യു.എ.ഇയില്‍ ജോലി നോക്കുകയാണോ? ഇനി സോഷ്യല്‍ മീഡിയയിലും മാന്യനാകണം!

ജോലിക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇനി കമ്പനികള്‍ പരിശോധിക്കും; നടപടികള്‍ക്ക് തുടക്കമിട്ട് മലയാളി കമ്പനിയും

Update: 2023-05-17 05:25 GMT

Image : Canva

പ്രവാസി മലയാളികളുടെ പറുദീസയാണ് യു.എ.ഇ. 2022ലെ കണക്കുപ്രകാരം ഏകദേശം 30 ലക്ഷത്തോളം ഇന്ത്യക്കാര്‍ യു.എ.ഇയിലുണ്ട്. അതില്‍ 10 ലക്ഷത്തോളവും മലയാളികളാണ്. ഇപ്പോഴും യു.എ.ഇയില്‍ ജോലിക്കായി ശ്രമിക്കുന്ന  മലയാളി യുവാക്കൾ നിരവധി.

എന്നാല്‍, ഇനി മുതല്‍ യു.എ.ഇയിലെ ജോലിക്ക് മികച്ച വിദ്യാഭ്യാസവും ഭാഷാപ്രാവീണ്യവും (കമ്മ്യൂണിക്കേഷന്‍ സ്‌കില്‍) മാത്രം പോര; സോഷ്യല്‍ മീഡിയയിലും മാന്യനാകണം. ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികളുടെ സ്വഭാവവും വിലയിരുത്തുന്ന നടപടിക്രമങ്ങളുടെ ഭാഗമായി അവരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിലെ പോസ്റ്റുകളും കമന്റുകളും മറ്റും പരിശോധിച്ച് മാര്‍ക്കിടാന്‍ തുടങ്ങിയിരിക്കുകയാണ് നിരവധി യു.എ.ഇ കമ്പനികള്‍.
മുന്നില്‍ മലയാളി കമ്പനിയും
പ്രമുഖ പ്രവാസി മലയാളി വ്യവസായിയും ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ സോഹന്‍ റോയ് സ്ഥാപക ചെയര്‍മാനും സി.ഇ.ഒയുമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസും ഉദ്യോഗാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. കമ്പനി ജീവനക്കാരെ കുടുംബം പോലെയാണ് കാണുന്നതെന്നും ആ സാഹചര്യത്തില്‍ മികച്ച വ്യക്തിത്വമുള്ളവരെ മാത്രമേ ഉള്‍ക്കൊള്ളാനാകൂ എന്നും സോഹന്‍ റോയ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
മികച്ച ജീവനക്കാരെ നിയമിക്കുന്നത് നിരവധി നടപടിക്രമങ്ങളിലൂടെയാണ്. ഉയര്‍ന്ന മാര്‍ക്ക് മാത്രമല്ല, സ്വഭാവഗുണവും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയടക്കം 25 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള ഏരീസ് ഗ്രൂപ്പില്‍ 2,200ഓളം ജീവനക്കാരുണ്ട്.
പുതിയ ജീവനക്കാരെ തേടുന്ന കമ്പനികള്‍ റിക്രൂട്ടിംഗ് സ്ഥാപനങ്ങളോടും ഉദ്യോഗാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വിലയിരുത്തി മികവ് പുലര്‍ത്തുന്നവരുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലിങ്ക്ഡ്ഇന്‍ (LinkedIn) പോലെയുള്ള സാമൂഹിക മാദ്ധ്യമങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫഷണലിസം (Professionalism) പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
യു.എ.ഇയും സോഷ്യല്‍ മീഡിയയും
ലോകത്ത് സാമൂഹിക മാദ്ധ്യമങ്ങളില്‍ ഏറ്റവുമധികം വ്യാപൃതരായവരുള്ളത് (Most Connected) യു.എ.ഇയിലാണെന്നും പത്തില്‍ 9.55 സ്‌കോറോടെ ലോകത്തിന്റെ 'സോഷ്യല്‍ മീഡിയ തലസ്ഥാനം' എന്ന പട്ടം യു.എ.ഇ കരസ്ഥമാക്കിയെന്നും റെസിഡന്‍ഷ്യല്‍ വി.പി.എന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രോക്‌സിറാക്ക് (Proxyrack) അടുത്തിടെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ജനസംഖ്യയേക്കാള്‍ അധികമാണ് യു.എ.ഇയില്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം.
ഇന്റര്‍നെറ്റ് കണക്ഷന്‍, ലഭ്യത, വേഗത എന്നിവയിലെല്ലാം ലോകത്ത് മുന്‍പന്തിയിലാണ് യു.എ.ഇ. രാജ്യത്ത് സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും സ്വാധീനം ഏറെ പ്രധാനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പുതുതായി ജോലി അന്വേഷിക്കുന്നവരുടെ സോഷ്യല്‍ മീഡിയയിലെ 'സ്വഭാവവും' കമ്പനികള്‍ വിലയിരുത്തുന്നത്.
Tags:    

Similar News