയ ആളെ കണ്ടുമുട്ടാമെന്ന ദൃഢവിശ്വാസവും വെള്ളത്തിലായി. ഒടുവില്‍ കാണാന്‍ വന്നയാള്‍, കൃത്യം ഭക്ഷണം കഴിക്കാന്‍ പുറത്തു പോയപ്പോള്‍ എത്തിയിരിക്കുന്നു.
ഫോണ്‍ നമ്പരോ, വിസിറ്റിംഗ് കാര്‍ഡോ നല്‍കാന്‍ അയാള്‍ കൂട്ടാക്കിയില്ല എന്നത് വിസ്മയിപ്പിക്കുന്നു. ഒരു പെന്‍ഡ്രൈവ് മാത്രം നല്‍കിക്കൊണ്ട്. പോകുംമുന്‍പ് വന്നു കാണുമെന്ന് റിസപ്ഷനിസ്റ്റിന് വാക്കു കൊടുത്തതല്ലാതെ അയാള്‍ വന്നതേയില്ല. ബാങ്ക് രണ്ടു നാള്‍ കൂടി അവധി അനുവദിച്ചു തന്നിരുന്നെങ്കില്‍ തിരിച്ചു പോകാന്‍ മുന്‍കൂട്ടി എടുത്ത വിമാന ടിക്കറ്റ് റദ്ധ്ക്കാമായിരുന്നു. മുംബെയ്ക്ക് ഒരു മടക്കം ഉടന്‍ ഉണ്ടായേക്കുമെന്ന് മനസ്സ് മന്ത്രിയ്ക്കുന്നു.
ഒരു കത്ത് കിട്ടിയതിന്റെ പേരില്‍ എടുത്തുചാടി ഇത്ര ദൂരം യാത്ര ചെയ്യേണ്ടിയിരുന്നോ? ഓര്‍ക്കുന്തോറും മനസാകെ കലങ്ങിമറിയിയുന്നു. ഇനിയുള്ള പിടിവള്ളി പെന്‍ഡ്രൈവാണ്. ഈ യാത്ര വെറുതെയായില്ല എന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം! പോക്കറ്റില്‍ തപ്പി നോക്കി പെന്‍ഡ്രൈവ് ഉണ്ടെന്ന് ഉറപ്പു വരുത്തി. ഇതൊക്കെ യാദൃശ്ചിക സംഭവങ്ങള്‍ മാത്രമാണോ? ജീവിതത്തിലെ ഒട്ടേറെ വഴിത്തിരിവുകളില്‍ പകച്ചുനിന്നിട്ടുള്ളതും അവിടെയെല്ലാം പുതുവഴികള്‍ തുറന്നുകിട്ടിയതും ഓര്‍ത്തുനോക്കി.
ഇരുളിന്റെ നീണ്ട ഇടനാഴിക്കൊടുവില്‍ വെളിച്ചമുണ്ടാകുമെന്നതായിരുന്നു എന്നത്തേയും ആത്മവിശ്വാസം. ആകാശം അകലെ വെളുത്തുതുടങ്ങുന്നതേയുള്ളൂ.. മുംബെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്ക് രണ്ട് കിലോമീറ്റര്‍ എന്ന ബോര്‍ഡ് കണ്ടു.